ഇന്ത്യാവിഷനിലൂടെ ദൃശ്യ മാധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസിലും ജയ്ഹിന്ദിലും പ്രവര്‍ത്തിച്ചു ! മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സമീപിച്ച ഷാജ് കിരണ്‍ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമ പ്രവര്‍ത്തന രംഗത്തെ പരിചയം ഉന്നതരുമായുള്ള ബന്ധത്തിന് സഹായിച്ചു ! മാധ്യമ പ്രവര്‍ത്തനം വിട്ട ശേഷം പിആര്‍ വര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും. സ്വപ്‌ന വിവാദത്തില്‍ ഷാജ് ഇടപെട്ടത് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ നിര്‍ദേശ പ്രകാരമോ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ അവരുടെ മൊഴി പിന്‍വലിക്കാന്‍ ഇടപെടല്‍ നടത്തിയ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണിന്റെ പിന്നില്‍ ചില ഉന്നതരുണ്ടോയെന്ന സംശയം ബലപ്പെടുന്നു. താന്‍ സ്വപ്‌നയോട് ആര്‍ക്കുവേണ്ടിയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഷാജ് കിരണ്‍ പറയുന്നെങ്കിലും അദ്ദേഹത്തിന്റെ വാദങ്ങള്‍ പലതും പരസ്പര ബന്ധമില്ലാത്തതാണ്.

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തന രംഗത്ത് നിന്ന് പിന്‍മാറിയ വ്യക്തിയാണ് ഷാജ് കിരണ്‍. നേരത്തെ മുന്‍ നിര വാര്‍ത്താ ചാനലുകളിലടക്കം ഷാജ് കിരണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യാവിഷനിലൂടെയാണ് ഷാജ് മാധ്യമ പ്രവര്‍ത്തന രംഗത്ത് എത്തുന്നത്.

പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലും അവിടെ നിന്ന് ജയ്ഹിന്ദ് ടിവിയിലുമെത്തി. ജയ്ഹിന്ദ് ടിവിയില്‍ നിന്നും പുറത്തുപോയ ശേഷം പല ബിസിനസുകള്‍ ചെയ്താണ് ഷാജ് മുമ്പോട്ടു പോയിരുന്നത്. ഇതിനിടെ ഒരു സ്വയം പ്രഖ്യാപിത ക്രൈസ്തവസഭയുമായി ചില ഇടപാടുകളിലും ഇയാള്‍ പങ്കാളിയായിരുന്നു.

ഇടക്കാലത്ത് സംസ്ഥാനത്തെ ഒരു സാമുദായിക പാര്‍ട്ടി നേതാവുമായി അടുത്ത ബന്ധത്തിലാകുകയും അവരുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ആ നേതാവ് പാര്‍ട്ടിയുമായി പിരിഞ്ഞപ്പോള്‍ ഇയാളും വഴിപിരിയുകയായിരുന്നു.

മുന്‍ നിര മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചതിനാല്‍ പല പ്രമുഖരുമായും ഷാജിന് അടുത്ത ബന്ധങ്ങളുണ്ട്. ഈ ബന്ധങ്ങള്‍ ഇദ്ദേഹം സ്വപ്‌നയുടെ കേസില്‍ ഉപയോഗിച്ചോ എന്നത് വ്യക്തമല്ല. ഈ കേസില്‍ ഇയാള്‍ സ്വപ്‌നയുടെ സുഹൃത്ത് എന്ന നിലയിലാണ് സംസാരിച്ചത് എന്ന വാദം ആദ്യം മുതല്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ആ വിശദീകരണത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്.

സ്വപ്‌നയുടെ സുഹൃത്ത് എന്ന നിലയില്‍ 50-60 ദിവസമായി മാത്രമെ അവരെ പരിചയമുള്ളൂ എന്നു പറയുമ്പോഴും തനിക്ക് അവരുടെ ഭൂതകാലം അറിയില്ലെന്ന് ഇയാള്‍ പറയുന്നുണ്ട്. പക്ഷേ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്ന ആള്‍ക്ക് അതറിയില്ലെന്ന വാദം ഏറെ ദുര്‍ബലമാണ്. തന്നെയുമല്ല, മാധ്യമ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ക്ക് ഈ കേസിലെ ഗൗരവ സ്വഭാവം അറിയുകയും ചെയ്യാം.

ഈ സാഹചര്യത്തിലാണ് വടക്കന്‍ കേരളത്തിലെ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ സ്വാധീനം കൂടി സംശയിക്കുന്നത്. ഇയാളുടെ അടുത്ത സുഹൃത്തായ മാധ്യമ പ്രവര്‍ത്തകന് സര്‍ക്കാരിലെ ചില ഉന്നതരുമായി ബന്ധമുണ്ട്. ഇതുവഴിയാണോ ഷാജ് കിരണിന്റെ നീക്കം നടന്നതെന്ന സംശയവും ബലപ്പെടുന്നുണ്ട്.

Advertisment