/sathyam/media/post_attachments/e450fVOZgFNO7vZOIOdi.jpg)
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന മുന്‍മന്ത്രി കെടി ജലീലിന്റെ പരാതി അന്വേഷിക്കാന്‍ പന്ത്രണ്ടംഗ സംഘം. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. സംഘത്തില്‍ പത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും ഒരു ഇന്‍സ്പെക്ടറെയും ഉള്‍പ്പെടുത്തി. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ഡിജിപി അനില്‍ കാന്തും എഡിജിപി വിജയ് സാഖറെയും രാവിലെ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. നേരത്തെ ജലീലിന്റെ പരാതിയില്‍ ഗൂഢാലോചന, കലാപ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
സ്വപ്ന സുരേഷിനൊപ്പം പിസി ജോര്‍ജും പ്രതിയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീല്‍ കഴിഞ്ഞദിവസം സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി.
ഈ പരാതി അടിയന്തരമായി സ്വീകരിച്ചായിരുന്നു പോലീസ് നടപടി. ഇന്ന് ഹൈക്കോടതി സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇന്നുതന്നെ സ്വപ്നയെ കേസില്‍ അറസ്റ്റു ചെയ്‌തേക്കും. ഇന്നു രാവിലെ മുല്‍ സ്വപ്‌നയുടെ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്.
സ്വപ്‌ന പാലക്കാട് ആയതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്ത് എത്തിക്കാനുള്ള സമയം പോലീസിന് കിട്ടും. ഈ സമയത്തിനകം അവരില്‍ നിന്നും അറിയേണ്ട കാര്യങ്ങള്‍ അറിയണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. നാളെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സ്വപ്ന കോടതിയെ സമീപിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ തിടുക്കത്തില്‍ കാര്യങ്ങള്‍ നടത്താനാണ് പോലീസിന്റെ നീക്കം. നിലവില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് സ്വപ്‌നയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.