കൊച്ചി: കേരളത്തില്‍ സമീപകാലത്തുണ്ടായ പല വിവാദങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ റോള്‍ വലിയ ചര്‍ച്ചയായിരുന്നു. മുട്ടില്‍ മരം മുറി വിവാദത്തില്‍ ദീപക് ധര്‍മ്മടവും മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ സഹിന്‍ ആന്റണിയും വിവാദ നായകന്‍മാരായിരുന്നു. ഒടുവിലത് സ്വപ്‌ന സുരേഷ് വിവാദത്തില്‍ ഷാജ് കിരണിലെത്തി നില്‍ക്കുകയാണ്.
എന്തുകൊണ്ട് ഇത്തരം വിവാദങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും ആരോപണ വിധേയരാകുന്നു എന്ന ചോദ്യം ഇതിനകം പല കോണുകളുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതേ സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നു വന്നപ്പോള്‍ അനില്‍ നമ്പ്യാരെന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും ഉയര്‍ന്നിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ എന്നതില്‍ തന്നെ ചാനല്‍ റിപ്പോര്‍ട്ടര്‍മാരാണ് ഇതിലെല്ലാം പെട്ടത്.
മുട്ടില്‍ മരം മുറി വിവാദം ഉയര്‍ന്നപ്പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനെ വാര്‍ത്ത ചെയ്ത് മോശക്കാരനാക്കിയെന്നായിരുന്നു ആക്ഷേപം. തുടര്‍ച്ചയായി അയാള്‍ക്കെതിരെ വാര്‍ത്ത ചെയ്ത് അയാളുടെ വിശ്വാസ്യത തന്നെ തകര്‍ത്തു. ഇത് കേസിലെ പ്രതികള്‍ക്ക് സഹായകരമായി.
പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം വഴിവിട്ട പല ഇടപെടലും നടത്തിയെന്നായിരുന്നു ആക്ഷേപം. മന്ത്രിയെ സ്വാധീനിക്കുന്നതിലടക്കം കാര്യങ്ങള്‍ എത്തിയിരുന്നു. പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന്റെ വിഷയത്തില്‍ ഒരു പ്രസ്‌ക്ലബ് മൊത്തത്തില്‍ സംശയ നിഴലില്‍ ആയിരുന്നു.
ദൃശ്യമാധ്യമ പ്രവര്‍ത്തകനായ സഹിന്‍ ആന്റണിയായിരുന്നു ഇതിലെ ആരോപണ വിധേയന്‍. മോന്‍സന്റെ എല്ലാ പിആര്‍ വര്‍ക്കുകളും ചെയ്തത് സഹിനായിരുന്നു എന്നാണ് പരാതി ഉയര്‍ന്നത്. ദൃശ്യ തെളിവുകളും സഹിന് എതിരായി.
മോന്‍സണ്‍ മാവുങ്കലിന് തട്ടിപ്പിന് എല്ലാ സൗകര്യവും ബന്ധങ്ങളും ഒരുക്കിയെന്ന ആക്ഷേപവും സഹിനെതിരെ വന്നിരുന്നു. അത് കെട്ടടങ്ങുന്നതിന് പിന്നാലെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിലെ നായകനായി ഷാജ് കിരണിന്റെ വരവ്. സ്വപ്‌ന സുരേഷിനെ മുന്‍ നിര്‍ത്തി ചില തട്ടിപ്പുകള്‍ നടത്താനായിരുന്നു ആ നീക്കങ്ങളെന്നതില്‍ ആരും എതിര്‍പ്പു പറയുന്നില്ല.
കൊച്ചി കേന്ദ്രീകരിച്ച തട്ടിപ്പു സംഘങ്ങള്‍ക്ക് കുട പിടിക്കുന്ന പണി പല മാധ്യമ പ്രവര്‍ത്തകരും പണ്ടേ തുടങ്ങിയതാണ്. സാമ്പത്തിക ലാഭം നോക്കിയുള്ള ഇത്തരം ഇടനിലക്കാരാകുന്ന മാധ്യമ പ്രവര്‍ത്തകര്‍ ചുരുക്കം ചിലരാണെങ്കിലും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
ഇടനിലക്കാരും ഒത്തുതീര്‍പ്പ് മധ്യസ്ഥരും തട്ടിപ്പുകാരുടെ പിആര്‍ വര്‍ക്കുകാരുമായി ചിലര്‍ മാറുന്നത് സാമ്പത്തികം മാത്രം ലക്ഷ്യമിട്ടാണ്. മാധ്യമ പ്രവര്‍ത്തകരുടെ പ്രൊഫഷന്റെ പളപളപ്പ് കണ്ട് ഇതുവലിയ സംഭവമെന്ന് ധരിക്കുന്ന ചില തട്ടിപ്പുകാരാണ് പലപ്പോഴും ഇവരെ ആളാക്കുന്നത്. ഇതോടെ ചെറിയ ദല്ലാള്‍ പണി തുടങ്ങും.
രാഷ്ട്രീയക്കാരുമായും ഉന്നതരുമായുമൊക്കെയുള്ള ബന്ധം കാണിച്ചാണ് പല കച്ചവടങ്ങളും നടക്കുക. കൊച്ചിയിലെ പല റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെയും ദല്ലാള്‍മാരിലും മാധ്യമ പ്രവര്‍ത്തകരുടെ പേരുണ്ട്. അടുത്തിടെ സ്ഥല നാമങ്ങളിലും മറ്റും അറിയപ്പെടുന്ന ചില പ്രാദേശിക ഓൺലൈൻ പത്രങ്ങൾക്ക് പിന്നിൽ ഇത്തരം മാഫിയകളും ക്വട്ടേഷൻ സംഘങ്ങൾ വരെ ഉണ്ടെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് .
ഇതൊക്കെ ന്യൂനപക്ഷം മാത്രമാണെങ്കിലും പലപ്പോഴും പഴി കേള്‍ക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കമാണ്. ഷാജ് കിരൺകൂടി വിവാദത്തിലായതോടെ സോഷ്യൽ മീഡിയയിൽ മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ച് ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.