യുഡിഎഫില്‍ നിന്നുകൊണ്ട് ഇടതുമുന്നണിയുമായി വിലപേശല്‍ നടത്തിയ ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തം ! ജോണി നെല്ലൂര്‍ ഇടതുമുന്നണിയില്‍ ചേരാന്‍ ആവശ്യപ്പെട്ടത് സ്റ്റേറ്റ് കാറും പദവിയും. ആരോപണം വ്യാജമെന്ന് പറഞ്ഞ് തടിതപ്പിയ ജോണി നെല്ലൂര്‍ അന്നു പറഞ്ഞത് നിയമ നടപടിയെന്ന് ! ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു നോട്ടീസ് പോലുമയച്ചില്ല. എംഎം ഹസ്സനെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കി കെ മുരളീധരനെ കണ്‍വീനറാക്കി മുന്നണിയെ ജനകീയമാക്കണമെന്നും ആവശ്യം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവന്തപുരം: സിപിഎമ്മില്‍ ചേരാന്‍ സ്റ്റേറ്റു കാറും കൊള്ളാവുന്ന പദവിയും കിട്ടുമോയെന്ന് മറ്റൊരു കേരളാ കോണ്‍ഗ്രസ് നേതാവിനോട് ചോദിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ മുന്നണിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. ഇടതുമുന്നണിയിലേക്ക് പോകാന്‍ തക്കം പാര്‍ത്തിരിക്കുന്ന നേതാവിനെ എന്തിന് ഇനിയും മുന്നണിയുടെ നേതൃനിരയില്‍ ഇരുത്തണമെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്.

Advertisment

ആഴ്ചകള്‍ക്ക് മുമ്പാണ് കേരളാ കോണ്‍ഗ്രസ് എം നേതാവായ എച്ച് ഹഫീസ് ജോണി നെല്ലൂരിന്റെതായ ഒരു ശബ്ദരേഖ പുറത്തുവിട്ടത്. ഇടതുമുന്നണിയിലേക്ക് വരാന്‍ താന്‍ തയ്യാറാണെന്നും ഏതെങ്കിലുമൊരു നല്ല പദവിയും സ്റ്റേറ്റു കാറും കിട്ടിയാല്‍ വരാമാമെന്നായിരുന്നു ജോണി നെല്ലൂര്‍ ശബ്ദരേഖയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ ഓഡിയോ വ്യാജമാണെന്നും നിയമ നടപടിയെടുക്കുമെന്നുമായിരുന്നു ജോണി നെല്ലൂരിന്റെ വാദം. എന്നാല്‍ ആക്ഷേപമുയര്‍ന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ജോണി നെല്ലൂര്‍ ഒരു നിയമനടപടിക്കും മുതിര്‍ന്നിട്ടില്ല. ഹഫീസാകട്ടെ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ആരോപണം വീണ്ടും വീണ്ടും ഉയര്‍ത്തുന്നുമുണ്ട്.

ഇത്രയധികം ഗൗരവമായ ആരോപണം ഉയര്‍ന്ന ഒരു നേതാവിനെ എന്തിന് യുഡിഎഫ് സെക്രട്ടറി പദവിയില്‍ വച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഉയരുന്ന ചോദ്യം. പുറത്തുവന്ന ശബ്ദരേഖ പ്രകാരം ഇടതുമുന്നണിയിലേക്ക് മാത്രമല്ല, ബിജെപിയുമായും ജോണി നെല്ലൂര്‍ ചര്‍ച്ച നടത്തിയെന്നാണ് യുഡിഎഫ് നേതാക്കളുടെ സംശയം.

ഇതിന്റെ വാസ്തവം പുറത്തുവരേണ്ടത് ജോണി നെല്ലൂരിന്റെ വിശ്വാസ്യതയുടെ കൂടി കാര്യമാണ്. എന്നാല്‍ കേസ് കൊടുക്കും എന്നു അദ്ദേഹം പറഞ്ഞതല്ലാതെ ഇതുവരെ അതിനായുള്ള നടപടികള്‍ ഒന്നുമെടുത്തിട്ടില്ല.

അതിനിടെയാണ് ജോണി നെല്ലൂരിനെതിരെ യുഡിഎഫിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലും എതിര്‍പ്പുയരുന്നത്. യുഡിഎഫില്‍ നിന്നുകൊണ്ട് മറു മുന്നണിയിലേക്ക് വിലപേശല്‍ നടത്തിയ അദ്ദേഹത്തെ എങ്ങനെ ഇനി വിശ്വസിക്കുമെന്നാണ് ചോദ്യം. ജോണി നെല്ലൂരിനെ അടിയന്തരമായി യുഡിഎഫ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.

കേരളാ കോണ്‍ഗ്രസിലും ജോണി നെല്ലൂരിനെതിരെ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടമാക്കിയ ജോണി നെല്ലൂരിനെ മാറ്റി നിര്‍ത്തണമെന്നാണ് ആവശ്യം.

അതേസമയം മുന്നണി ശക്തിപ്പെടുത്താന്‍ തലപ്പത്ത് അഴിച്ചുപണി വേണമെന്ന വികാരം ഘടകകക്ഷികള്‍ക്കിടയിലും ശക്തമാണ്. ജോണി നെല്ലൂരിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതുകൊണ്ടു മാത്രം പ്രശ്നം തീരില്ലെന്നും യുഡിഎഫ് കണ്‍വീനറായി ശക്തനായ നേതാവിനെ കൊണ്ടുവരണമെന്നുമാണ് ആവശ്യം.

കെ മുരളീധരന്‍ എംപിയെ കണ്‍വീനറാക്കണമെന്ന പൊതുവികാരം യുഡിഎഫില്‍ ശക്തമാണ്. സാമുദായിക സമവാക്യം ചൂണ്ടിക്കാട്ടി പദവിയില്‍ കടിച്ചു തൂങ്ങുന്ന എംഎം ഹസ്സനെ മാറ്റി നിര്‍ത്തി മുരളിയെപ്പോലെ ശക്തനായ ഒരാളെ കണ്‍വീനറാക്കിയാല്‍ അത് കൂടുതല്‍ ജനസ്വീകാര്യത നേടാന്‍ ഇടയാക്കുമെന്നും അഭിപ്രായമുണ്ട്. ഘടക കക്ഷികളും ഹസ്സനെ നീക്കണമെന്ന അഭിപ്രായക്കാരാണ്.

Advertisment