തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന ലോക കേരള സഭകൊണ്ട് എന്താണ് പ്രയോജനം എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉയര്‍ന്നിരുന്നു. പ്രതിപക്ഷം ഈ ചോദ്യം ഉയര്‍ത്തുകയും ധൂര്‍ത്ത് ആരോപിച്ച് ലോക കേരള സഭയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രവാസി വ്യവസായി എംഎ യൂസഫലി അടക്കം രംഗത്തുവന്നു.
കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ വിദേശ രാജ്യങ്ങളില്‍ എത്തുമ്പോള്‍ സ്വീകരിക്കുകയും അവര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുകയും അവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും കൊടുക്കുകയും ചെയ്യുന്നത് പ്രവാസികളാണെന്നും ആ പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നത് ധൂര്‍ത്തല്ലെന്നുമാണ് യൂസഫലി സമ്മേളനത്തില്‍ വാദിച്ചത്. പ്രതിപക്ഷത്തിനെ രൂക്ഷമായ ഭാഷയില്‍ യൂസഫലി വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ വിഡി സതീശനും കോണ്‍ഗ്രസും സ്വീകരിച്ച രാഷ്ട്രീയ നിലപാട് വ്യത്യസ്തമായിരുന്നു. യൂസഫലി പറഞ്ഞതുപോലെ ആതിഥ്യം സ്വീകരിച്ച നേതൃത്വം പ്രതിപക്ഷത്തു മാറി എന്നത് അദ്ദേഹം അറിയാതെ പോയതാണ്. യൂസഫലി അടക്കമുള്ള ശതകോടീശ്വരന്‍മാരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിദേശത്ത് പോകാത്ത നേതാക്കള്‍ക്ക് മാത്രമെ അദ്ദഹേഹത്തിനെതിരെ പറയാനാകൂ.
ഭാഗ്യവശാല്‍ കേരളത്തിലെ ചില നേതാക്കള്‍ക്കെങ്കിലും ഇത്തരം മുതളാളിമാരോട് മറുപടി പറയാന്‍ തന്റേടം ഉണ്ടായി എന്നതാണ് മറ്റൊരു സത്യം. ഇത്തരം സ്‌പോണ്‍സര്‍മാരെ ഭയന്ന് മിണ്ടാതിരുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് ഇനിയെങ്കിലും അന്ത്യമുണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവിന്റെ വിയോജന കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയും ഈ നാട് നേരിടുന്ന പ്രതിസന്ധിയും ഇത്തരമൊരു ആഘോഷത്തിന് ചേര്‍ന്നതല്ല എന്നതാണ് സത്യം. വരുന്ന തലമുറയോട് കേരളത്തെ കടക്കെണിയിലാക്കിയതാരെന്ന ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ പ്രവാസിയുടെ പേരിലെ ഈ ധൂര്‍ത്തിന് അവരുടെ മുമ്പില്‍ തലകുനിക്കാതെ ഇരിക്കാന്‍ പ്രതിപക്ഷത്തിനെങ്കിലും കഴിയണമെങ്കില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ടിയിരുന്നത് ഇതു തന്നെയായിരുന്നു.
17 പ്രവര്‍ത്തി ദിവസവും പിന്നിട്ടിട്ടും ശമ്പളം കൊടുക്കാനാവാതെ കെഎസ്ആര്‍ടിസി വലയുമ്പോള്‍ കോടികള്‍ പൊടിച്ച് നടക്കുന്ന ലോക കേരള സഭയെന്ന പ്രാഞ്ചിയേട്ടന്‍ ഏര്‍പ്പാട് നടത്തുന്നതെന്തിന് ? കഴിഞ്ഞ രണ്ടു ലോക കേരള സഭയില്‍ ഉണ്ടാക്കിയ നേട്ടം എന്ത്. പാവപ്പെട്ട പ്രവാസികള്‍ക്ക് ലോക കേരള സഭകൊണ്ട് ഉണ്ടായ നേട്ടം എന്ത് ?
കേരളത്തില്‍ നിന്നും വിദേശത്ത് വിനോദസഞ്ചാരത്തിനെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ചെയ്യുന്നു എന്ന പേരില്‍ ഇവരെ വിളിച്ച് എന്തിനാദരിക്കണം. അത് ആ രാഷ്ട്രീയ നേതാക്കളാണ് ചെയ്യേണ്ടത്. അല്ലാതെ കേരള ഖജനാവിലെ പണമെടുത്ത് മുതലാളിമാര്‍ക്ക് ചിലവു ചെയ്യുകയല്ല വേണ്ടത് എന്ന വിമര്‍ശനമാണ് പൊതുവെ ഉയരുന്നത്.