തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനം അവസാനിക്കുമ്പോള്‍ ഈ പരിപാടികൊണ്ട് സാധാരണക്കാരനായ പ്രവാസിക്ക് എന്തു പ്രയോജനമെന്ന ചോദ്യം ബാക്കി. ശതകോടിശ്വരന്‍മാരായവരെ കേരളത്തില്‍ മൂന്നു ദിവസം വിളിച്ചിരുത്തി ആദരിക്കുന്നു എന്നതൊഴിച്ചാല്‍ ഒരു പ്രവാസിയുടെയും പ്രശ്‌നങ്ങള്‍ക്ക് ഈ സമ്മേളനം സഹായിക്കുന്നില്ലെന്നാണ് പ്രവാസികളുടെ തന്നെ പക്ഷം.
കഴിഞ്ഞ ദിവസം ലോക കേരള സഭയുടെ ഭാഗമായ ഓപ്പണ്‍ ഫോറത്തിനിടെ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സൗദിയില്‍ മരിച്ചെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകാത്ത സാഹചര്യമാണെന്നും ആ വ്യക്തിയുടെ മകന്‍ പരാതി പറഞ്ഞിരുന്നു. ഉടന്‍ വിഷയത്തില്‍ ഇടപെട്ട പ്രവാസി വ്യവസായി എംഎ യൂസഫലി അതില്‍ ഇടപെടാന്‍ തന്റെ ഓഫീസിന് നിര്‍ദേശം നല്‍കി.
യൂസഫലി ഇടപെട്ടതോടെ മൃതദേഹം നാട്ടിലെത്തുമെന്ന് ഉറപ്പിക്കാം. പക്ഷേ അവിടെയാണ് ലോക കേരള സഭ പോലുള്ള ഫോറങ്ങള്‍ എന്തിന് പ്രവര്‍ത്തിക്കുന്നുവെന്ന ചോദ്യത്തിന്റെ പ്രസക്തി ഉയരുന്നത്. മൂന്നു വര്‍ഷം ലോക കേരള സഭ പോലെയുള്ള സംവിധാനം ഉള്ള കേരളത്തിലേക്ക് ഒരു മലയാളി മരിച്ചാല്‍ മൃതദേഹം എത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് ലോക കേരള സഭയില്‍ അംഗങ്ങളായ എല്ലാവര്‍ക്കും നാണക്കേടാണ്.
യൂസഫലി വ്യക്തിപരമായി സഹായിച്ചത് നല്ലതു തന്നെ. പക്ഷേ എല്ലാവരെയും യൂസഫലിക്ക് ഇങ്ങനെ സഹായിക്കാനാകുമോ? അപ്പോള്‍ പിന്നെ ഇത്തരം വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടതില്ലേ ?
യഥാര്‍ത്ഥ വിഷയം പഠിച്ച് വിദഗദ്ധരുടെ അഭിപ്രായം കേട്ട് മാത്രമെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാകൂ. ഈ പ്രശ്‌നങ്ങളില്‍ നയപരമായ നീങ്ങി വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. അല്ലെങ്കില്‍ നാളെയും ഈ പ്രശ്‌നം ആവര്‍ത്തിക്കും.
ഇതിനു കേരളത്തെ പ്രാപ്തമാക്കാനാണ് ലോക കേരള സഭ പോലെയുള്ള ഫോറങ്ങള്‍ സഹായകരമാകേണ്ടത്. അതിനു മൂന്നു വര്‍ഷമായും കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തെന്ന ചോദ്യം ഇനിയും ഉയരും. സംസ്ഥാന ഖജനാവില്‍ നിന്ന് ഇത്തവണ പൊടിച്ച 5.3 കോടി രൂപയും വെള്ളത്തില്‍ വരച്ച വരയല്ലെന്ന് ഉറപ്പാക്കാന്‍ പ്രവാസികളെങ്കിലും മുന്നിട്ടിറങ്ങണം.