തിരുവനന്തപുരം: ആറു വർഷം നീണ്ട ബിജെപി രാഷ്ട്രീയത്തോട് നടൻ സുരേഷ് ഗോപി വിടചൊല്ലിയത് കടുത്ത അതൃപ്തിയോടെ. ഒരിക്കൽ കൂടി രാജ്യസഭാംഗമാക്കുമെന്നും കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല. ഇതോടെയാണ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തത്.
2016ലാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. വൈകാതെ അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. 2019 ലാണ് സുരേഷ് ഗോപി ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയത്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച് അന്നു തോൽക്കാനായിരുന്നു സുരേഷ് ഗോപിയുടെ യോഗം. പിന്നിട് 2021ൽ തൃശൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഫലം വ്യത്യസമുണ്ടായില്ല.
കേരളത്തിലെ ബിജെപിയുടെ മുഖമായി സുരേഷ് ഗോപിയെ പലവട്ടം ദേശീയ നേതൃത്വം പരിഗണിച്ചെങ്കിലും കേരള നേതാക്കളുടെ ഗ്രൂപ്പുകളി ഇതിന് തടസമായി. പാർട്ടിയിലെ ഗ്രൂപ്പിസം തനിക്ക് ഗുണം ചെയ്യുന്നില്ലെന്നാണ് സുരേഷ് ഗോപിയുടെ വിലയിരുത്തൽ.
പാർട്ടി ഒരിക്കൽ കൂടി രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അതിനായി ചില ഒരുക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു. എന്നാൽ പാർട്ടി ഇത് കണക്കിലെടുത്തില്ല.
പ്രത്യേക പദവികളൊന്നും കിട്ടാതെ ഇനി ബിജെപിക്കായി പ്രവർത്തിക്കാനില്ലെന്നാണ് സുരേഷ് ഗോപിയുടെ പക്ഷം. കേരളത്തിലെ ചില നേതാക്കൾ തൻ്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി എന്നാണ് അദേഹം പറയുന്നത്. തൻ്റെ വളർച്ച തടഞ്ഞ നേതാക്കൾക്ക് ഒപ്പം പ്രവർത്തിക്കാനില്ലെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
വേണമെങ്കിൽ തന്നെ പുറത്താക്കിക്കോളുവെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. അതേ സമയം മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് ഉടനൊന്നും പോകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നുണ്ട്.