തിരുവനന്തപുരം: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ന്ന കേസില്‍ ഉള്‍പ്പെട്ട അവിഷിത്ത് കെ ആര്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറിയെന്ന മന്ത്രി വീണ ജോര്‍ജിന്റെ വാദം പൊളിയുന്നു. അവിഷിത്തിനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് വിടുതല്‍ ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ഇതോടെ അവിഷിത്ത് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറിയെന്ന വാദം അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. സാധാരണ ഗതിയില്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒരാള്‍ ഒഴിഞ്ഞാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്. അവിഷിത്തിന്റെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ല.
ഇനി ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസത്തെ തീയതി വച്ച് ഒരു രാജി അപേക്ഷ അവിഷിത്ത് നല്‍കിയാലും വിടുതല്‍ ഉത്തരവില്‍ ഈ കൃത്രിമം കാണിക്കാനാവില്ല. തന്നെയുമല്ല വിടുതല്‍ ഉത്തരവുണ്ടായിരുന്നെങ്കില്‍ ആ ഉത്തരവ് ഇന്നു മന്ത്രി എന്തുകൊണ്ട് കാണിച്ചില്ലെന്നാണ് ചോദ്യം ഉയരുന്നത്.
ഇക്കാര്യം ഗൗരവമായെടുത്ത് ആരോഗ്യമന്ത്രിക്കെതിരെ കൂടി പ്രക്ഷോഭം ആരംഭിക്കാനാണ് യൂത്ത്‌കോണ്‍ഗ്രസ് തീരുമാനം. അതിനിടെ വീണ്ടും പ്രകോപനപരമായ പോസ്റ്റുമായി അവിഷിത്ത് രംഗത്തുവന്നു. എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് കേസിലെ പ്രതികൂടിയായ അവിഷിത് പറഞ്ഞു.
കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്നാണ് അവിഷിത് ഫേസ്ബുക്കില്‍ കുറിച്ചത്. എംപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ അവിഷിത് ന്യായീകരിച്ചു.ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്ഐയുടെ വിഷയമാണെന്നും അവിഷിത് പറയുന്നു.
സമരത്തിലെ അനിഷ്ട സംഭവങ്ങള്‍ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ. വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലമെന്നും അവിഷിത്ത് കുറിച്ചിട്ടുണ്ട്. നിലവില്‍ അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്.