കൊച്ചി: ആംആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ എന്തുകൊണ്ട് സ്വീകാര്യത കിട്ടുന്നില്ലെന്ന ചോദ്യം കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉയരുന്നത് പതിവാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, ആകര്‍ഷിക്കുന്ന നേതാക്കള്‍ ഇല്ല എന്നതു തന്നെയാണ്. തന്നെയുമല്ല ഉള്ള നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങളും പരാതികളും ഉണ്ട്.
ഡല്‍ഹിയിലും ഒടുവില്‍ പഞ്ചാബിലും ആംആദ്മി പാര്‍ട്ടി വിപ്ലവം തീര്‍ത്തത് അഴിമതിക്കെതിരായ പോരാട്ടം കൊണ്ടാണ്. കേരളത്തില്‍ അഴിമതി കുറവായതുകൊണ്ടാണോ ആ പാര്‍ട്ടിക്ക് വളക്കൂറില്ലാതെ പോയതെന്ന് ആരും ചോദിക്കരുത്. ആംആദ്മി പാര്‍ട്ടിയെ തന്നെ ഇവിടുത്തെ ജനത്തിന് വിശ്വാസമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതാണ് ആംആദ്മി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലയിലെ ഫണ്ട് പിരിവ് സംബന്ധിച്ച വിവാദം. പാര്‍ട്ടി ജില്ലാ കണ്‍വീനര്‍, സംസ്ഥാന സോഷ്യല്‍ മീഡിയ കണ്‍വീനറും വക്താവുമായ നേതാവ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം.
രണ്ടര ലക്ഷം രൂപ കളങ്കിതനായ ആളില്‍ നിന്നും വാങ്ങിയെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ സംഭാവന സമാഹരണത്തില്‍ ഇരുവര്‍ക്കും ജാഗ്രതയില്ലായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുവര്‍ക്കുമെതിരെ നടപടിയും പാര്‍ട്ടി സ്വീകരിച്ചു.
പാര്‍ട്ടി തൃശൂര്‍ ജില്ലാ കണ്‍വീനറായിരുന്ന ജിതിന്‍ സദാനന്ദനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി പദവികളില്‍ നിന്നും സംസ്ഥാന വക്താവായ സുനില്‍ ജോര്‍ജിനെ മൂന്നു വര്‍ഷത്തേക്കുമാണ് പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിയത്. ഇരുവരുടെയും ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍.
സംസ്ഥാനത്ത് അടുത്തെങ്ങും അധികാരത്തില്‍ എത്താനിടയില്ലാത്ത ആംആദ്മി പാര്‍ട്ടി ഇങ്ങനെ പിരിവ് നടത്തിയാല്‍ ആ പാര്‍ട്ടിയേയും നേതാക്കളെയും എങ്ങനെ അംഗീകരിക്കുമെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. കെജ്രിവാളിനെ കണ്ടിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നാലും കേരളത്തിലെ നേതാക്കളല്ലേ പാര്‍ട്ടിയെ നയിക്കുന്നതെന്നും സാധാരണക്കാര്‍ ചോദിക്കുന്നുണ്ട്.