തിരുവനന്തപുരം: ആരാണ് വനം സംരക്ഷകര്‍ ? ആരാണ് കര്‍ഷക സംരക്ഷകര്‍ ? ചോദ്യങ്ങളങ്ങനെ നിരവധിയാണ്. എന്തായാലും നിയമസഭയില്‍ എല്ലാവരും വനത്തെയും കര്‍ഷകരെയും ഒരുപോലെ സംരക്ഷിക്കുന്നവരാണ്.
രാവിലെ പതിവുപോലെ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമെന്ന ചാനല്‍ തലക്കെട്ട് കണ്ട് പ്രതിപക്ഷ നേതാക്കള്‍ ഊറിച്ചിരിക്കുകയായിരുന്നു. ചോദ്യോത്തരവേളയില്‍ എല്ലാം വ്യക്തം. ചോദ്യം ചോദിച്ച് പ്രതിപക്ഷവും സഹകരിച്ചു.
വനം മന്ത്രി മറുപടി പറഞ്ഞതെല്ലാം ബഫര്‍സോണ്‍ വിഷയത്തില്‍. വനം മന്ത്രി ആവര്‍ത്തിച്ച് മറുപടി നല്‍കിയിട്ടും പ്രതിപക്ഷത്തിന് തൃപ്തിപോര. എന്തായാലും വിഷയം അടിയന്തരപ്രമേയമായിതന്നെ എത്തി.
സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തില്‍ സഭയില്‍ ഒരു ആവേശമൊക്കെ നിറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ലെന്നു പറഞ്ഞ സണ്ണി ജോസഫ് സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നുവെന്നും ആരോപിച്ചു.
എന്നാല്‍ മറുപടി നല്‍കിയ മന്ത്രി എകെ ശശീന്ദ്രന്‍ യുഡിഎഫിനെ കടന്നാക്രമിച്ചു. 2013ലെ യുഡിഎഫ് സര്‍ക്കാര്‍ 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണാക്കാനാണ് പറഞ്ഞതെന്നും തങ്ങള്‍ 2019ല്‍ അത് ഒരു കിലോമീറ്ററായി കുറച്ചുവെന്നുമാണ് ശശീന്ദ്രന്‍ പറഞ്ഞത്.
സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞത് ട്രഷറി ബെഞ്ച് കയ്യടിയോടെ സ്വീകരിച്ചു. എന്നാല്‍ ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബഫര്‍സോണ്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.
ബഫര്‍സോണ്‍ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍ പ്രതിപക്ഷം വാക്കൗട്ട് നടത്തി. നാളെ സഭയില്ലാത്തതിനാല്‍ സാമാജികര്‍ നേരെ നാട്ടിലേക്ക് വണ്ടി പിടിച്ചു.
എന്തോ വനവും കര്‍ഷകരുമൊക്കെ വിഷയമായതിനാലാകാം അടിയന്തര പ്രമേയത്തിനും ആവേശമില്ലാതായത്. രാഷ്ട്രീയ വിഷയങ്ങളുമായി തിങ്കളാഴ്ച വീണ്ടും സഭ സമ്മേളിക്കുമ്പോള്‍ പഴയ ആവേശം വരുമെന്ന് പ്രതീക്ഷിക്കാം.