എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞിട്ട് മണിക്കൂറുകള്‍; പ്രതിയെ തേടി പോലീസ് ഇരുട്ടില്‍ തപ്പുന്നു ! ആകെയുള്ളത് അവ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ മാത്രം. ആക്രമണത്തില്‍ ഇപി ജയരാജന്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുമ്പോഴും ഇനിയും പ്രതിയെ പിടിക്കാനായില്ല ! പ്രതിയെ കിട്ടാത്തത് പോലീസിന്റെ വീഴ്ചയെങ്കില്‍ അത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാകും. തലസ്ഥാനത്തെ പഴയ കേസുകളില്‍ പ്രതിയെ കിട്ടാത്തതുപോലെ ഇതിലും അന്വേഷണം അവസാനിപ്പിക്കുമോ ?

New Update

publive-image

തിരുവനന്തപുരം: തലസ്ഥാനത്ത് എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്നു. എകെജി സെന്ററിലെയും അയല്‍വക്കത്തെയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടി എന്നതല്ലാതെ പോലീസിന് ഇനിയും ഒരു തുമ്പും കിട്ടാത്തത് അന്വേഷണ സംഘത്തിനും വെല്ലുവിളിയാണ്. എഡിജിപിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം വന്നിട്ടും പ്രതിയുടെ കാര്യത്തില്‍ ഇനിയും പുതിയ വിവരങ്ങളൊന്നുമില്ല.

Advertisment

എകെജി സെന്ററിന് നേരെ ഇന്നലെ അതിക്രമമുണ്ടാകുന്നത് രാത്രി 11.24ന്. ഇതേസമയം തന്നെ പോലീസും വാഹനവും എല്ലാം സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പ്രതിയെ പിന്തുടരാനോ പിടികൂടാനോ പോലീസും തയ്യാറായില്ല.

ഇതു പോലീസിന്റെ വീഴ്ചതന്നെയെന്നാണ് പൊതുവിലയിരുത്തല്‍. നിലവില്‍ ലഭ്യമായ സിസിടിവിയില്‍ ആളുടെ മുഖമോ, വണ്ടിയുടെ നമ്പറോ ദൃശ്യമല്ല. അതുകൊണ്ട് തന്നെ പ്രതിയെ തേടി എവിടെ പോകുമെന്ന ചോദ്യവും ഉയരുകയാണ്.

അതേസമയം പ്രതിയെ പിടിക്കണമെന്ന നിര്‍ബന്ധം സിപിഎമ്മിനും ഇല്ലെന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. പ്രതിയെ പിടികൂടാത്ത സംഭവങ്ങളുടെ നിരയിലേക്ക് ഇതുകൂടി പോകുമോയെന്ന സംശയവും പലര്‍ക്കും ഉണ്ട്.

നേരത്തെ കെഎം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം സഭാ മാര്‍ഷലിന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിലെ പ്രതികളെയും കിട്ടിയിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് കുണ്ടമണ്‍കടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ച് നശിപ്പിക്കപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ സ്ഥലത്തെത്തി സന്ദര്‍ശിച്ച് അപലപിച്ച കേസായിരുന്നു ഇത്. എന്നാല്‍ മൂന്നുവര്‍ഷത്തിന് ശേഷവും ഈ കേസിലും പ്രതിയെ കിട്ടിയിട്ടില്ല. അന്നൊക്കെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നില്ല.

എന്നാല്‍ ഈ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും പോലീസിന് പ്രതിയെ തിരിച്ചറിയാനാകാത്തതാണ് കൂടുതല്‍ സംശയത്തിന് ഇട നല്‍കുന്നത്.

Advertisment