Advertisment

എകെജി സെന്റര്‍ ആക്രമണത്തില്‍ ഭരണപക്ഷത്തിനില്ലാത്ത വിഷമം പ്രതിപക്ഷത്തിനോ ? സര്‍ക്കാരിനെ വെട്ടിലാക്കി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്; സര്‍ക്കാര്‍ വഴങ്ങി ! എകെജി സെന്റര്‍ ആക്രമണ കേസ് അടിയന്തര പ്രമേയമാക്കിയതോടെ പ്രതിപക്ഷ നീക്കം പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കാന്‍. ഇപി ജയരാജനെ കടന്നാക്രമിക്കാനും പ്രതിപക്ഷ തീരുമാനം ! ഗാന്ധിയുടെ ഫോട്ടോ വിവാദം ഉയര്‍ത്തി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ഭരണപക്ഷവും

New Update

publive-image

Advertisment

തിരുവനന്തപുരം: ഭരണപക്ഷത്തെ വെട്ടിലാക്കി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കം. ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയും. എകെജി സെന്റര്‍ ആക്രമണ വിഷയവും തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്ത നടപടിയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പിസി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയം സഭ ഇന്ന് ചര്‍ച്ച ചെയ്യും.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു വരെയാണ് ചര്‍ച്ച. എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് നാലു ദിവസമായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാനായിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

സാധാരണ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സാധ്യത കുറവായിരുന്നെങ്കിലും വിഷയം ഇതായതിനാല്‍ ചര്‍ച്ച ചെയ്യാതിരുന്നാല്‍ അത് സര്‍ക്കാരിന് കൂടുതല്‍ ക്ഷീണമാകുമായിരുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഈ വിഷയം തന്നെ പ്രതിപക്ഷം കൊണ്ടുവന്നത്.

എകെജി സെന്റര്‍ ആക്രമണത്തില്‍ ഇതുവരെ പ്രതിയെ പിടികൂടാത്തതില്‍ സിപിഎമ്മില്‍ തന്നെ അതൃപ്തി പുകയുകയാണ്. ഇതിനിടെ ഇടതുമുന്നണി കണ്‍വീനര്‍ക്കെതിരെ ശക്തമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞതിന്റെ സൂത്രധാരന്‍ ഇപി ജയരാജനാണെന്ന നിലപാടാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.

ഇത് സഭയിലും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ഒപ്പം ഫേസ്ബുക്കില്‍ എകെജി സെന്ററിന് കല്ലെറിയണമെന്ന് ആഹ്വാനം ചെയ്തയാള്‍ക്കെതിരെ ഇന്നലെ കലാപാഹ്വാനത്തിന് കേസെടുക്കാന്‍ നീക്കമുണ്ടായിരുന്നു. ഇത് സഭയില്‍ എത്തും.

അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ഓഫീസുകളും ഇന്ദിരാഭവനും തകര്‍ത്തത് കലാപം തന്നെയായിരുന്നുവെന്നും പ്രതിപക്ഷം വ്യക്തമാക്കും. അതിനിടെ പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ഫോട്ടോ തകര്‍ത്തത് എസ്എഫ്‌ഐക്കാര്‍ പോയ ശേഷമാണന്ന പോലീസ് റിപ്പോര്‍ട്ട് ഉപയോഗിക്കാനാണ് ഭരണപക്ഷ തീരുമാനം. ഈ വിഷയം സബ്മിഷനായി വി ജോയി സഭയില്‍ ഉന്നയിച്ചിരുന്നു.

Advertisment