Advertisment

അഭ്യസ്തവിദ്യരായ സ്ത്രീകളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് വെള്ളിവെളിച്ചം പകരാന്‍ സില്‍വര്‍ ലൈനിനാകുമെന്ന് ഡോ. ജോ ജോസഫ് ! ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ വിവാഹത്തിനുശേഷം നാലു ചുവരിനുള്ളില്‍ തളച്ചിടപ്പെടുന്നു. അഭ്യസ്തവിദ്യരിലെ വിവാഹിതകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരം ! സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സ്ത്രീപക്ഷത്തുനിന്നും വിശകലനങ്ങളോ വിലയിരുത്തലുകളോ വരാത്തതെന്തുകൊണ്ടെന്നും തൃക്കാക്കരയിലെ മുന്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ ചോദ്യം

New Update

publive-image

Advertisment

തിരുവനന്തപുരം: അണുകുടുംബങ്ങള്‍ കൂടുതലായുള്ള കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ വിവാഹത്തിനുശേഷം നാലു ചുവരിനുള്ളില്‍ തളച്ചിടപ്പെടുകയാണെന്ന് തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്.

ഇങ്ങനെ വരുന്നതിനാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെട്ട സമയം, മറ്റു വിഭവങ്ങള്‍ എന്നിവയെല്ലാം വലിയൊരളവോളം പാഴായിപ്പോകുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ഡോ. ജോ ജോസഫ് പറയുന്നത്.

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നടത്തിയ പഠനപ്രകാരം അഭ്യസ്തവിദ്യരിലെ വിവാഹിതകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം തീര്‍ത്ത് വച്ചു പോകുകയും വീട്ടില്‍ തിരിച്ചെത്തി വീണ്ടും വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ദീര്‍ഘകാലത്തേക്ക് സാധ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ദൂരസ്ഥലങ്ങളിലെ ജോലി ഉപേക്ഷിക്കുകയാണ്.

ഒരു വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള പരിണാമത്തിന് തയ്യാറെടുക്കുന്ന കേരളത്തില്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ സ്ത്രീകള്‍ക്ക് കഴിയണമെങ്കില്‍ അവരുടെ ചലനാത്മകത ഗണ്യമായി വര്‍ധിക്കണം. പ്രായഭേദമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളുടെയും ഒരു സമൂഹമെന്നനിലയിലുള്ള ചലനാത്മകത വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍.

കേരളത്തിലെ സ്ത്രീകളാണ് ഉന്നതവിദ്യാഭ്യാസം നേടിയവരില്‍, പ്രത്യേകിച്ച് ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസം നേടിയവരില്‍ കൂടുതല്‍. അവര്‍ക്ക് ജോലിചെയ്യാന്‍ പറ്റുന്ന ഉയര്‍ന്ന തൊഴില്‍മേഖലകള്‍- ഐടി, ബയോടെക്‌നോളജി, സര്‍വിസ് മേഖലകള്‍- ഭൂരിഭാഗവും നഗരങ്ങളിലാണ് കേന്ദ്രീകരിക്കപ്പെടുക.

ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകണം. ഇത്തരം തൊഴിലിടങ്ങളില്‍ ഇന്നത്തെ യാത്രാസൗകര്യങ്ങള്‍ ഉപയോഗിച്ചു ദിവസേന വന്നുപോകുക പ്രയാസമാണ്. വേഗമേറിയ പൊതുയാത്രാ മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ ഇത്തരം നഗരകേന്ദ്രീകൃത തൊഴിലിടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാപ്യമാകും.

ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള കുതിപ്പിന്റെ വേഗത നിര്‍ണയിക്കുന്നത് ആ സമൂഹത്തിലെ സ്ത്രീകളുടെ ശാക്തീകരണമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സ്ത്രീപക്ഷത്തുനിന്നുള്ള വിശകലനങ്ങളോ വിലയിരുത്തലുകളോ കാര്യമായി കണ്ടില്ലാത്തതിനാല്‍ അതുയര്‍ന്നുവരാനാണ് തന്റെ കുറിപ്പെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഡോ. ജോ ജോസഫിന്റെ ലേഖനം

കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാനവികസന പദ്ധതിയായി വിഭാവനം ചെയ്യപ്പെടുന്ന ഒന്നാണല്ലോ സില്‍വര്‍ ലൈന്‍ പദ്ധതി. ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും സജീവമാണ്.

ഇന്നുള്ള 3.5 കോടി ജനങ്ങളുടെ മാത്രമല്ല, വരാനിരിക്കുന്ന അനേകം തലമുറകളുടെകൂടി ജീവിതങ്ങളെ ആഴത്തില്‍ സ്വാധീനിക്കാന്‍ പോന്ന ഇത്തരം പദ്ധതികളുടെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കേണ്ടത് ഇന്നിന്റെ മാത്രമല്ല, ഭാവിയുടെയും ആവശ്യമാണ്.

ഈ പദ്ധതിയുടെ സാമ്പത്തിക/ പാരിസ്ഥിതിക വശങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഏതു വന്‍കിട പദ്ധതിയും വരുമ്പോള്‍ നടക്കുന്ന ഇത്തരം പരമ്പരാഗതമായ ചര്‍ച്ചകള്‍ക്കപ്പുറം ഈ പദ്ധതിയെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള കുതിപ്പിന്റെ വേഗത നിര്‍ണയിക്കുന്നത് ആ സമൂഹത്തിലെ സ്ത്രീകളുടെ ശാക്തീകരണമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സ്ത്രീപക്ഷത്തുനിന്നുള്ള വിശകലനങ്ങളോ വിലയിരുത്തലുകളോ കാര്യമായി കണ്ടില്ല. അതിനുള്ള ശ്രമമാണ് ഈ കുറിപ്പ്.

കേരള മോഡലും വൈരുധ്യവും

സാമ്പത്തിക വളര്‍ച്ച, ആളോഹരി വരുമാനം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ക്ക് ഏറെ പിന്നിലാണെങ്കിലും സാമൂഹ്യവികസന സൂചികകളില്‍ അവര്‍ക്കൊപ്പം നില്‍ക്കാനാകുംവിധം നാം നേടിയ പുരോഗതിയെ ആണല്ലോ കേരള മോഡല്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഈ സൂചികകളില്‍ ചിലത് ലോകത്തിലെ തന്നെ ഏറ്റവും വികസിതമെന്ന് കരുതപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കൊപ്പമാണ്.

ഇതില്‍ ഏറ്റവും മികച്ചത് സ്ത്രീകളുടെ ആരോഗ്യ /വിദ്യാഭ്യാസ സൂചികകളാണ്. ഉദാഹരണത്തിന് കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.6 വര്‍ഷവും പുരുഷന്‍മാരുടേത് 75.2 വര്‍ഷവുമാണ്. ഈ വിഭാഗത്തില്‍ ദേശീയ ശരാശരി യഥാക്രമം 72.09 വര്‍ഷവും 69.51 വര്‍ഷവുമാണ്.

ഒരു സ്ത്രീക്ക് കേരളത്തില്‍ ജനിച്ചുവെന്നതുകൊണ്ടു മാത്രം ഏകദേശം ഏഴു വര്‍ഷം അധികം ആയുസ്സ് ലഭിക്കുന്നുവെന്നര്‍ഥം. കേരളത്തില്‍ മാതൃമരണനിരക്ക് ഒരു ലക്ഷം പ്രസവത്തില്‍ 53.49 ആണ്. ദേശീയ ശരാശരിയാകട്ടെ 178.35.

കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം 2020 ജനുവരിയില്‍ പുറത്തുവിട്ട സര്‍വേ പ്രകാരം പ്രീ പ്രൈമറിതലംമുതല്‍ സര്‍വകലാശാലാ വിദ്യാഭ്യാസ കാലഘട്ടംവരെ ഇന്ത്യയില്‍ ഏറ്റവുമധികം പ്രായാധിഷ്ഠിത ഹാജര്‍ അനുപാതമുള്ളതും കേരളത്തിലാണ്. ഇനിയുമേറെയുണ്ട് നമുക്ക് അഭിമാനിക്കാന്‍.

കേരള മോഡലിനൊപ്പംതന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ആ മോഡലിന്റെ ആന്തരിക വൈരുധ്യവും. ഈ വൈരുധ്യങ്ങള്‍ ഏറ്റവുമധികം പ്രകടമാകുന്നതും ആരോഗ്യം, ലിംഗനീതി എന്നീ മേഖലകളിലാണ്. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റവുമധികം പ്രമേഹരോഗികളും ഹൃദ്രോഗികളുമുള്ള സ്ഥലം കേരളമാണ്.

മറ്റു ചില സാമൂഹ്യ സൂചകങ്ങളിലെ വൈരുധ്യവും ഞെട്ടിപ്പിക്കുന്നതാണ്. അഭ്യസ്തവിദ്യരായവരിലെ തൊഴിലില്ലായ്മ നിരക്ക്, ഉയര്‍ന്ന ആത്മഹത്യാനിരക്ക് തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. അതില്‍ത്തന്നെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിത സ്ത്രീകളുടെ എണ്ണവും ഏറ്റവുമധികമുള്ളത് കേരളത്തിലാണ്.

സാമ്പത്തിക മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട ചില കണക്കുകളും ലിംഗനീതിയുടെ കാര്യത്തില്‍ നമ്മുടെ ദൗര്‍ബല്യങ്ങളെ വെളിപ്പെടുത്തുന്നവയാണ്. കേരളത്തിലെ തൊഴിലിടങ്ങളിലുള്ള ലിംഗപരമായ അസമത്വം അവിശ്വസനീയമാണ്.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലിടങ്ങളിലെ തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകരേക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിലെ സ്ത്രീകള്‍. എന്നാല്‍, ജോലി പങ്കാളിത്തനിരക്കിലും വേതന നിരക്കിലും ഗ്രാമ, നഗര വ്യത്യാസമില്ലാതെ സ്ത്രീകള്‍ പിറകിലാണ്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.

അതില്‍ത്തന്നെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിത സ്ത്രീകളുടെ എണ്ണവും ഏറ്റവുമധികമുള്ളത് കേരളത്തിലാണ്. അവസാനം പുറത്തുവന്ന പഠനമനുസരിച്ച് (Periodic Labour Force Survey) തൊഴില്‍ പങ്കാളിത്തനിരക്ക് -LFPR (Labour Force Participation Rate) കോവിഡ് കാലഘട്ടത്തില്‍ കുറഞ്ഞിട്ടുണ്ട്. 2021/ജനുവരി- മാര്‍ച്ച് പാദത്തില്‍ 15 വയസ്സിനു മുകളിലുള്ളവരില്‍ പുരുഷന്മാരില്‍ 73.5 ശതമാനവും സ്ത്രീകളില്‍ 21.2 ശതമാനം മാത്രമാണ് തൊഴില്‍ പങ്കാളിത്തനിരക്ക്.

ഇതേ കാലഘട്ടത്തില്‍ കേരളത്തിലെ നഗരമേഖലയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് -LFPR 24.9 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയില്‍നിന്ന് നേരിയ മെച്ചംമാത്രം (21.2 ശതമാനം). മറ്റൊരു സ്ത്രീപക്ഷ സൂചികകളിലും കേരളത്തിന്റെ അടുത്തെങ്ങുമെത്താത്ത സംസ്ഥാനങ്ങളില്‍ പലതും ഈ സൂചികകളില്‍ കേരളത്തേക്കാള്‍ മുന്നിലാണ്.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ ഉപഭോക്തൃ സര്‍വേയും കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെക്കുറിച്ച് ആശങ്കയുളവാക്കുന്ന ചില നിരീക്ഷണം പങ്കുവയ്ക്കുന്നുണ്ട്.

നഗരങ്ങളിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഗ്രാമങ്ങളിലെ സ്ത്രീകളേക്കാള്‍ കുറവാണ്. ഉദാഹരണത്തിന് 2019- --2020ലെ കണക്കുകള്‍ പ്രകാരം നഗരമേഖലയില്‍ 9.7 ശതമാനം മാത്രമായിരുന്നു പങ്കാളിത്തമെങ്കില്‍ ഗ്രാമീണമേഖലയില്‍ 11.3 ശതമാനമാണ്.

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നടത്തിയ പഠനപ്രകാരം അഭ്യസ്തവിദ്യരിലെ വിവാഹിതകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

അണുകുടുംബങ്ങള്‍ കൂടുതലായുള്ള കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ വിവാഹത്തിനുശേഷം നാലു ചുവരിനുള്ളില്‍ തളച്ചിടപ്പെടുകയാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെട്ട സമയം, മറ്റു വിഭവങ്ങള്‍ എന്നിവയെല്ലാം വലിയൊരളവോളം പാഴായിപ്പോകുകയാണ്.

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നടത്തിയ പഠനപ്രകാരം അഭ്യസ്തവിദ്യരിലെ വിവാഹിതകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം തീര്‍ത്ത് വച്ചു പോകുകയും വീട്ടില്‍ തിരിച്ചെത്തി വീണ്ടും വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ദീര്‍ഘകാലത്തേക്ക് സാധ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ദൂരസ്ഥലങ്ങളിലെ ജോലിസാധ്യതകള്‍ ഉപേക്ഷിക്കേണ്ടിവരുന്നു.

അതുപോലെ ജോലിസ്ഥലം ദൂരെയാകുമെന്ന കാരണത്താല്‍മാത്രം സ്ത്രീകള്‍ക്ക് പലപ്പോഴും തങ്ങളുടെ കരിയറില്‍ ലഭിക്കേണ്ട സ്ഥാനക്കയറ്റങ്ങളും മറ്റ് അവസരങ്ങളും നഷ്ടപ്പെടുത്തേണ്ടിയുംവരുന്നു. തന്മൂലം വ്യക്തിപരമായി തൊഴിലിലുണ്ടാകുന്ന അഭിവൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും ലഭ്യമാകാതെ വരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് നഗരങ്ങളില്‍ ലഭ്യമാകുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്കാകുമെന്ന കാരണത്താല്‍ നഗരങ്ങളിലെ ജോലി, അതിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന കാലഘട്ടത്തില്‍ ഉപേക്ഷിച്ചു പിന്മാറേണ്ടിവരുന്നവരിലും ഭൂരിപക്ഷം സ്ത്രീകളാണ്.

പഠനം പൂര്‍ത്തിയാക്കി ജോലിക്ക് തയ്യാറെടുക്കുന്ന പെണ്‍കുട്ടികള്‍ വിദൂരസ്ഥലത്ത് ഒറ്റയ്ക്ക് താമസിക്കേണ്ടിവരികയെന്ന വെല്ലുവിളിക്കു മുമ്പില്‍ ആ സ്വപ്നം ഉപേക്ഷിക്കുന്നതും കേരളത്തില്‍ സാധാരണമാണ്.

ഒരു വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള പരിണാമത്തിന് തയ്യാറെടുക്കുന്ന കേരളത്തില്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ സ്ത്രീകള്‍ക്ക് കഴിയണമെങ്കില്‍ അവരുടെ ചലനാത്മകത ഗണ്യമായി വര്‍ധിക്കണം.

പ്രായഭേദമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളുടെയും ഒരു സമൂഹമെന്നനിലയിലുള്ള ചലനാത്മകത വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. കേരളത്തിലെ സ്ത്രീകളാണ് ഉന്നതവിദ്യാഭ്യാസം നേടിയവരില്‍, പ്രത്യേകിച്ച് ബിരുദ- ബിരുദാനന്തര വിദ്യാഭ്യാസം നേടിയവരില്‍ കൂടുതല്‍.

അവര്‍ക്ക് ജോലിചെയ്യാന്‍ പറ്റുന്ന ഉയര്‍ന്ന തൊഴില്‍മേഖലകള്‍- ഐടി, ബയോടെക്‌നോളജി, സര്‍വിസ് മേഖലകള്‍- ഭൂരിഭാഗവും നഗരങ്ങളിലാണ് കേന്ദ്രീകരിക്കപ്പെടുക. ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകള്‍ക്ക് ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകണം.

ഇത്തരം തൊഴിലിടങ്ങളില്‍ ഇന്നത്തെ യാത്രാസൗകര്യങ്ങള്‍ ഉപയോഗിച്ചു ദിവസേന വന്നുപോകുക പ്രയാസമാണ്. വേഗമേറിയ പൊതുയാത്രാ മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ ഇത്തരം നഗരകേന്ദ്രീകൃത തൊഴിലിടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാപ്യമാകും.

വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്' എന്ന നാടകം അന്നത്തെ സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് എഴുതുകയും അവതരിപ്പിക്കുകയുംചെയ്ത 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന നാടകം അകത്തളങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീസമൂഹം ചങ്ങല പൊട്ടിച്ചു തൊഴിലിടങ്ങളിലേക്കും സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കും കുതിച്ചതിന്റെ അടയാളമാണ്.

ആ കുതിപ്പുകൊണ്ട് സ്ത്രീകളില്‍ കുറച്ചുപേര്‍ അടുക്കളയില്‍നിന്ന് അരങ്ങത്തെത്തിയിട്ടുണ്ട്. അതിലുമെത്രയോ കൂടുതല്‍ പേര്‍ ഇനിയും അരങ്ങിലും മുഖ്യധാരയിലും എത്തേണ്ടതുണ്ട്. അവരുടെ മുന്നോട്ടുള്ള കുതിപ്പിന് പാതയൊരുക്കാന്‍ സില്‍വര്‍ ലൈനിന് കഴിയും.

നഗര, ഗ്രാമ വ്യത്യാസമോ പ്രായഭേദമോ ഇല്ലാതെ അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെ വിപുലീകരിക്കുന്നതിലൂടെ അവരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് വെള്ളിവെളിച്ചം പകരാന്‍ ഈ വെള്ളിപ്പാതയ്ക്കാകും.

പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ചകളും ഭിന്നാഭിപ്രായങ്ങളുമെല്ലാം സ്വാഗതാര്‍ഹമാണ് . എന്നാല്‍, മുന്‍വിധിയോടെ കണ്ണടച്ച് എതിര്‍ക്കുന്നവരോട് അവരുടെ എതിര്‍പ്പില്‍ ഒരു സ്ത്രീവിരുദ്ധതകൂടിയുണ്ടെന്ന് പറയേണ്ടിവരും.

ഡോ. ജോ ജോസഫ്

Advertisment