തിരുവനന്തപുരം: മന്ത്രി സജിചെറിയാന്റെ ഭരണഘടനാ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
അംബേദ്കര്‍ ഉള്‍പ്പടെയുള്ളവരെയാണ് മന്ത്രി അപമാനിച്ചത്. ഭരണഘടനാ ശില്‍പികളെ അപകീര്‍ത്തിപ്പെടുത്തി. എവിടെ നിന്നാണ് ഇദ്ദേഹത്തിന് ഈ വിവരങ്ങളൊക്കെ കിട്ടിയതെന്നും സതീശന്‍ ചോദിച്ചു.
ഇത്തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല. തുടര്‍ന്നാല്‍ നിയമപരമായ വഴികള്‍ നേരിടും. ജനാധിപത്യത്തേയും മതേതരത്വത്തേയും അദ്ദേഹത്തിന് പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം നിയമസഭയിലും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതിനിടെ വിഷയത്തില്‍ രാജ്ഭവനും ഇടപെടും. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ രാജ്ഭവന്‍ തേടിയിട്ടുണ്ട്.
ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തിയുടെ പരാമര്‍ശം ഭരണഘടനയെ അപമാനിക്കുന്നതാണെന്നാണ് നിയമ വിദഗ്ദരും പറയുന്നത്. മന്ത്രി പറഞ്ഞതിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്.
ഇന്നു തന്നെ സജി ചെറിയാന്‍ മുഖ്യമന്ത്രിയെ കണ്ട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കും. സജീ ചെറിയാന്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും മുഖ്യമന്ത്രിയുടെ പ്രതികരണം.