തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്റെ രാജി ഏതാണ്ട് ഉറപ്പായി. ഭരണഘടനാ പദവിയില്‍ ഇരുന്ന് ഭരണഘടനയെ വിശ്വാസമില്ലെന്ന് ഒരു മന്ത്രി പറഞ്ഞാല്‍ നിയമപരമായി ആ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നതു തന്നെയാണ് വാസ്തവം.
ഇതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഭരണഘടനയെ വിശ്വാസമില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനത്തുപോലും ഇരിക്കാനുള്ള ധാര്‍മ്മികതയും നഷ്ടമായി കഴിഞ്ഞിട്ടുണ്ട്. മന്ത്രി പദവി രാജിവച്ച് എംഎല്‍എ സ്ഥാനം നിലനിര്‍ത്തുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പോംവഴി.
പ്രതിപക്ഷ സംഘടനകളും സജി ചെറിയാന്റെ പ്രസംഗത്തെ ഗൗരവമായി കണ്ട് പ്രതിഷേധത്തിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍നിന്ന് വിശദീകരണം തേടിയത്. താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രി നല്‍കിയ മറുപടി. പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ വൈകാതെ മാധ്യമങ്ങളെ കാണുന്നുണ്ട്.
മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടു. പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.
ഇന്ന് വൈകിട്ട് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. വിഷയത്തെ ഗൗരവമായി തന്നെ കാണാനാണ് രാജ്ഭവന്റെ തീരുമാനം.