തിരുവനന്തപുരം: ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കാന്‍ സിപിഎം. മന്ത്രിയുടെ ഖേദ പ്രകടനത്തോടെ വിവാദം തീര്‍ന്നെന്നാണ് സിപിഎം വിലയിരുത്തല്‍. ഇനി ഗവര്‍ണര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം.
സമീപകാല വിവാദങ്ങളില്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സജി ചെറിയാന്റെ ഭരണഘടനയെ പറ്റിയുള്ള വിവാദ പരാമര്‍ശം. അപ്രതീക്ഷമായി വന്ന വിവാദത്തില്‍ സിപിഎം ആദ്യമൊന്ന് പകച്ചിരുന്നു. പിന്നാലെ മന്ത്രിയെ നേരിട്ട് മുഖ്യമന്ത്രി വിളിച്ചു വരുത്തി.
വിശദീകരണം തേടിയ മുഖ്യമന്ത്രി പ്രസ്താവനയില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. സഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മന്ത്രി വിശദീകരണവും നല്‍കി. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നാണ് സഭയില്‍ മന്ത്രി വിശദീകരിച്ചത്.
എല്ലാ കുറ്റവും പരോക്ഷമായി മാധ്യമങ്ങളുടെ തലയിലിടാനാണ് മന്ത്രി ശ്രമിച്ചത്. പ്രസംഗമധ്യേയുള്ള പരാമര്‍ശങ്ങള്‍ ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെങ്കില്‍ അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതിലൂടെ പ്രശന്ം തണുപ്പിക്കാമെന്നാണ് സിപിഎം പ്രതീക്ഷ.
മന്ത്രിക്ക് ഉണ്ടായത് നാക്കുപിഴയാണെന്നാണ് മുതിര്‍ന്ന നേതാവ് എംഎ ബേബി പറഞ്ഞതത്. ഈ വാദം ഉനനയിച്ച് ന്യായീകരിക്കാനാണ് സിപിഎം നീക്കം. എന്നാല്‍ നിയമസഭ സമ്മേളിക്കുന്നതിനാല്‍ ഈ പ്രതിരോധം എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം.
അതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും.
തുടര്‍ന്ന് പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണര്‍ എടുക്കുന്ന നിലപാട് ഇതില്‍ നിര്‍ണായകമാണ്. ഗവര്‍ണറുടെ തീരുമാനം കാക്കാതെ വിഷയത്തില്‍ നിയമ പോരാട്ടത്തിനും സാധ്യതയുണ്ട്.
പ്രതിപക്ഷം നിയമപരമായി വിഷയത്തെ നേരിടാന്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ നിയമസഭയില്‍ വിഷയം പ്രതിപക്ഷം ഉന്നയിക്കും.