അന്ന് 'പഞ്ചാബ് മോഡല്‍' പ്രസംഗം ബാലകൃഷ്ണ പിള്ളയുടെ മന്ത്രി പണി കളഞ്ഞു ! 1985 മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയിലെ പ്രസംഗം വീഴ്ത്തിയത് അന്നത്തെ കരുണാകരന്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയെ. അന്നത്തെ 'പഞ്ചാബ് മോഡലി'നെക്കാള്‍ ഗുരുതരം ഇന്നത്തെ 'മല്ലപ്പള്ളി മോഡല്‍' ! എന്തായിരുന്നു പിള്ളയെ വീഴ്ത്തിയ ആ പ്രസംഗം ? സജി ചെറിയാനെ കാത്തിരിക്കുന്നതും പിള്ളയുടെ അതേ വിധി തന്നെയോ

New Update

publive-image

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പാര്‍ട്ടി വേദിയില്‍ ഭരണഘടനയ്‌ക്കെതിരെ ഭരണഘടനാ പദവിയിലിരുന്ന് മന്ത്രി സജി ചെറിയാന്‍ നടത്തിയ വിമര്‍ശനം വിവാദമായതോടെ പഴയൊരു പ്രസംഗവും വലിയ ചര്‍ച്ചയാകുകയാണ്. അന്തരിച്ച കേരളാ കോണ്‍ഗ്രസ നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗമായിരുന്നു അത്. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് പിള്ളയുടെ മന്ത്രിപ്പണിപോയ പ്രസംഗം നടത്തിയത്.

Advertisment

1985 മെയ് 25- എറണാകുളം രാജേന്ദ്ര മൈതാനം. കേരളാ കോണ്‍ഗ്രസിന്റെ സമര പ്രഖ്യാപന സമ്മേളനമായിരുന്നു വേദി. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു പ്രസംഗം.

കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വാക്കുകള്‍. പഞ്ചാബില്‍ വിഘടനവാദം കത്തിനില്‍ക്കുന്ന കാലഘട്ടമായിരുന്നു അന്ന്.

പഞ്ചാബികളെ തൃപ്തിപ്പെടുത്താനാണ് കോച്ച് ഫാക്ടറി രാജീവ് ഗാന്ധി പഞ്ചാബിലേക്ക് തിരിച്ചുവിട്ടതെന്ന ആരോപണത്തിനിടെയായിരുന്നു പിള്ളയുടെ പ്രസംഗം. പിറ്റേന്ന് പത്രങ്ങളില്‍ പ്രസംഗം അച്ചടിച്ചുവന്നു.

വിവാദം.... പിള്ള കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് പ്രചാരണമായി. മുന്നണിക്കുള്ളിലും പിള്ള ഒറ്റപ്പെട്ടു. ദൃശ്യമാധ്യമങ്ങളില്ലാതിരുന്ന അക്കാലത്ത് വാര്‍ത്ത വളച്ചൊടിച്ചെന്ന ആക്ഷേപം പിള്ളയും ഉയര്‍ത്തി.

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി.കാര്‍ത്തികേയന്‍ പിള്ളയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജി വേണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ഒരു പൊതുതാല്‍പര്യ ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തി. ബാലകൃഷ്ണപ്പിള്ള രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായി.

ഇന്ന് മല്ലപ്പള്ളിയില്‍ ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തെ അതുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും ചില സാമ്യങ്ങളൊക്കെയുണ്ട്. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ സജീവമാകുമ്പോഴും പ്രസംഗം വളച്ചൊടിച്ചുവെന്ന ആരോപണവും സജി ചെറിയാന്‍ ഉയര്‍ത്തുന്നു.

Advertisment