തിരുവനന്തപുരം: മന്ത്രിസഭയിലെത്തിയ നാള്‍ മുതല്‍ മന്ത്രി സജി ചെറിയാനെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു സജി ചെറിയാന്റെ യാത്ര. കെ-റെയില്‍ വിഷയത്തിലും ഹേമാ കമ്മറ്റി റിപ്പോര്‍ട്ടു സംബന്ധിച്ച വിഷയത്തിലുമൊക്കെ അത് കണ്ടതാണ്. ഒടുവില്‍ ഭരണഘടനയെ വിമര്‍ശിച്ച് പാര്‍ട്ടിയെ കൂടി പ്രതിസന്ധിയിലാക്കി പുറത്തുപോകാനാണ് സജി ചെറിയാന് വിധിയുണ്ടായത്.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെ 2018ലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് സജി ചെറിയാന്‍ നിയമസഭയില്‍ ആദ്യമായി എത്തുന്നത്. അതിനു ശേഷം പൊതു തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം അദ്ദേഹത്തെ മന്ത്രിസഭയിലും എത്തിച്ചു.
ഫിഷറീസ്, സാംസ്‌ക്കാരിക വകുപ്പുകളാണ് സജി ചെറിയാന് കിട്ടിയത്. ഇതിനിടെ കെ-റെയിലിലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ബഫര്‍സോണില്ലെന്ന വിവാദ പരാമര്‍ശം മന്ത്രി നടത്തിയത്. കെ-റെയിലോ മുഖ്യമന്ത്രിയോ പോലും പറയാത്ത കാര്യം പിന്നീട് വിവാദമായി.
ചെങ്ങന്നൂരില്‍ കെ-റെയില്‍ വിരുദ്ധ സമരം നടത്തിയവരെ തീവ്രവാദികളെന്നു വിളിച്ചതും പ്രസ്താവന പിന്നീട് തിരുത്തിയതും വിവാദത്തിലായി. ഇതിനിടെ തെരഞ്ഞെടുപ്പു വേളയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 28 ലക്ഷം രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയ മന്ത്രി പിന്നീട് തനിക്ക് അഞ്ചു കോടിയുടെ സ്വത്ത് ഉണ്ടെന്നു തിരുത്തിയതും കേരളം കണ്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിക്കെതിരെ നടത്തിയ വിമര്‍ശനമാണ് മറ്റൊരു വിവാദം. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സിനിമക്കാരുടെ ഭാഗത്തുനിന്നുതന്നെ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു.
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വപ്‌ന സുരേഷിനെ രൂക്ഷമായി സജി ചെറിയാന്‍ വിമര്‍ശിച്ചതും വിവാദമായിരുന്നു. സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്നും യു ഡി എഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോള്‍ സ്വപ്ന പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നാണ് മന്ത്രി പറഞ്ഞത്.
ഇതിനു പിന്നാലെയാണ് മല്ലപ്പളിയിലെ വിവാദ പ്രസംഗത്തില്‍ മന്ത്രി കുടുങ്ങുന്നത്. ഏതു പുലിവാല്‍ മന്ത്രി പിടിച്ചാലും അതിലെല്ലാം രക്ഷപെടുന്നത് മുഖ്യമന്ത്രിയുടെ പിന്തുണ അദ്ദേഹത്തിനുള്ളതിനാലായിരുന്നു. ഇത്തവണ അതുണ്ടാകുമോ എന്ന് കണ്ടറിയണം.