മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ പകരക്കാരനെ സംബന്ധിച്ച് അനിശ്ചിതത്വം ! സജിയുടെ മടങ്ങിവരവിനുള്ള സാധ്യതയും ആരായും. ഇല്ലെങ്കില്‍ മാത്രം പകരക്കാരന്‍

New Update

publive-image

തിരുവനന്തപുരം: സ്വയം കുഴിച്ച കുഴിയില്‍ വീണ് രാജിവച്ച മുന്‍ മന്ത്രി സജി ചെറിയാന് പകരക്കാരനുണ്ടാകുമോ എന്നതാണ് പുതിയതായി ഉയരുന്ന ചോദ്യം. ഇല്ലെന്നു തന്നെയാണ് ഉന്നത സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പകരം ഈ ഒഴിവ് തല്‍ക്കാലം നികത്താതെയിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ തിരികെയെത്തിക്കാനാണ് ഭരണപക്ഷത്തിന്‍റെ ആലോചന.

Advertisment

പക്ഷേ അതും അത്ര എളുപ്പമായിരിക്കില്ലെന്നാണ് സൂചന. മന്ത്രിപദവിയില്‍ നിന്നുള്ള രാജികൊണ്ട് വിവാദങ്ങള്‍ ഒഴിയുമെന്ന് കരുതുക വയ്യ. പകരം സജി ചെറിയാന്‍ എംഎല്‍എ പദവികൂടി ഒഴിയണമെന്ന ആവശ്യം ഉയരുമെന്നുറപ്പാണ്.

ഈ ആവശ്യം പ്രതിപക്ഷവും ബിജെപിയും കാര്യമായി എറ്റെടുത്തില്ലെങ്കില്‍പോലും കോടതിയില്‍ ഈ ആവശ്യം ഉയരുമെന്നുറപ്പാണ്. നിലവില്‍ തന്നെ കോടതിയില്‍ കേസ് നിലവിലുണ്ട്. അതിനാല്‍ തന്നെ കേസും വിവാദങ്ങളും അവസാനിച്ച ശേഷം മാത്രമേ ഒരു മടങ്ങിവരവ് സജി ചെറിയാന് സാധ്യമാകൂ എന്നുറപ്പാണ്.

അതേസമയം സജി ചെറിയാന് പകരക്കാരനെ ഉടന്‍ കണ്ടെത്തണമെന്ന അഭിപ്രായം ഉള്ളവരും സെക്രട്ടറിയേറ്റിലുണ്ട്. സജി ചെറിയാന്‍റെ മടങ്ങിവരവ് അനായാസമായിരിക്കില്ലെന്ന വസ്തുത ഇവരും നേതൃത്വത്തെ അറിയിക്കും.

അങ്ങനെവന്നാല്‍ അധികം താമസിയാതെ ഒരു പകരക്കാരനെ കണ്ടെത്താന്‍ സിപിഎം നിര്‍ബന്ധിതമാകും. എന്നാല്‍പോലും അത് ഒരു മാസത്തിനുള്ളില്‍ ഉണ്ടാകാനിടയില്ല.

Advertisment