തിരുവനന്തപുരം: സജി ചെറിയാൻ്റെ രാജിക്ക് കാരണമായ മല്ലപ്പള്ളി പ്രസംഗത്തിൽ അദ്ദേഹത്തിനെതിര പാർട്ടി നടപടി ഇല്ലെങ്കിലും വിഷയത്തിൽ മല്ലപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ നടപടി വരും.
സജി ചെറിയാൻ്റെ 47 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിലെ വിവാദമായ ഭാഗം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ നേതാക്കൾക്കെതിരെയാണ് നടപടി. വിഷയത്തിൽ പത്തനംതിട്ട ജില്ലാ കമ്മറ്റി അന്വേഷണം നടത്തും.
മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഫേസ്ബുക്ക് വഴി ഏരിയാ കമ്മിറ്റിയംഗമായ കെ.പി രാധാകൃഷ്ണൻ നടത്തിയിരുന്ന പ്രതിവാര രാഷ്ടീയ അവലോകന പരിപാടിയുടെ നൂറാം വാര ആഘോഷമായിരുന്നു പരിപാടി. നേരത്തെ ലേബർ ഓഫിസറായിരുന്ന രാധാകൃഷ്ണൻ സർവീസ് സംഘടനാ നേതാവായിരുന്നു, പിന്നിട് റിട്ടയർ ചെയ്ത ശേഷം പാർട്ടിയിലും സജീവമായി.
രാധാകൃഷ്ണൻ മല്ലപ്പള്ളി ഏരിയാ കമ്മറ്റിയിൽ വന്നതിൽ ചിലർക്ക് എതിർപ്പുണ്ടായിരുന്നു. രാധാകൃഷ്ണന് എങ്ങനെയും പണി കൊടുക്കണമെന്ന ചിന്ത ചില ഏരിയാ, ലോക്കൽ കമ്മറ്റി നേതാക്കൾക്ക് ഉണ്ടായിരുന്നു.
ഇതിനിടെയാണ് സജി ചെറിയാൻ്റെ പ്രസംഗം വീണു കിട്ടുന്നത്. പരിപാടി ഫേസ്ബുക്ക് പേജിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ ഇത് കാര്യമായ പ്രതികരണം ഉണ്ടാക്കിയിരുന്നില്ല.
ഇതോടെ പ്രസംഗത്തിൻ്റെ വിവാദ ഭാഗം ഒരു പ്രമുഖ മാധ്യമത്തിൻ്റെ ഓൺലൈൻ വിഭാഗത്തിൽ കൊടുക്കുകയായിരുന്നു. ഇതാണ് പിന്നിട് മറ്റു മാധ്യമങ്ങൾ ഏറ്റെടുക്കുകയും വിവാദമായതും മന്ത്രിയുടെ രാജിയിൽ കലാശിച്ചതും.
മുമ്പ് കടുത്ത വിഭാഗീയത നിലനിന്നിരുന്ന ജില്ലയായിരുന്നു പത്തനംതിട്ട. അതിൽ തന്നെ മല്ലപ്പള്ളി ഏരിയാ കമ്മറ്റിയിലും വിഭാഗീയത കൊടികുത്തി നിന്ന കാലം ഉണ്ടായിരുന്നു. ഈ വിഭാഗീയത ഒരു പരിധി വരെ കുറഞ്ഞുവെന്നായിരുന്നു പാർട്ടി വിലയിരുത്തൽ.
എന്നാൽ ഇപ്പോഴും വിഭാഗീയതയക്ക് കുറവില്ലെന്നു തന്നെയാണ് ഈ സംഭവം തെളിയിക്കുന്നത് എന്നാണ് വിലയിരുത്തൽ. ചില പാർട്ടി നേതാക്കൾക്കെതിരെ കടുത്ത നടപടി തന്നെ എടുക്കുമെന്നാണ് സൂചന.