തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജി വയ്ക്കേണ്ടിവന്ന സജി ചെറിയാന് പകരം ആരാകും പുതിയ മന്ത്രി. പുതിയ മന്ത്രിയുടെ കാര്യത്തിൽ സിപിഎം സെക്രട്ടറിയറ്റിൻ്റെയും സംസ്ഥാന സമിതിയുടെയും തീരുമാനം നിർണായകമാണ്.
തൽക്കാലം പുതിയ മന്ത്രിയില്ലെങ്കിൽ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈയ്യിൽ വയ്ക്കും. അതല്ലെങ്കിൽ സിപിഎം മന്ത്രിമാർക്ക് വീതിച്ചു നൽകിയേക്കും.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവാർഷികം ആഘോഷിച്ച് ഒരുമാസം മാത്രം കഴിയുമ്പോഴായിരുന്നു സജി ചെറിയാൻ്റെ രാജി. ഇനിയും നാലു വർഷം കൂടി ബാക്കിയുള്ളതിനാൽ പുതിയ മന്ത്രിയെ നിശ്ചയിക്കാനാണ് സാധ്യത. സജി ചെറിയാൻ്റെ തിരിച്ചു വരവിനുള്ള സാധ്യത തീരെയില്ല.
ഇനി പുതിയ മന്ത്രിയെ കൊണ്ടുവരാൻ തീരുമാനിച്ചാൽ ആലപ്പുഴ ജില്ലയിൽ നിന്നു തന്നെ വരുമോ എന്നും ഉറപ്പില്ല. ആലപ്പുഴയിൽ നിന്ന് തന്നെ മന്ത്രി വേണമെന്ന് തീരുമാനിച്ചാൽ യു പ്രതിഭയോ, പി.പി ചിത്തരഞ്ജനോ ആകും പരിഗണനയിൽ.
ആറ് എംൽഎമാരാണ് ആലപ്പുഴയിൽ സിപിഎമ്മിനുള്ളത്. അരൂർ - ദലീമ ജോജോ, ആലപ്പുഴ - പി.പി ചിത്തരഞ്ജൻ, അമ്പലപ്പുഴ - എച്ച് സലാം, കായംകുളം - യു പ്രതിഭ, മാവേലിക്കര - എം.എസ് അരുൺകുമാർ എന്നിവരാണ് ഈ എംഎൽഎമാർ.
രണ്ട് തവണ എംഎൽഎയായ യു പ്രതിഭയുടെ കാര്യം പാർട്ടി ജില്ലാ ഘടകത്തിന്റെ നിലപാട് അനുസരിച്ചാകും. പ്രതിഭ ജില്ലാ നേതൃത്വത്തിൻ്റെ കണ്ണിലെ കരടാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് അവർ.
ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.പി ചിത്തരഞ്ജനാണ് സാധ്യതയേറെയുള്ളത്. പിണറായിയുടെയും കോടി യേരിയുടെയും പിന്തുണയും ചിത്തരഞ്ജനുണ്ട്.
ആലപ്പുഴയ്ക്ക് പുറത്തു നിന്ന് ഒരു എംഎൽഎയെ പരിഗണിക്കുകയാണെങ്കിൽ കൂടുതൽ സാധ്യത കണ്ണൂരിൽ നിന്നും എ.എൻ ഷംസീറിനാണ്. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ പ്രധാന നേതാവും രണ്ട് തവണ എംഎൽഎയുമായ ഷംസീർ നേരത്തേ മന്ത്രി സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ മലബാറിൽ നിന്ന് മുഹമ്മദ് റിയാസിന് മന്ത്രിപദം നൽകിയതോടെ ഷംസീറിന്റെ സാധ്യതകൾ അടയുകയായിരുന്നു. വീണ്ടുമൊരു മന്ത്രി സ്ഥാനം ഒഴിഞ്ഞു വന്ന സാഹചര്യത്തിൽ ഷംസീർ മന്ത്രിപദത്തിൽ എത്തുമെന്നാണ് കണ്ണൂരിലെ പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ.
സജി ചെറിയാന് പകരക്കാരനായി ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് കൊല്ലം ജില്ലയിൽ നിന്നു മുകേഷിൻ്റേതാണ്. രണ്ടാം തവണയും എംഎൽഎയായ മുകേഷിന് മന്ത്രി സ്ഥാനം നൽകിയാൽ സിനിമാക്കാരുടെ മന്ത്രിയായി ഒരു സിനിമ നടൻ തന്നെ രണ്ടാം പിണറായി സർക്കാരിനൊപ്പം ചേരും.
നിലവിൽ മന്ത്രിമാരില്ലാത്ത ജില്ലയായ കാസർഗോഡ് നിന്നൊരു മന്ത്രി എന്ന ആവശ്യവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ സി എച്ച് കുഞ്ഞമ്പു മന്ത്രിയാകും.