തിരുവനന്തപുരം: കോഴിക്കോട് ലുലു കണ്‍വന്‍ഷന്‍ സെന്ററിന് വേണ്ടി കോര്‍പറേഷന്റെ ഭൂമി വിട്ടു നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.
ലുലു ഗ്രൂപ്പിന്റെ കൈവശമുള്ള നെല്ലിക്കോട് വില്ലേജിലെ 26.19 സെന്റ് സ്ഥലം കോര്‍പറേഷന് നല്‍കി പകരം പുറമ്പോക്കും തോടു പുറമ്പോക്കും ഉള്‍പ്പെടെ 19 സെന്റ് സ്ഥലമാണ് ലുലുവിന് വിട്ടു നല്‍കുന്നത്. ആറ് സെന്റ് പുറമ്പോക്ക് ഭൂമിയും 13 സെന്റ് തോട് പുറമ്പോക്ക് ഭൂമിയുമാണ് ലുലുവിന് കൈമാറുന്നത്. കോടികള്‍ മാര്‍ക്കറ്റ് വില മതിക്കുന്നതാണ് ഈ ഭൂമി.
കഴിഞ്ഞ ജൂണ്‍ 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ലുലു ഗ്രൂപ്പിന് ഭൂമി കൈമാറുന്നത് സാമ്പത്തിക ബാധ്യതയുള്ള തീരുമാനമായിട്ടും ധനവകുപ്പോ, നിയമ വകുപ്പോ ഇതിന് യാതൊരു എതിര്‍പ്പും അറിയിച്ചിട്ടില്ല. നിയമവകുപ്പാകട്ടെ കുറച്ചു കൂടി കടന്ന് നിലവിലെ നിയമങ്ങള്‍ മറി കടക്കുന്നതിനുള്ള ഉപദേശവും നല്‍കിയിട്ടുണ്ട്.
നാലു വര്‍ഷം മുമ്പാണ് കോഴിക്കോട് കോര്‍പറേഷന്റെ വളയനാട് വില്ലേജിലെ ടിഎസ് നമ്പര്‍ 24-8-284ല്‍ പെട്ട ആറ് സെന്റ് പുറമ്പോക്കും ടിഎസ് നമ്പര്‍ 24-8-289ല്‍പ്പെട്ട 13 സെന്റ് തോടു പുറമ്പോക്കും ഉള്‍പ്പെടെ 19 സെന്റ് സ്ഥലത്തിനായി ലുലു ഗ്രൂപ്പ് അപേക്ഷ നല്‍കിയത്.
2018 നവംബര്‍ 14ന് നല്‍കിയ അപേക്ഷ ആദ്യം തന്നെ തദ്ദേശ വകുപ്പ് തള്ളിയതായിരുന്നു. പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ പാടില്ലെന്ന നിയമത്തെ തുടര്‍ന്നായിരുന്നു നടപടി.
എന്നാല്‍ ലുലു ഗ്രൂപ്പ് വീണ്ടും അപേക്ഷ നല്‍കി. കോവിഡ് കാലത്ത് നല്‍കിയ അപേക്ഷ വളരെ വേഗം തന്നെ വിവിധ വകുപ്പുകള്‍ ഇടപെട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലും ആര്‍ക്കും എതിരഭിപ്രായമുണ്ടായില്ല.
ലുലു ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമിക്ക് ഒരു ആറിന് 7.39 ലക്ഷം രൂപ കമ്പോള വിലയുള്ളപ്പോള്‍ വിട്ടു നല്‍കിയ ഭൂമിക്ക് ഒരു ആറിന് 11.53 ലക്ഷം രൂപയാണ്. ലുലു ഗ്രൂപ്പിന് കോഴിക്കോട് കെട്ടിടം വന്നാല്‍ തൊഴില്‍ സാധ്യതയും ടൂറിസം മേഖലയില്‍ പ്രയോജനവുമുണ്ടെന്നും അതുകൊണ്ട് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭൂമി കൈമാറാമെന്നുമാണ് സര്‍ക്കാരിന്റെ തീരുമാനം.
സാധാരണക്കാരന്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒരിഞ്ച് സ്ഥലം കൈവശം വച്ചാല്‍ അതിനെതിരെ നിയമനടപടിയെടുക്കുന്ന സര്‍ക്കാരാണ് പുറമ്പോക്ക് ഭൂമി നിയമം മറികടന്ന് ലുലു ഗ്രൂപ്പിന് ഭൂമി കൈമാറുന്നത്. ഇതില്‍ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ പരാതിയുമില്ല.