കെപിസിസിയിലെ കണക്കുകള്‍ ഓഡിറ്റിങിന് വിധേയമാക്കി കെപിസിസി പ്രസിഡന്റ് ! പുറത്തുനിന്നുള്ള ഓഡിറ്റര്‍മാര്‍ പരിശോധിക്കുന്നത് രമേശ് ചെന്നിത്തല പ്രസിഡന്റായതുമുതലുള്ള കണക്കുകള്‍. വിഎം സുധീരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ കാലത്തെ കണക്കും പരിശോധിക്കും ! കെപിസിസിയുടെ ഏഴു ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കും. 137 ചലഞ്ചും പരാജയം ! കെപിസിസിക്ക് കിട്ടിയത് 4.5 കോടി രൂപാ മാത്രം

New Update

publive-image

തിരുവനന്തപുരം: കെപിസിസിയിലെ കണക്കുകള്‍ പുറത്തുനിന്നുള്ള ഓഡിറ്റര്‍മാരെ കൊണ്ട് പരിശോധിപ്പിച്ച് കെപിസിസി അധ്യക്ഷന്‍. 2011 മുതലുള്ള കണക്കുകളാണ് കൃത്യമായി പരിശോധിക്കാന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചത്. കഴിഞ്ഞ മൂന്നു മാസമായി ഇതിന്റെ പരിശോധന ഓഡിറ്റര്‍മാര്‍ തുടങ്ങിയിട്ടുണ്ട്.

Advertisment

ഒരു മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാകും. രമേശ് ചെന്നിത്തല കാലവധിയൊഴിയുന്നതിന് തൊട്ടുമുമ്പുള്ള കാലം മുതല്‍ വിഎം സുധീരന്‍, എംഎം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ കാലത്തെയും കണക്കുകളാണ് പരിശോധിക്കുന്നത്.

കെപിസിസിയുടെ രണ്ട് പ്രധാന അക്കൗണ്ടുകളും ബാക്കിയുള്ള അഞ്ച് അക്കൗണ്ടുകളും ഉള്‍പ്പെടെ ഏഴ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. സമീപകാലത്ത് ഇതാദ്യമായാണ് കെപിസിസിയില്‍ ബാഹ്യ ഓഡിറ്റര്‍മാരെ ഉപയോഗിച്ച് കണക്കുകള്‍ പരിശോധിക്കുന്നത്.

പാര്‍ട്ടി കണക്കുകള്‍ സുതാര്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രസിഡന്റിന്റെ നിലപാട്. മുന്‍ നേതൃത്വത്തിന്റെ കാലത്ത് ഏതെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ അക്കാര്യത്തില്‍ കണക്കുവച്ച് അവര്‍ മറുപടി പറയേണ്ടി വരും. കെപിസിസി നേതൃയോഗത്തിലും കണക്ക് പരിശോധനയുടെ വിവരങ്ങള്‍ നല്‍കും.

അതിനിടെ കഴിഞ്ഞ വര്‍ഷം കെപിസിസി അവതരിപ്പിച്ച '137 ചലഞ്ച്' ഫണ്ട് പിരിവ് വേണ്ടത്ര വിജയിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലാ കമ്മറ്റികള്‍ക്കുള്ള വിഹിതം നല്‍കിയതിന് ശേഷം 4.5 കോടി രൂപമാത്രമാണ് സംസ്ഥാന സമിതിക്ക് ലഭിച്ചതെന്നാണ് സൂചന.

ചലഞ്ച് പരാജയമായതുകൊണ്ടാണ് കണക്കുകള്‍ പരസ്യപ്പെടുത്താന്‍ വൈകിയതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പിരിവ് കുറച്ചു കൂടി ഊര്‍ജ്ജിതമാക്കാന്‍ ഉദ്ദേശിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതും വിജയിച്ചില്ല.

Advertisment