പുനസംഘടനയുടെ പേരില്‍ പലതട്ടില്‍ ഉടക്കി നിന്ന കോണ്‍ഗ്രസുകാരെ ഒരുമിപ്പിച്ചത് എംഎം മണി ! കെകെ രമയെ അധിക്ഷേപിച്ച എംഎം മണിക്കെതിരെ അസ്വാരസ്യങ്ങള്‍ മറന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് രംഗത്ത്. പ്രതിപക്ഷ നേതാവിനൊപ്പം നിന്ന് രമേശ് ചെന്നിത്തലയും മറ്റു ഗ്രൂപ്പ് നേതാക്കളും ! ടിപി കേസിലെ ഗൂഢാലോചന അന്വേഷിക്കണെമന്ന കോണ്‍ഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാനെത്തിയ എംഎം മണി ഒടുവില്‍ അദ്ദേഹത്തെ കുഴിയിലാക്കിയത് ഇങ്ങനെ

New Update

publive-image

തിരുവനന്തപുരം: കെകെ രമ എംഎല്‍എയ്‌ക്കെതിരെ എംഎം മണി ഉയര്‍ത്തിയ അധിക്ഷേപത്തെ ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണ. നിയമസഭയക്ക് പുറത്തും അകത്തും ഒരുപോലെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

Advertisment

യുഡിഎഫ് എന്നതിനപ്പുറം കോണ്‍ഗ്രസ് നേതൃത്വം നേരിട്ടാണ് കെകെ രമയ്ക്ക് പിന്തുണയുമായി എത്തിയത്. പുനസംഘടനയടക്കമുള്ള വിഷയങ്ങളില്‍ പലതട്ടിലായി നിന്ന കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാന്‍ എംഎം മണിയുടെ പ്രസ്താവന സഹായിച്ചു എന്നതാണ് സത്യം.

നിയമസഭയില്‍ അത് ദൃശ്യവുമായി. പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പം ഒരേ മനസോടെ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിന്നു. എല്ലാവിധ അസ്വാരസ്യങ്ങളും മറന്ന് കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം എംഎം മണിക്കും മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ തിരിഞ്ഞതും ശ്രദ്ധേയമായി.

പുതിയ സാഹചര്യത്തില്‍ ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ഗൂഢാലോചന വീണ്ടുമന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വിഷയത്തില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന നിലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

പതിവ് ശൈലിക്കപ്പുറം കുറച്ചു കൂടി അഗ്രസ്സീവായ പ്രതിപക്ഷ നേതാവിനെയാണ് നിയമസഭയില്‍ ഇന്നലെ മുതല്‍ കാണുന്നത്. എന്നും ഭരണപക്ഷ നിരയെ കടന്നാക്രമിക്കുന്ന സതീശന്‍ ഇന്നും മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ വിധി തീരുമാനിച്ച പാര്‍ട്ടി കോടതിയുടെ ജഡ്ജി അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

ഇതിനു പിന്നാലെ അന്നത്തെ ആഭ്യമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗൂഢാലോചന അന്വേഷിക്കണനെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഇത് കോണ്‍ഗ്രസിന്റെ പൊതുവികാരമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് എംഎം മണി തന്നെയെന്ന് പറയാം.

മുഖ്യമന്ത്രിയെ രക്ഷിക്കാനെത്തി ഒടുവില്‍ അദ്ദേഹത്തെ കൂടി കെണിയില്‍ പെടുത്തുകയാണ് എംഎം മണി ചെയ്തതെന്ന് വ്യക്തം. മുഖ്യമന്ത്രിക്കെതിരെ എതിരാളികളെ ഒരുമിപ്പിക്കാനും പുതിയ ആരോപണത്തില്‍ അദ്ദേഹത്തിനെ ഉള്‍പ്പെടുത്താനും കഴിഞ്ഞു എന്നത് മാത്രമാണ് ഇപ്പോഴുണ്ടായ ഏക കാര്യം.

Advertisment