തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണിനെതിരെ പോലീസ് കേസ്. സിപിഎം നേതാവ് എളമരം കരീം നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ തന്നെയാണ് തനിക്കെതിരെ എളമരം കരീം കേസ് കൊടുത്ത കാര്യം വ്യക്തമാക്കിയത്.
കേസ് സംബന്ധിച്ച് ഒരു സൂചന പോലും വിനുവിന് പോലീസ് നല്‍കിയിരുന്നില്ല. അഞ്ചു വകുപ്പുകള്‍ ചുമത്തി കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിട്ടുള്ളത്. കേസിനെ കുറിച്ച ഒരു അറിയിപ്പും നല്‍കാതെയിരുന്ന് ഒരു സുപ്രഭാതത്തില്‍ അറസ്റ്റു ചെയ്യാനായിരിക്കാം പോലീസ് നീക്കമെന്നാണ് വിനു വി ജോണ്‍ ഇതേ കുറിച്ച് ഇന്നലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.
കഴിഞ്ഞ മാര്‍ച്ച് 28നാണ് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദിദ്വിന പണിമുടക്കില്‍ സാധാരണക്കാരെ ആക്രമിച്ച വിവരം ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. അന്ന് എളമരം കരീമിനെതിരെ വിനു വി ജോണ്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ഒരുമാസം കഴിഞ്ഞാണ് എളമരം കരീം തന്നെ വിനു വി ജോണ്‍ മനപൂര്‍വം ആക്രമിക്കണമെന്നും അപമാനിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പറഞ്ഞ് കേസ് കൊടുത്തത്.
ഐപിസി 107, 118, 504, 506 എന്നിവയാണ് വകുപ്പുകള്‍. കെപി ആക്ടിലെ 120 ഒയും വിനുവിനെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെപ്പറ്റി വിനു വി ജോണിനോട് പോലീസ് ഇതവരെ അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ന്യൂസ് അവറില്‍ വിനു വി ജോണ്‍ പറഞ്ഞത് ഇങ്ങന: എന്റെ വീട്ടിലേക്ക് കടന്നു കയറി പോസ്റ്റ് ഒട്ടിച്ചു, ഭീഷണിപ്പെടുത്തുന്നതടക്കമുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നു. നഗരത്തിലാകെ അത്തരം പോസ്റ്റര്‍ പതിച്ചു.
ഇതില്‍ താന്‍ നല്‍കിയ പരാതിയില്‍ ഒരു ഐപിഎസ് ഓഫീസര്‍ വന്നു മൊഴി എടുത്തു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഇതിനിടെ കലാവധി തീര്‍ന്ന പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കി.
അടുത്ത ദിവസം പാസ്പോര്‍ട്ട് കൈയില്‍ കിട്ടി. പിന്നാലെ പൊലീസ് വെരിഫിക്കേഷന്‍ നടന്നു. അതില്‍ തനിക്കെതിരെ റിപ്പോര്‍ട്ട് വന്നു. താന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നായിരുന്നു അത്.
ഇതോടെ കേസിനെ കുറിച്ച് അന്വേഷിച്ചു. ഐപിസിയിലെ നാലു വകുപ്പും കേരളാ പൊലീസ് ആക്ടിലെ ഒരു വകുപ്പും ചേര്‍ത്താണ് കേസ്. മാര്‍ച്ച് മാസം 28നായിരുന്നു സംഭവം. ഏപ്രില്‍ മാസം 28ന് കേസെടുത്തു.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപനകനെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ണീരൊഴുക്കുന്നവരുണ്ടല്ലോ പ്രതിഷേധിക്കുന്നവരുണ്ടല്ലോ...അതുപോലെ താഴ്ത്തിവച്ചിരിക്കുകയാണ്. കുഞ്ഞിലയുടെ കേസ് ശ്രീ അഭിലാഷ് സൂചിപ്പിച്ചല്ലോ.. ഇതു പോലെ താഴ്ത്തി വച്ചിരിക്കുകയായിരുന്നു.
പാസ്പോര്‍ട്ട് കാലാവധി തീര്‍ന്നതു കൊണ്ട് ഞാന്‍ അത് അറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു പൊളിലിക്കല്‍ പ്രഷര്‍ ഉള്ളതു കൊണ്ട് കേസ് എടുത്തുവെന്ന്. അത് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്നെങ്കിലും പിടിക്കാന്‍.
അതുകൊണ്ട് കേരളത്തിലും സംഭവിക്കും. ഫാസിസ്റ്റ് കേരളം ഭരിക്കുമ്പോള്‍ ഇതില്‍ അപ്പുറവും സംഭവിക്കും. നാളെ ഇതു പറയാന്‍ ഞാന്‍ നിങ്ങള്‍ക്ക് മുമ്പിലുണ്ടാകണമെന്നില്ല.
ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങള്‍.