കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സപ്ലൈക്കോയ്ക്ക് കിട്ടാനുള്ളത് 3750 കോടി

സപ്ലൈകോയിലെ 13 ഇന സബ്സിഡി ഉത്പന്നങ്ങളില്‍ 5 എണ്ണം പോലും എവിടെയുമില്ല എന്നതാണ് നിലവിലെ അവസ്ഥ. സാമ്പത്തിക പ്രതിസന്ധിയാണ് സപ്ലൈകോ ചൂണ്ടിക്കാണിക്കുന്നത്.

author-image
shafeek cm
New Update
supplyco debt

സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ പരിഹാരം കാണാനാകാതെ വലഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. 3700 കോടിയിലേറെ രൂപയാണ് സ്‌പ്ലൈകോയുടെ കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. സബ്സിഡി ഉത്പന്നങ്ങള്‍ക്ക് വില കൂട്ടില്ലെന്ന പ്രഖ്യാപിത നിലപാട് തിരുത്തുന്നതില്‍ മുന്നണിയിലും അഭിപ്രായ സമന്വയമായില്ല. സ്‌പ്ലൈകോയിലെ പ്രതിസന്ധി ഇങ്ങനെ തുടര്‍ന്നാല്‍ കൈവിട്ടുപോകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

Advertisment

സപ്ലൈകോയിലെ 13 ഇന സബ്സിഡി ഉത്പന്നങ്ങളില്‍ 5 എണ്ണം പോലും എവിടെയുമില്ല എന്നതാണ് നിലവിലെ അവസ്ഥ. സാമ്പത്തിക പ്രതിസന്ധിയാണ് സപ്ലൈകോ ചൂണ്ടിക്കാണിക്കുന്നത്. 2012 മുതല്‍ വിപണി ഇടപെടലിനായി ചിലവഴിച്ചതില്‍ വലിയ ബാധ്യതയാണ് കമ്പനിക്കുള്ളത്. നെല്ല് സംഭരണം, റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം, അവശ്യ സാധനങ്ങളുടെ വില നിയന്ത്രണം, വിലക്കയറ്റം ഒഴിവാക്കി വിപണിയില്‍ നേരിട്ട് ഇടപെട്ട് സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ്  സപ്ലൈക്കോയുടെ കടമ. 

എന്നാല്‍ 3750 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത്. ഇതില്‍ 2700 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശികയാണ്. 850 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടാനുണ്ട്. 2012 മുതല്‍ ഇത് വരെ വിപണി ഇടപെടലിനായി സബ്സിഡി ഉത്പന്നങ്ങള്‍ ലഭ്യമാക്കി 1525 കോടി രൂപയാണ് സപ്ലൈകോ ചിലവഴിച്ചത്. 

എന്നാല്‍ ഇതില്‍ പല തവണകളിലായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും കിട്ടിയത് 140 കോടി രൂപ മാത്രമാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി, തൊഴില്‍ സാമൂഹ്യനീതി വകുപ്പുകള്‍ വഴി ലഭ്യമാക്കിയ ഭക്ഷ്യ കിറ്റ് ഇനത്തിലും 200 കോടി രൂപ സപ്ലൈകോയ്ക്ക് കിട്ടാനുണ്ട്. ചിലവഴിച്ച വലിയ തുക മുടങ്ങിയതോടെ കരാറുകാര്‍ക്ക് സപ്ലൈകോയും മുടക്കി 600 കോടി രൂപ. ഇതോടെയാണ് ഔട്ട്‌ലെറ്റുകളില്‍ റാക്കുകള്‍ കാലിയാവാന്‍ കാരണം. 

സാമ്പത്തിക ബാധ്യത പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥ വന്നതോടെയാണ് സപ്ലൈകോ സിഎംഡിയുടെ ചുമതലയുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഭക്ഷ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ കുടിശ്ശിക അനുവദിക്കുന്നതിലോ, സബ്സിഡി ഉത്പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിലോ ഭക്ഷ്യവകുപ്പിന് മാത്രം ഒന്നും ചെയ്യാനാകില്ല. ധനവകുപ്പ് ആവട്ടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് പിന്‍വലിയുന്നത്.

latest news supplyco
Advertisment