Advertisment

രണ്ട് ചക്രവാതചുഴി! സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു

author-image
shafeek cm
Sep 18, 2023 17:24 IST
Heavy Rain Kerala

സംസ്ഥാനത്ത് മഴ തുടരും. അടുത്ത അഞ്ച് ദിവസവും മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനില്‍ക്കുന്നതും ന്യൂനമര്‍ദ്ദ സാധ്യതയുമാണ് മഴ തുടരാന്‍ കാരണം. തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. 

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക് സാധ്യതയും ഇന്ന് (2023 സെപ്റ്റംബര്‍ 18) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 

കേരളത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

#Rain
Advertisment