/sathyam/media/media_files/VTrvoxfMAoeF75wssz8M.jpg)
സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും പൊലീസിന്റെ പിടിയില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസില്‍ പള്ളിക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് വിനീത് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചെന്നാണ് കേസ്. വിനീത് ഉള്‍പ്പെട്ട നാലംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തിയായിരുന്നു ആക്രമണം. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. മറ്റു പ്രതികളെ പിടികൂടിയിട്ടില്ല. സ്വര്‍ണാഭരണങ്ങള്‍ തട്ടിയ കേസില്‍ പൊലീസ് പിടിയിലായ വിനീത് അടുത്തിടെയാണ് പുറത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കെയാണ് പുതിയ കേസ്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നാണ് വിനീത് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. സ്വര്‍ണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിച്ചെന്നും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തെ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിലും വിനീത് ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. വിനീതിനൊപ്പം കിളിമാനൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ ജിത്തു(22)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് വിനീതിനെ ജാമ്യത്തിലിറക്കുവാനോ സഹായിക്കുവാനോ ഇടപെടില്ലെന്ന് വിനീതിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ മോഷണം ആരംഭിച്ച വ്യക്തിയാണ് മീശ വിനീതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തം നാടായ വെള്ളല്ലൂരില്‍ വച്ചുതന്നെയാണ് വിനീത് ആദ്യമായി മോഷണ കേസില്‍ അകപ്പെടുന്നത്. മൊബൈല്‍ ടോപ് അപ്പ് കൂപ്പണ്‍ വിതരണം ചെയ്യുന്ന ആളുടെ 40,000 രൂപയാണ് വിനീത് അന്ന് കവര്‍ന്നത്. തുടര്‍ന്ന് പള്ളിക്കല്‍ സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് വ്യാപാരി കേസു നല്‍കി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിനീതിനെ പൊലീസ് പൊക്കുകയും ചെയ്തു. തുടര്‍ന്ന് മോഷ്ടിച്ച തുക തിരിച്ചു നല്‍കി വിനീത് മാപ്പപേക്ഷിക്കുകയായിരുന്നു. പരാതിയില്ലെന്ന് വ്യാപാരി വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിനീത് അന്ന് കേസില്‍ നിന്നും ഊരിവരികയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
തുടര്‍ന്ന് വീണ്ടും വിനീത് കേസില്‍ അകപ്പെട്ടു. കല്ലമ്പലം കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആഡിറ്റോറിയത്തില്‍ നടന്ന വിവാഹ ആഘോഷങ്ങള്‍ക്കിടെയായിരുന്നു അടുത്ത മോഷണം. അന്ന് വിവാഹത്തിന് ഒരു കുടുംബം വന്ന കാറിന്റെ ഡോര്‍ തുറന്ന് കാറിനകത്തു വച്ചിരുന്ന പണമടങ്ങിയ പേഴ്‌സ് എടുക്കുകയായിരുന്നു. പേഴ്‌സുമായി നാട്ടിലെത്തിയ വിനീത് സഹോദരനേയും കൂടുകാരേയും വിളിച്ചു കൊണ്ടുപോയി ചിലവും നടത്തി പണം മുഴുവന്‍ ചിലവാക്കുകയും ചെയ്തു.
പക്ഷേ വിനീത് പേഴ്‌സ് എടുക്കുന്ന ദൃശ്യങ്ങള്‍ ആഡിറ്റോറിയത്തിലെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സംഭവം കേസായതിനു പിന്നാലെ വിനീത് വീണ്ടും പിടിയിലായി. എന്നാല്‍ ഇത്തവണ വിനീത് മാത്രമായിരുന്നില്ല. പണം ചിലവാക്കിയപ്പോള്‍ അതിന്റെ പങ്കുപറ്റിയ വിനീതിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്താകുകയായിരുന്നു. വിനീത് മോഷ്ടിച്ച പണത്തിനാണ് ചിലവ് നടത്തുന്നതെന്ന് സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞിരുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us