മലപ്പുറം: എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ കൂടുതല്‍ ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എം.എല്‍.എ. എഡിജിപി ലോ ആൻഡ് ഓർഡർ ചുമതലയിൽ, ഈ കേസുമായി ബന്ധമുണ്ടെന്ന് താന്‍ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.
എഡിജിപി ലോ ആൻഡ് ഓർഡർ ചുമതലയിൽ, ഈ കേസുമായി ബന്ധമുണ്ടെന്ന് ഞാൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് ഇന്നത്തോടെ വ്യക്തമായിട്ടുണ്ട്.
നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പോലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും, കോടതി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ, അതായത് ഞാൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്.
പോലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക് കരിപ്പൂരിലെ സ്വർണ്ണക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാന്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും, ആ തെളിവ് നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയും, പിന്നീട് ഈ ഫോൺ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെയാണ് ഈ കേസ്സിലെ ദുരൂഹതയും.
അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്. ഈ വിഷയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ല. പുതിയ പ്രത്യേക അന്വേഷണ സംഘം ഈ കേസ്സിന്റെ പുനരന്വേഷണം നടത്തുകയും വേണം.
പി.വി. അൻവർ ഇടപെട്ടു എന്നതിന്റെ പേരിൽ റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത് എന്ന നിർബന്ധം എനിക്കുണ്ട്. നാളെ ഒരു കാലത്ത് പി.വി.അൻവർ ഇക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്ന പരാതി ഉയരാൻ പാടില്ല എന്നതിനാൽ ഈ വിഷയം നിങ്ങൾ പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു എന്ന് മാത്രം.