തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇ.ഡിയുടെ മിന്നൽപിണർ. കൂടുതൽ നേതാക്കൾ അറസ്റ്റിലായേക്കും. മുൻ എം.പിയും അറസ്റ്റ് ഭീതിയിൽ. കരുവന്നൂരിനു പിന്നാലെ മറ്റു ബാങ്കുകളിലേക്കും അന്വേഷണം. ബാങ്ക് തട്ടിപ്പ് തിരഞ്ഞെടുപ്പ് ആയുധമാക്കാൻ ബി.ജെ.പി. ഗുജറാത്തിൽ അമുൽ പിടിച്ചതു പോലെ ബാങ്കുകൾ പിടിക്കാൻ ബി.ജെ.പി ശ്രമമെന്ന് സി.പി.എം.

500കോടിയുടെ തട്ടിപ്പാണ് ഇതുവരെ ഇ.ഡി കണ്ടെത്തിയത്

author-image
Neenu
New Update
ed cpim.jpg

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേരള രാഷ്ട്രീയത്തിൽ ഒരു മിന്നൽപിണർ സൃഷ്ടിച്ചിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്കിനു പിന്നാലെ തൃശൂരിലെ മറ്റ് ബാങ്കുകളിലേക്കു കൂടി ഇ.ഡി അന്വേഷണം നീളുന്നതോടെ സഹകരണ പ്രസ്ഥാനത്തിന്റെ അമരത്തുള്ളവർക്ക് നെഞ്ചിടിപ്പേറി. 500കോടിയുടെ തട്ടിപ്പാണ് ഇതുവരെ ഇ.ഡി കണ്ടെത്തിയത്. സി.പി.എം കൗൺസിലർ പി.ആർ.അരവിന്ദാക്ഷനു പുറമെ കൂടുതൽ നേതാക്കൾ അറസ്റ്റ് ഭീതിയിലാണ്.

Advertisment

മുന്നൂറ് കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇ.ഡി കണ്ടെത്തിയ 2011മുതൽ 2020വരെയുള്ള ഭരണസമിതിയുമായും നേരത്തെ അറസ്റ്റിലായ പി. സതീഷ്‌കുമാർ, പി.പി. കിരൺ എന്നിവരുമായി ബന്ധമുള്ള കൂടുതൽ നേതാക്കൾക്കാണ് കുരുക്ക്. പി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിനും ബിനാമി ഇടപാടുകൾക്കും ഒത്താശനൽകിയെന്ന് സംശയിക്കുന്ന സി.പി.എം നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്. മുൻ മന്ത്രി എ.സി. മൊയ്തീനെ അറസ്റ്റ് ചെയ്യാനായി ഇ.ഡി നിയമോപദേശം തേടിയെന്നാണ് അറിയുന്നത്.

നാലുവട്ടം നോട്ടീസ് നൽകിയെങ്കിലും മൂന്നാമത്തെ നോട്ടീസിന് മാത്രമാണ് മൊയ്തീൻ ഹാജരായത്. വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി 28ലക്ഷംരൂപയുടെ നിക്ഷേപം മരവിപ്പിച്ചിരുന്നു. വരുമാനം, സ്വത്തുക്കൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

കരുവന്നൂർ ബാങ്കിന്റെ പാർട്ടി ചുമതല വഹിച്ചിരുന്ന മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ നേതാവും ഇ.ഡിയുടെ വലയത്തിലാണ്. വായ്പകൾ അനുവദിക്കുന്നതിൽ ഈ നേതാവിനും പങ്കുണ്ടെന്നാണ് മൊഴികൾ. സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ.കണ്ണനെതിരെയും ഇ.ഡിയുടെ നടപടിയുണ്ടാകാം. കണ്ണനെ ഒരുവട്ടം ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെയും ചോദ്യം ചെയ്തിരുന്നു.

മുഖ്യപ്രതി പി.സതീഷ് കുമാർ, ഇയാളുടെ സഹായികളിൽ പ്രധാനി കെ.എ.ജിജോർ തുടങ്ങിയവരുടെ മൊഴികൾ മൊയ്തീന് എതിരാണ്. ജിജോർ ഇ.ഡിക്ക് എഴുതിക്കൊടുത്ത 40 പേജുള്ള വിവരങ്ങളും മൊയ്തീന് വിനയാകും. വായ്പാ തട്ടിപ്പടക്കം മൊയ്തീന്റെ അറിവോടെ നടന്നെന്നാണ് ജിജോറിന്റെ മൊഴി. സംസ്ഥാന സെക്രട്ടേറിയറ്റം പി.കെ. ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവർ ഇ.ഡി അന്വേഷണം നേരിടുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇ.ഡിയെ രംഗത്തിറക്കിയുള്ള നടപടികളെന്നാണ് സി.പി.എം വിലയിരുത്തൽ. സുരേഷ് ഗോപിയെ ഇറക്കി തൃശൂർ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാൻ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയക്കളിയാണോയെന്നും സംശയിക്കുന്നുണ്ട്.സഹകരണമേഖലയെ തകർക്കുന്നതിനുള്ള ബോധപൂർവ്വമായ പ്രവർത്തനം അന്വേഷണ ഏജൻസിയെക്കൊണ്ട് കേന്ദ്രസർക്കാർ നടത്തിക്കുകയാണെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

അമിത്ഷാ സഹകരണമന്ത്രിയായതോടെ കേരളത്തിലേതടക്കം ശക്തമായ സാമ്പത്തികാടിത്തറയായി നിൽക്കുന്ന സഹകരണമേഖലയെ പിടിച്ചെടുത്ത് വരുതിയിലാക്കാനുള്ള കളികളാണ് നടത്തുന്നതെന്ന് സി.പി.എം സംശയിക്കുന്നുണ്ട്.

അമുൽ പിടിച്ചടക്കുന്നതടക്കം ഗുജറാത്തിൽ നേരത്തേ നടപ്പാക്കിയ രീതിയാണിതെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലപര്യടനമുൾപ്പെടെ മുഖംമിനുക്കൽ പരിപാടിയിലേക്ക് സർക്കാർ കടന്നിരിക്കെയാണ് കരുവന്നൂരിലെയും തിരുവനന്തപുരത്തെ കണ്ടലയിലേതുമുൾപ്പെടെ സഹകരണമേഖലയുമായി ബന്ധപ്പെട്ടുയരുന്ന ആക്ഷേപങ്ങൾ ഉയരുന്നത്.

ed
Advertisment