/sathyam/media/media_files/9F7k0sLJkaXrBwe7kXiQ.jpg)
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചേക്കില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ശക്തമായ വിയോജനക്കുറിപ്പും നിയമോപദേശവും പരിഗണിച്ചായിരിക്കും ഗവർണർ ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക. ബില്ലുകൾ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെ അനുനയത്തിന് അദ്ദേഹം വഴങ്ങില്ലെന്നാണ് സൂചന.
മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയുടെ ശുപാർശ മന്ത്രിസഭാ തീരുമാനമല്ലാത്തതിനാൽ അതേപടി അംഗീകരിക്കാൻ ഗവർണർക്ക് ബാദ്ധ്യതയില്ലെന്നാണ് നിയമോപദേശം. ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ തന്നെ ജസ്റ്റിസ് മണികുമാറിനെ സർക്കാർ ഈ സ്ഥാനത്തേക്ക് പരിഗണിച്ചു തുടങ്ങിയതിലും, വിരമിക്കുന്നതിനു തൊട്ടു മുമ്പ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി യാത്രഅയപ്പ് നൽകിയതിലും ഗവർണർക്ക് അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയുടെയും പരാതികളാണ് ഗവർണർക്ക് മുന്നിലുള്ളത്.
വിരമിച്ച ഹൈക്കോടതി ചീഫ്ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവർക്കു മാത്രമാണ് ഇതുവരെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാവാമായിരുന്നത്.
കേന്ദ്രത്തിന്റെ ചട്ടഭേദഗതിപ്രകാരം ഹൈക്കോടതിയിലെ റിട്ട. ജഡ്ജിമാർക്കും കമ്മിഷൻ അദ്ധ്യക്ഷനാവാം. എന്നാൽ റിട്ട. ചീഫ്ജസ്റ്റിസ് തന്നെ അദ്ധ്യക്ഷനായി തുടരട്ടെയെന്ന് സർക്കാർ ശുപാർശ ചെയ്യുകയായായിരുന്നു. ചട്ടഭേദഗതി പ്രകാരം കമ്മിഷൻ അദ്ധ്യക്ഷന്റെ കാലാവധി അഞ്ചിൽ നിന്ന് മൂന്നു വർഷമാക്കി കുറച്ചിട്ടുണ്ട്. എന്നാൽ ഒന്നോ അതിലേറെയോ ടേം കാലാവധി നീട്ടാം. 70വയസാണ് പ്രായപരിധി. ചീഫ്ജസ്റ്റിസ് 62വയസിലാണ് വിരമിക്കുന്നത്. കമ്മിഷനിലെ മലയാളിയല്ലാത്ത ഏക അദ്ധ്യക്ഷൻ ആന്ധ്രയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന ജസ്റ്റിസ് എൻ. ദിനകർ ആയിരുന്നു. ജാർഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്നു അദ്ദേഹം. ജസ്റ്റിസ് എസ്.മണികുമാർ തമിഴ്നാട് സ്വദേശിയാണ്.
നിഷ്പക്ഷവും നീതിയുക്തവുമായി മണികുമാർ പ്രവർത്തിക്കാൻ സാധ്യതയില്ല എന്നാണു പ്രതിപക്ഷനേതാവിന്റെ കുറിപ്പിൽ പറയുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കേണ്ട മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവിയിലെത്തുന്ന മണികുമാറിന് മലയാളം അറിയില്ലെന്നതും പോരായ്മയാണ്.
ഗവർണർ ഉടക്കിട്ടാൽ മണികുമാറിനെകൊണ്ട് വിസമ്മതം എഴുതി വാങ്ങി വീണ്ടും കമ്മിറ്റി ചേർന്ന് പുതിയ ഒരാളെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ശുപാർശ ചെയ്യാനാണ് നീക്കം.
മലയാളിയും ചത്തീസ്ഗഡ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനാണ് പരിഗണനയിൽ. മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നിർണായക കേസുകളിൽ സർക്കാരിനെ വഴിവിട്ട് സഹായിക്കുകയും, ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവുകൾക്ക് വിരുദ്ധമായി നിലപാടുകൾ കൈക്കൊള്ളുകയും ചെയ്തെന്ന് ആരോപണമുണ്ട്. ഇതിനു പാരിതോഷികമായാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പദവിയിൽ അദ്ദേഹത്തെ നിയമിക്കാൻ തീരുമാനിച്ചതെന്നാണ് ആക്ഷേപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us