'വകുപ്പുകള്‍ അഴിമതിയുടെ കുത്തരങ്ങ്, പിഎയുടെ പ്രവര്‍ത്തി മന്ത്രി അറിഞ്ഞില്ലേ'; വി ഡി സതീശന്‍

ഓഗസ്റ്റ് അവസാനവാരം ഈ വിഷയം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ വന്നിരുന്നുവെന്നാണ് മനസിലാക്കുന്നത്.

New Update
vd satheesan veena george

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യൂ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഖില്‍ മാത്യുവിനും പത്തനംതിട്ടയിലെ സിപിഐഎം നേതാവ് അഖില്‍ സജീവിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

മന്ത്രി ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികില്‍ വച്ച് ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും നാണംകെട്ട അഴിമതി കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏതുവിധേനയും അഴിമതി നടത്തി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ടവരും പ്രവര്‍ത്തിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Advertisment

ഓഗസ്റ്റ് അവസാനവാരം ഈ വിഷയം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ വന്നിരുന്നുവെന്നാണ് മനസിലാക്കുന്നത്. സെപ്തംബര്‍ നാലിന് ഇ-മെയിലിലൂടെ മന്ത്രിയുടെ ഓഫീസിന് പരാതി അയച്ചെന്നും പരാതിക്കാരന്‍ പറയുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ 13ന് രജിസ്റ്റേഡ് പോസ്റ്റിലും പരാതി അയച്ചു. എന്നിട്ടും പത്ത് ദിവസം കഴിഞ്ഞാണ് പരാതി പൊലീസിന് കൈമാറിയത്. ഇത് ഗുരുതര വീഴ്ചയാണെന്ന് വി ഡി സതീശന്‍ ചൂണ്ടികാട്ടി.

വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കില്‍ പിഎ ഏത് രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി അറിയേണ്ടതല്ലേയെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരോഗ്യവകുപ്പ് കേന്ദ്രീകരിച്ചുള്ള മറ്റ് നിയമനങ്ങളിലും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു

latest news veena george vd satheesan
Advertisment