പോലീസ് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ്
കൊല്ലം: കരുനാഗപ്പള്ളി ശ്രീബുദ്ധ സ്‌കൂളിൽ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിക്കാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ലത സാരഥിയായി മാറിയത്. പരീക്ഷക്ക് രക്ഷകർത്താക്കൾക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.
വിദ്യാർത്ഥികൾക്കായി ക്രമീകരിച്ചിരുന്ന പാർക്കിംഗ് ഗ്രൗണ്ട് പരീക്ഷാ ഹാളിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരത്തായിരുന്നു. അടുത്തിടെ ഹൃദയത്തിന് ബൈപ്പാസ് ശസ്ത്രക്രീയ കഴിഞ്ഞ പെൺകുട്ടിക്ക് ഇത്രയും ദൂരം നടന്ന് പോകാൻ പ്രയാസമായിരുന്നു.
സ്‌കൂൾ കോമ്പൗണ്ടിനുള്ളിലേക്ക് മറ്റ് വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ മാതാപിതാക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പ്രയാസം മനസ്സിലാക്കിയ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ലത കുട്ടിയെ സ്‌കൂട്ടറിൽ പരീക്ഷാ ഹാളിന് സമീപം എത്തിക്കുകയും, പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ കുട്ടിയെ തിരികെ പാർക്കിംഗ് ഗ്രൗണ്ടിൽ കാത്തുനിന്ന രക്ഷകർത്താക്കളുടെ അടുക്കൽ എത്തിക്കുകയും ചെയ്യ്തു.
പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം സമയോചിതമായ ഇടപെടലുകളാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും അതിലൂടെ ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറക്കാൻ കഴിയുമെന്നും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് അഭിപ്രായപ്പെട്ടു.