ചാത്തന്നൂർ: ചിറക്കര ഗ്രാമപ്പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടന്ന ഞാറ്റ് വേല ചന്തയും കർഷക സഭയും കർഷകർക്ക് വേറിട്ട അനുഭവമായി. വിവിധയിനം പച്ചക്കറിത്തൈകൾ, അബിയൂ, അവക്കാഡോ തുടങ്ങിയ പുതുതലമുറ ഫലവൃക്ഷത്തൈകൾ, സങ്കരയിനം - കുള്ളൻ ഇനങ്ങളിൽപ്പെട്ട തെങ്ങിൻ തൈകൾ, താമരവിത്തുകൾ - കിഴങ്ങുകൾ, തുടങ്ങിയവ വിൽപ്പനയ്ക്കും സൗജന്യമായും വാങ്ങാൻ അവസരമുരുക്കി.
ഇതിന് പുറമേ ജൈവ വളങ്ങൾ, ജൈവകീടനാശിനികൾ , ഫിറമോൺ കെണികൾ, സ്പ്രയറുകൾ എന്നിവയും വിൽപ്പനയ്ക്ക് എത്തിച്ചു. കർഷകർക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയ ക്രമീകരണമായിരുന്നു ഞാറ്റ് വേലചന്ത.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കണ്ണാടി കർഷകക്കൂട്ടായ്മ തയ്യാറാക്കിയ ചീര, പുളിഞ്ചി, ചെമ്പരത്തി, വാഴപ്പിണ്ടി സ്ക്വാഷുകൾ, മാമ്പഴം, ബീറ്റ്റൂട്ട്, പച്ചമാങ്ങ ജാം, ഏത്തപ്പഴം വരട്ടിയത്, ചക്കപ്പഴം ഉണക്കിയത്, ചക്കക്കുരു അവിലോസ്പ്പൊടി, ചക്കപ്പഴ ഉണ്ണിയപ്പം തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ യാതൊരു രാസ പദാർത്ഥങ്ങളും ചേർക്കാതെയാണ് ഞാറ്റ് വേല ചന്ത വഴി വിറ്റഴിച്ചത്.
കർഷക സഭയും ഞാറ്റ് വേലച്ചന്തയും ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മിനിമോൾ ജോഷ് അധ്യക്ഷയായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൻ. ഷിബുകുമാർ പദ്ധതി വിശദീകരണം നടത്തി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സുദർശനൻപിള്ള, ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുബി പരമേശ്വരൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയകുമാർ, വിനിതാ ദിപു , സജില, ദിലീപ് ഹരിദാസൻ , രതീഷ് , സുജയ കുമാർ , കൃഷി ഓഫീസർ ഇൻ ചാർജ് മനോജ് ലൂക്കോസ്,ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.