പരവൂർ:പരവൂർ കോങ്ങാൽ പനമൂട് കുടുംബ മഹാദേവ ക്ഷേത്രയോഗത്തിന്റ് നേതൃത്വത്തിൽ കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹൈന്ദവ ആചാര അനുഷ്ടാനങ്ങളിൽ ഏറ്റവും പുണ്യവും പവിത്രവുമായ കടൽ ജലത്തിൽ തർപ്പണം നടത്തുന്നത് പിതൃമോഷ പ്രാപ്തവുമായതിനാൽ പനമൂട്ടിൽ കടപ്പുറത്തും ക്ഷേത്ര പരിസരത്തുമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
കർക്കിടക വാവ് ദിവസം രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് മുൻ വർഷങ്ങളെ പോലെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഒരേ സമയം അഞ്ഞൂറോളം പേർക്ക് ബലി തർപ്പണത്തിന് സൗകര്യ പ്രദമായ രീതിയിൽ പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും, തിലഹോമം നടത്തുവാനുള്ള പൂജാ സംവിധാനവും ഉണ്ട്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ട് ക്ഷേത്ര പരിസരത്തും, പനമൂട്ടിൽ കടപ്പുറത്തും വിപുലമായ സി.സി.റ്റി.വി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
പരവൂർ മുൻസിപ്പാലിറ്റി, പോലീസ്, ഫയർഫോഴ്‌സ്, എക്സൈസ്, കെ.എസ്.ആർ.റ്റി.സി, കെ.എസ്.ഇ.ബി, ആരോഗ്യം, വിനോദസഞ്ചാരം, തുടങ്ങിയ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുമെന്നും ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ നടന്ന
യോഗത്തിൽ കളക്ടർ അറിയിച്ചിരുന്നതായും ഭാരവാഹികൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ പനമൂട് ക്ഷേത്രം സെക്രട്ടറി എസ്. സാജൻ, ഭരണ സമിതി അംഗങ്ങളായ കെ. സുജയ് കുമാർ, ആർ.ശിവകുമാർ ബിജുവിശ്വരാജൻ, കെ.വിജയൻ, ജി.മുരളീധരൻ, കെ. ഉദയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.