മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായ നടൻ ജയൻ ഓർമ്മയായിട്ട് 42 വർഷം പിന്നിട്ടിട്ടും ആരാധക മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന മലയാളത്തിലെ ആദ്യ ആക്ഷൻഹീറോ... ഇന്ന് ജയന്‍റെ 83 -ാം ജന്മദിനം

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായ നടൻ ജയൻ ഓർമ്മയായിട്ട് 42 വർഷം പിന്നിട്ടിട്ടും ആരാധക മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന മലയാളത്തിലെ ആദ്യ ആക്ഷൻഹീറോ. ഇന്ന് ജയന്‍റെ 83 -ാം ജന്മദിനം.

നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായർ ഇന്നും മലയാള സിനിമയിൽ മരിക്കാത്ത ഓർമയാണ്. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്ന അതുല്യ പ്രതിഭ.

വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല. ജയന്റെ ആദ്യ കാല ചിത്രങ്ങളിൽ പലതും ചെറിയ വേഷങ്ങളായിരുന്നു. വെറുതെ വന്നു പോകുന്ന വേഷങ്ങളിലും ജയൻ തന്റേതായ ഒരു ശൈലി പുലർത്തിയിരുന്നു.

മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ശരീരഭാഷ ജയനുണ്ടായതു തന്നെയാണ് അക്കാലത്തെ മറ്റു ക്ലീഷേ നടന്മാരിൽ നിന്നും ജയനെ വ്യത്യസ്തനാക്കിയതും. ജയന്റ വില്ലൻ കഥാപാത്രങ്ങൾക്കും ഒരു സൗന്ദര്യമുണ്ടായിരുന്നു.

ആനയുടെ കൊമ്പിൽ തൂങ്ങിയും പുലിയെ പിടിച്ച് തോളിലിട്ടും മുതലയുമായി മൽപ്പിടുത്തം നടത്തിയും ക്രെയിനിൽ തുങ്ങിക്കിടന്നും കെട്ടിടങ്ങളിൽ നിന്നും എടുത്തു ചാടിയും ജയൻ മലയാള സിനിമയിൽ മറ്റൊരു തരംഗത്തിന് തുടക്കമിട്ടു.

ജനങ്ങളിൽ ജയൻ ഒരു ആവേശമായി തീരാൻ അത് കാരണമായി. യുവാക്കളും കുട്ടികളും ജയന്റെ ആരാധകരാവാൻ പിന്നെ അധികം കാലം വേണ്ടി വന്നില്ല. ശബ്ദത്തിലും സംഭാഷണ രീതിയിലും മറ്റാരേക്കാളും ഗാഭീരമുള്ള രീതിയും ജനങ്ങളെ ആകർഷിച്ചു.

publive-image

ജയന്റെ സംഭാഷണങ്ങൾ യുവാക്കാൾ കാണാപാഠം പഠിച്ചു. സത്യൻ, നസീർ, സോമൻ, മധു തുടങ്ങിയ താരങ്ങള്‍ അരങ്ങുവാണിരുന്ന സമയത്ത് അസാധ്യ ആക്ഷൻ രംഗങ്ങളിൽ കഴിവു തെളിയിച്ചുകൊണ്ടാണ് ജയൻ എന്ന താരം ഉയര്‍ന്നു വന്നത്.

പുരുഷന്മാരേക്കാള്‍ നിരവധി സ്ത്രീ ആരാധകരെ സ്വന്തമാക്കിയ അദ്ദേഹത്തിന് ഓര്‍മ്മയായി 42 വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പ്രായഭേദമന്യേ ഇപ്പോഴും നിരവധി ആരാധകവൃന്ദമുണ്ട്. ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു.

കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ പലവിധത്തിൽ ട്രെൻഡായി തുടരുന്നു. 1939 ജൂലൈ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന്‍ ജനിച്ചത്.

സത്രം മാധവന്‍ പിള്ള എന്നും കൊട്ടാരം മാധവന്‍ പിള്ള എന്നും അറിയപ്പെടുന്ന മാധവന്‍പിള്ളയാണ് പിതാവ്. ഓലയില്‍ ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വര്‍ഷം നാവിക സേനയില്‍ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്.

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ വെള്ളിത്തിരയിൽ എത്തിയത് . പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ചുതുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു.

ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിനു മുതൽക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി.

ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം.

അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്പോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു.

പഞ്ചമി എന്ന ഹരിഹരന്‍ സിനിമയിൽ ക്രൂരനായ ഫോറസ്റ്റ് ഓഫീസറായി എത്തിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നസീര്‍ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ സ്ഥിരമായെത്തി. ഇതാ ഇവിടെവരെ'യിലെ കടത്തുകാരൻ വേഷം അദ്ദേഹത്തിന്‍റെ വേറിട്ട ഒരു കഥാപാത്രമാണ്. വില്ലനിൽ നിന്ന് നായകനായി അദ്ദേഹം വളര്‍ന്നു.

ശ്രീകുമാരന്‍തമ്പി, ഐ വി ശശി, ബേബി തുടങ്ങിയ പല പ്രമുഖ സംവിധായകരുടേയും സിനിമകളിൽ ശ്രദ്ധേയ വേഷം ജയനെ തേടിയെത്തി. കരിമ്പന, അങ്ങാടി, ബേബി, ലൗ ഇന്‍ സിംഗപ്പൂര്‍, സര്‍പ്പം, ശരപഞ്ജരം തുടങ്ങിയ സിനിമകളിൽ റൊമാന്‍റിക് ഹീറോയായും ആക്ഷൻ ഹീറോയായും അദ്ദേഹം നിറഞ്ഞുനിന്നു.

ഒടുവിൽ കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെ മരണവും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം മരിച്ച ശേഷം അദ്ദേഹം പൂര്‍ത്തിയാക്കിയ 10 സിനിമകൾ പുറത്തിറങ്ങിയിട്ടുമുണ്ട്.

ജയൻ ഇപ്പോഴും ആരാധകര്‍ക്കിടയിൽ ജീവിക്കുന്നത് മിമിക്രി സ്റ്റേജുകള്‍വഴിയാണ്. ജയൻ എന്ന നടന്‍റെ തുലനം ചെയ്യാനാവാത്ത മാനറിസങ്ങളാണ് മിമിക്രിക്കാര്‍ ആവിഷ്കരിച്ചത്. ചിലര്‍ ജയനെ തമാശയാക്കി അവതരിപ്പിച്ച് എതിര്‍ത്തെങ്കിലും പക്ഷേ ജയൻ അതിലൂടെ പുതിയ തലമുറയുടെ മനസ്സിലും ജീവിക്കുകയായിരുന്നു. "നീയാണല്ലേടാ അലവലാതി ഷാജി', "ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍' തുടങ്ങിയ അദ്ദേഹത്തിന്‍റെ ഡയലോഗുകള്‍ ഇപ്പോഴത്തെ തലമുറ പോലും ഏറ്റെടുത്തത് അങ്ങനെയാണ്.

പ്രേംനസീർ ഉൾപ്പെടെയുള്ള മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉരുപയോഗിച്ചപ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. ഒടുവിൽ അതിരുകടന്ന സാഹസികത ജയന്റെ ജീവനെടുക്കുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തിൽ പൊലിഞ്ഞത്.

ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു. മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി. 1983ല്‍ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയറ്ററിലെത്തിയത്.

ജയന് ജന്മനാട്ടിൽ നിത്യ സ്‌മാരകം തീർത്തത് അടുത്തിടെയാണ്. കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിൽ കല്ലുമാല സമരത്തിന്‍റെ സ്‌മാരകമായ കമ്മാൻ കുളത്തിന് സമീപത്തെ ഐടി ഹാൾ നവീകരിച്ചുകൊണ്ട് ജയൻ സ്‌മാരകമാക്കിയത്. ഹാളിനുള്ളിൽ ജയന്റെ ആറടി ഉയരമുള്ള എണ്ണഛായ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. കൊല്ലം തേവള്ളിയിലെ ജയന്റെ കുടുംബവീട്ടിൽ നിന്ന് തൊട്ടടുത്താണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്.

Advertisment