കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. 385.4 കോടിയുടെ നിർമ്മാണ പ്രവൃത്തികളിൽ ആദ്യഘട്ടമായി 290 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചത്. റെയിൽവേ നേരിട്ട് നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന പദ്ധതിക്കായി മൂന്ന് ടെണ്ടറുകളാണ് ലഭിച്ചത്.
നിലവിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍. സ്റ്റേഷൻ ഏരിയ - 67 ഏക്കർ, റീഡെവലപ്പ്മെന്റ് നടക്കുന്നത് - 15.5 ഏക്കർ, നിർമ്മാണ പ്രവൃത്തികൾ - 322917 സ്ക്വയര്‍ ഫീറ്റ്, ആദ്യ ഘട്ടം വികസനം - 290 കോടി, രണ്ടാം ഘട്ടം വികസനം - 95.4 കോടി, മൊത്തം വികസനം തുക - 385.4 കോടി.
സാമ്പത്തികവും സാങ്കേതികവുമായ പരിശോധനകൾ പൂർത്തീകരിച്ച് സമയബന്ധിതമായി ടെണ്ടർ നടപടികൾ പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്റി അശ്വനി വൈഷ്ണവ് ഉറപ്പുനൽകിയതായി എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
മന്ത്രിയുടെ നേതൃത്വത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ ത്രിപതി, റെയിൽവേ ബോർഡ് കോച്ചസ് എക്‌സി. ഡയറക്ടർ ദേവേന്ദ്ര കുമാർ എന്നിവരുമായി ന്യൂഡൽഹി റെയിൽവേ ഭവനിൽ നടത്തിയ ചർച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 67 ഏക്കറിൽ 30,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് നിർമ്മാണ പ്രവൃത്തികൾ.
"കൊല്ലം റെയിൽവേ വികസനത്തിന് അനുഭാവപൂർവമായ സമീപനമാണ് മന്ത്റിയും റെയിൽവേ ബോർഡ് അധികൃതരും സ്വീകരിച്ചത്. 39 മാസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കും", എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
ചർച്ചയിലെ മറ്റ് തീരുമാനങ്ങൾ:
ഹംസഫർ എക്സ്‌പ്രസിന് കൊല്ലത്ത് സ്റ്റോപ്പ് അനുവദിക്കാൻ പരിശോധന നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ധൻബാദ് എക്സ്‌പ്രസ് ആലപ്പുഴയിൽ നിന്ന് കൊല്ലം വരെ ദീർഘിപ്പിക്കുന്നത് പരിഗണനയിൽ. കൊല്ലം-ചെങ്കോട്ട പാതയിൽ വിസ്റ്റോഡാം കോച്ചുകൾ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക പഠനത്തിന് നിർദേശം.
കൊല്ലം-തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണി ദ്വൈവാര എക്സ്‌പ്രസ് തുടങ്ങിയ പുതിയ ട്രെയിനുകൾ പരിഗണിക്കും.
എക്സ്‌പ്രസ് രാമേശ്വരം വരെയും പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടി വരെയും ഗുരുവായൂർ പുനലൂർ എക്സ്‌പ്രസ് മധുര വരെയും ദീർഘിപ്പിക്കും.
ആര്യങ്കാവ്, തെന്മല, പരവൂർ, മയ്യനാട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നത് പരിഗണിക്കും.