/sathyam/media/post_attachments/x4Htf4syE3JJehDgWJPs.jpg)
കൊല്ലം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി, കൂലിയും വേലയുമില്ലാതെ ഇന്ധനവും മരുന്നുമില്ലാതെ നടുക്കടലിലായ ശ്രീലങ്കയിൽ നിന്ന് യുവാക്കൾ കടൽ മാർഗ്ഗം ആസ്ട്രേലിയയിലേക്കും കാനഡയിലേക്കുമൊക്കെ കടക്കാൻ ഇടത്താവളമാക്കുന്നത് കേരളം.
കഴിഞ്ഞദിവസം കൊല്ലം തീരത്ത് നിന്നും ബോട്ടിൽ കാനഡയിലേക്ക് കടക്കാനെത്തിയ 11 ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്തെ ലോഡ്ജിൽ നിന്നും പൊലീസിന്റെ പിടിയിലായിരുന്നു.
കഴിഞ്ഞ ജൂലൈ 20ന് കൊളംബോയിൽ നിന്നും ടൂറിസ്റ്റ് വിസയിൽ തമിഴ്നാട്ടിലെത്തിയതാണ്. ബാക്കി ഒൻപത് പേർ വർഷങ്ങൾക്ക് മുൻപേ അഭയാർത്ഥികളായെത്തി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരാണ്.
ടൂറിസ്റ്റ് വിസയിൽ തിരുവനന്തപുരത്ത് എത്തിയ ശ്രീലങ്കക്കാരെ കൊല്ലത്തു നിന്ന് ബോട്ടിൽ കാനഡയിലെത്തിക്കാൻ ഏജന്റുമാർ വൻതുക ഈടാക്കി പദ്ധതി തയ്യാറാക്കിയിരുന്നു.
തിരുകോണമല കുച്ചവേളി സ്വദേശി പവിത്രൻ (27), ശ്രീലങ്കയിലെ ടിങ്കോമാലി സ്വദേശിസുദർശൻ (27), നേരത്തെ അഭയാർത്ഥികളായെത്തിയ കടയനല്ലൂർ അഗതിയൽ മുഖത്തുകാരായ നവനീതൻ (24), പ്രകാശ് രാജ് (22), വാളവന്താൻ കോട്ടയിൽ അജയ് (24), ജദൂർസൻ (21), പ്രസാദ് (24), ശരവണൻ (24), മതിവണ്ണൻ (35), ക്വീൻസ് രാജ്, പുലൽകാവങ്കരൈ സ്വദേശി ദിനേശ്കുമാർ (36) എന്നിവരാണ് പിടിയിലായത്.
ശ്രീലങ്കൻ അഭയാർത്ഥികൾ കടൽമാർഗ്ഗം വിദേശരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി തമിഴ്നാട് ക്യു ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ശ്രീലങ്കൻ അഭയാർത്ഥി സംഘം കൊല്ലത്തെത്തിയതായി കൊല്ലം സിറ്റി പൊലീസിന് ക്യു ബ്രാഞ്ചിന്റെ അറിയിപ്പ് ലഭിച്ചു. മൂന്ന് പേരുടെ ചിത്രവും പേരും കൈമാറി.
തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീലങ്കക്കാർ കൊല്ലം ബീച്ച് റോഡിലെ ലോഡ്ജിൽ ഉള്ളതായി സ്ഥിരീകരിച്ചു.
കാനഡ സ്വപ്നം കണ്ട് അവരെത്തി
ഫോണിലൂടെ മാത്രം പരിചയമുള്ള ശ്രീലങ്കൻ സ്വദേശി ലക്ഷ്മണയുടെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ കൊല്ലത്ത് എത്തിയതെന്നാണ് പിടിയിലായവർ പറയുന്നത്.
രണ്ട് ലക്ഷം രൂപ നൽകിയാൽ ബോട്ടിൽ കാനഡയിൽ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇവർ നൽകുന്ന തുക ഉപയോഗിച്ച് മത്സ്യബന്ധന ബോട്ട് വിലയ്ക്ക് വാങ്ങി കാനഡയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു വാഗ്ദാനം.
ലക്ഷ്മണയെ ഇവർ നേരിൽ കണ്ടിട്ടില്ല. വാട്സ്ആപ്പ് വഴിയാണ് വിളിക്കുന്നത്. പിടിയിലായവർ രണ്ട് സംഘങ്ങളായി ബസിൽ രണ്ട് ദിവസം മുൻപാണ് അഭയാർത്ഥി ക്യാമ്പിൽ നിന്നും കൊല്ലത്തേക്ക് എത്തിയത്.
ഇവരെല്ലാം തീരെ ദരിദ്രരാണ്. നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് കാനഡയിലേക്ക് കൊണ്ടുപോകാമെന്ന വാഗ്ദാനം സ്വീകരിച്ചത്. നേരത്തെ കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് രഹസ്യമായി പോയ ശ്രീലങ്കൻ അഭയാർത്ഥികളിൽ പലരും ജോലി ചെയ്തു വീടുകളിലേക്ക് പണം അയയ്ക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
കാനഡയിലേക്ക് കടക്കാൻ എത്തിയവർക്ക് ബോട്ട് വാങ്ങിനൽകാമെന്ന് ഏറ്റ ഇവിടുത്തെ ഏജന്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്.
ഒരു വർഷം മുൻപ് കൊല്ലത്ത് നിന്നും കുളത്തൂപ്പുഴ സ്വദേശിനിയായ ഈശ്വരി വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് ആളുകളെ കടത്തുന്നതിനിടയിൽ അമേരിക്കൻ സൈന്യം പിടികൂടിയിരുന്നു.
രേഖമൂലമാണ് അന്ന് ബോട്ടിന്റെ കച്ചവടം നടന്നത്. പിന്നീട് കുളത്തൂപ്പുഴ സ്വദേശിനിയുടെ ബന്ധു ബോട്ട് ഏറ്റെടുത്ത് രൂപമാറ്റം വരുത്തി മനുഷ്യക്കടത്തിന് ഉപയോഗിക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായവർ സഹിതം ഏകദേശം 75 ശ്രീലങ്കക്കാർ കാനഡയിലേക്ക് കടക്കാൻ കൊല്ലത്തും അയൽ ജില്ലകളിലും എത്തിയിട്ടുണ്ടെന്നാണ് നിഗമനം.
ഭീമമായ തുക ഉണ്ടെങ്കിലേ ബോട്ട് വാങ്ങാൻ കഴിയുള്ളു. അതിനാണ് കൂടുതൽ പേരെ സംഘത്തിൽ ചേർക്കുന്നത്. 11 പേർ പിടിയിലായ ലോഡ്ജിൽ മറ്റ് അഞ്ച് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി എത്തിയിരുന്നു.
ഞായറാഴ്ച രാത്രി 9 മണിയോടെ ലോഡ്ജിലെത്തിയ ഇവർ മുറി ഇഷ്ടപ്പെടാഞ്ഞതിനെ തുടർന്ന് മടങ്ങുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കറുത്ത കാറിലാണ് ഇവർ എത്തിയതും മടങ്ങിയതും. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us