വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് ആത്മഹത്യ, അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന്; കേരളബാങ്കിന് മുന്നിൽ പ്രതിഷേധം ശക്തമാകും

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കൊല്ലം ശൂരനാട് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ജീവനൊടുക്കിയത്. വീടിന് മുന്നിൽ നോട്ടീസ് പതിച്ചതിൻ്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Advertisment

സംഭവത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ 10 ലക്ഷം രൂപ കേരള ബാങ്ക് പതാരം ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്നു. കൊവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് നടപടി ആരംഭിച്ചത്.

അജികുമാറിന്റെ ഭാര്യയ്ക്ക് രോഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. കൊവിഡ് കാലത്ത് അജിത്കുമാറിന്‍റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്.

കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു. തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും.

അതേസമയം സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. പത്രത്തിലടക്കം പരസ്യം നൽകിയ ശേഷം മാത്രമേ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുമായിരുന്നുള്ളുവെന്നും ജീവനക്കാർ പറയുന്നു. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Advertisment