/sathyam/media/post_attachments/K9cnJTBeFf3AqQ986vcz.jpg)
കൊല്ലം:മുൻ പുനലൂർ എം.എൽ.എയും കെ.പി.സി.സി അംഗവുമായ പുനലൂർ തൊളിക്കോട് വേമ്പനാട്ട് ഹൗസിൽ പുനലൂർ മധുവിന്റെ (66) വേർപാട് തെക്കൻ കേരളത്തിന് കോൺഗ്രസിന് തീരാനഷ്ടമാകുകയാണ്. സൗമ്യമുഖത്തോടെ എല്ലാവരെയും ചേർത്തു പിടിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അന്ത്യം.
തോളിക്കോട് വേമ്പനാട്ട് വീട്ടിൽ പരേതരായ രാമകൃഷ്ണപിള്ളയുടെയും ഓമനയമ്മയുടെയും മകനാണ് പുനലൂർ മധു. കെ.എസ്.യുവിലൂടെയായിരുന്നു മധുവിന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. 1972-74.ൽ കെ.എസ്.യു കൊല്ലം എസ്എൻ കോളേജ് യൂണിറ്റ് സെക്രട്ടറി, 1974 ൽ കെ.എസ്.യു താലൂക്ക് ജനറൽ സെക്രട്ടറി, നിലമേൽ എൻ.എസ്.എസ് കോളേജ് യൂണിയൻ ചെയർമാൻ 1975-76, 1978 ൽ കെ.എസ്.യു കൊല്ലം ജില്ലാ സെക്രട്ടറി, 1979 ൽ കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ്, 1981-1985 കാലത്ത് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, 1987-1990 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, 1990-1993ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിരുന്നു. അതിനിടെ 1991ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പുനലൂരിൽ മത്സരിച്ചു.
സി.പി.ഐയുടെ മുല്ലക്കര രത്‌നാകരനെ 1312 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്. 1996ൽ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.ഐയുടെ പി.കെ ശ്രീനിവാസനോട് പരാജയപ്പെട്ടു.
2001 മുതൽ 2004വരെ കെപിസിസി സെക്രട്ടറി, ഓയിൽ പാം ഇന്ത്യ ബോർഡ് അംഗം, 2004-2006 കാലയളവിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായത്. 2008-മുതൽ കെപിസിസി നിർവാഹക സമിതി അംഗം. 2021 ഏപ്രിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ചുമതലയും വഹിച്ചു.
ഇന്ന് രാവിലെ 10 മുതൽ പുനലൂർ രാജീവ് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. ഭാര്യ: കമല. മകൻ: മനീഷ് വിഷ്ണു. മരുമകൾ: ദേവി ജയലക്ഷ്മി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us