/sathyam/media/post_attachments/LdqGADz1HuK22WUrHrn7.jpg)
കൊല്ലം: കൊട്ടിയത്ത് യുവതിയെയും അഞ്ചു വയസ്സുകാരനായ മകനെയും ഭർതൃവീട്ടുകാർ പുറത്താക്കിയ സംഭവം കേരളത്തിന് നാണകക്കേട്. സ്ത്രീധന പീഢനത്തെ തുടർന്നുള്ള മരണങ്ങൾ സംഭവിക്കുമ്പോൾ അതിനെതിരെ സർക്കാർ നടപടികളുമായി രംഗത്തിറങ്ങുന്നുണ്ടെങ്കിലും പരസ്യമായി മരുമകളെയും പേരക്കുട്ടിയെയും വീട്ടിൽ നിന്ന് പുറത്താക്കാൻ ധൈര്യം കാട്ടുന്നവർ നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ്.
പ്രതിഷേധങ്ങൾക്ക് പിന്നാലെ പോലീസ് ഇടപെടലിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ കയറ്റിയെങ്കിലും വരും നാളുകളിലുള്ള അവരുടെ സുരക്ഷിതത്വം ആശങ്കാജനകമനാണ്. അതിനാലാണ് ഇരുവരെയും സർക്കാർ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചത്.
സ്ത്രീധനത്തിന് പണം കുറഞ്ഞു, കാറില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞുള്ള വർഷങ്ങളായി തുടരുന്ന വേട്ടയാടലിന്റെ തീവ്രമുമായിരുന്നു വീടിന് പുറത്താക്കൽ. സാധാരണ ഇത്തരം സാഹചര്യങ്ങളുണ്ടായാൽ അമ്മയും കുഞ്ഞും അടുത്ത നിമിഷം ജീവനൊടുക്കുന്ന നാട്ടിൽ അത്ഭുതകരമായി ജീവിത്തിൽ പിടിച്ചു നിന്ന അമ്മയുടെ മനോധൗര്യമാണ് സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്.
കൊല്ലം കൊട്ടിയം തഴുത്തലയിൽ ടി.വി അതുല്യയ്ക്കും മകനും നേരെയാണ് ഭർതൃവീട്ടുകാരുടെ ക്രൂരത. അതുല്യയുടെ ഭർത്താവ് ഗുജറാത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂൾ വിട്ടു വന്ന മകനെ കൂട്ടാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭർതൃമാതാവായ അജിതാകുമാരിയാണ് വീടു പൂട്ടിയത്.
സ്‌കൂൾ യൂണിഫോം പോലും മാറാൻ കഴിയാതെ നിന്ന കുഞ്ഞിന് അയൽക്കാരാണ് ഭക്ഷണം നൽകിയത്. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. രാത്രി വൈകിയിട്ടു പോലും വീടു തുറന്നു നൽകാൻ വീട്ടുകാർ തയ്യാറായിരുന്നില്ല. വൈദ്യുതിയും വിച്ഛേദിച്ചു.
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തിൽ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതുല്യ പറയുന്നു. സമാനമായ പീഡനങ്ങൾ തനിക്കു നേരെയും ഉണ്ടായെന്ന് ആരോപിച്ച് അജിതാകുമാരിയുടെ മൂത്ത മരുമകളായ വിനിയും രംഗത്തെത്തി. ഉപദ്രവം സഹിക്കാതെ വീടു വിട്ടിറങ്ങിയെന്നും ഭർതൃവീട്ടുകാർക്കെതിരെ നൽകിയ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും വിനി പറഞ്ഞു.
ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നിൽ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തുകടന്ന് വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു', കൊല്ലം സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് വിളിച്ചു, ശിശുക്ഷേമ വകുപ്പിലും അറിയിച്ചു- അതുല്യ പറഞ്ഞു.
വനിതാകമ്മീഷൻ മെമ്പർ ഷാഹിദാ കമാലും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളും സംഭവ സ്ഥലത്തെത്തിയിരുന്നു. അതുല്യയേയും കുഞ്ഞിനെയും വീട്ടിൽ നിന്ന് മാറ്റണമെന്ന ആവശ്യം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉന്നയിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. പൊലീസ് ആദ്യം നടപടിയെടുക്കാൻ തയ്യാറായില്ലെന്നും പ്രതിഷേധവുമായെത്തിയ തങ്ങൾക്കു നേരെ പോലീസ് ലാത്തി വീശിയെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
അടുത്തിടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സ്ത്രീധനത്തിന്റെ പേരിലടക്കമുള്ള ഗാർഹിക പീഡനങ്ങളും അതിൽ സഹികെട്ട് ജീവനൊടുക്കേണ്ടിവന്ന പെൺകുട്ടികളുമാണ്. കേരളത്തിന്റെ തീരാശാപമായി സ്ത്രീധനം മാറുകയാണ് ഇപ്പോഴും.
സ്ത്രീധനം നിയമം മൂലം നിരോധിച്ച ഒരു രാജ്യത്ത് എന്തുകൊണ്ടാണ് ഇത്രയധികം സ്ത്രീധന പീഡനങ്ങളുണ്ടാകുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്.
ഓരോതവണവും സ്ത്രീധനത്തിനെതിരായ ഹാഷ്ടാഗുമായി ഇനിയൊരു പെൺകുട്ടിയും ഈ ക്രൂരതയുടെ ഇരയാകരുതെന്നും ഉറക്കെപറഞ്ഞ് സമൂഹം പുരോഗമനമാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതിനപ്പുറം ഒന്നും നടക്കുന്നില്ല. കൊല്ലത്തെ വിസ്മയ മുതൽ ആലുവയിലെ മൊഫിയ പർവീൻ വരെയായിരുന്നു 2021ൽ കേരളത്തെ നടുക്കിയ സ്ത്രീധ പീഡനത്തിന്റെ ഇരകൾ.
2021 ജൂൺ മാസത്തിലായിരുന്നു കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ വലിയ ചർച്ചയായി മാറിയ വിസ്മയയുടെ ആത്മഹത്യ. കൊല്ലത്തിനപ്പുറം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിലായിരുന്നു വിസ്മയയെന്ന 24 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പുറത്തുവന്ന ഓരോ വാർത്തകളും അവൾ നേരിട്ട സ്ത്രീധന പീഡനത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നതായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.
സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്നതായിരുന്നു ഭർത്താവ് കിരണിന്റെ അതിക്രമത്തിന്റെ കാരണമെന്നും അവൾ ലോകത്തെ അറിയിച്ചു. കാറിന്റെ പേരിൽ തന്നെയും അച്ഛനെയും സ്ഥിരമായി തെറി വിളിക്കാറുണ്ടെന്നും ചാറ്റിലൂടെ വിസ്മയ വെളിപ്പെടുത്തി. എല്ലാം ക്ഷമിച്ച് ജീവിക്കുകയാണെന്നും ഇന്ന് മുടിയിൽ പിടിച്ച് വലിച്ച് തറയിലിട്ട ശേഷം മുഖത്ത് ചവിട്ടി, കാൽ വച്ച് അമർത്തി പരിക്കേൽപ്പിച്ചതോടെ ഇനിയും സഹിക്കാനാകില്ലെന്നും അവൾ മരണത്തിന് തൊട്ടുമുമ്പ് കണ്ണീരോടെ പറഞ്ഞു. അതിന് ശേഷമായിരുന്നു അവൾ ജീവനൊടുക്കിയത്.
എന്നാൽ നിയമം പാലിക്കേണ്ടവർ നോക്കിനിന്നതിന്റെ ഇരയായിരുന്നു ആലുവയിൽ ജീവനൊടുക്കിയ 21 കാരി നിയമവിദ്യാർത്ഥിയായ മൊഫിയ പർവീൺ. ഭർതൃ വീട്ടുകാരുടെ പീഡനത്തിനൊപ്പം അവളെ വേദനിപ്പിച്ചതും മരണത്തിലേക്ക് തള്ളിവിട്ടതും നീതി തേടിയെത്തിയ പൊലീസ് സ്റ്റേഷനിലെ ദുരനുഭവങ്ങൾ കൂടിയായിരുന്നു എന്നതാണ് കേരളം പിന്നീട് അനുഭവിച്ചറിഞ്ഞത്.
ജീവിതം അവസാനിപ്പിക്കാനായി കയറെടുക്കും മുന്നേ അവളെടുത്തെഴുതിയ കടലാസിൽ ഭർത്താവിന്റെ പീഡനത്തിനൊപ്പം പൊലീസ് സ്റ്റേഷനിലെ കാട്ടുനീതിയും കണ്ണീരോടെ കുറിച്ചിട്ടുണ്ടായിരുന്നു. ഭർത്താവിനും കുടുംബത്തിനുമൊപ്പം ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങൾ എഴുതിവച്ച ശേഷമാണ് മോഫിയ ജീവനൊടുക്കിയത്.
ഇനിയും എത്ര പെൺകുട്ടികൾ കൊല്ലപ്പെടും. എത്ര പെൺകുട്ടികൾക്ക് കയറെടുക്കേണ്ടവരും. എത്രയോ പെൺകുട്ടികൾ ഇതൊക്കെ സഹിച്ച് ജീവിക്കുന്നുണ്ടാകും. ആരോടും പരാതി പറയാൻ പോലുമാകാത്ത അവസ്ഥയിൽ എത്ര കണ്ണുകളാകും ഈറനണിഞ്ഞ് ജീവിക്കുന്നുണ്ടാകുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us