ജാതിഭ്രാന്തനെന്ന് വിളിച്ചാലും എത്ര ആക്രമിച്ചാലും ജാതി പറയുന്നതിൽ നിന്ന് പിന്മാറാനാവില്ല. ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ട സമുദായത്തിന്റെ തലപ്പത്തിരിക്കുമ്പോൾ ജാതി പറയാതിരിക്കാനാവില്ല. ജാതിയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പുവിന്റെ സ്വകാര്യ ദുഖത്തിൽ നിന്നുണ്ടായ പ്രസ്ഥാനമാണിത്. ജാതിയുടെ പേരിലുള്ള ഒരു വിവാദത്തിനു കൂടി തിരികൊളുത്തി വെള്ളാപ്പള്ളി നടേശൻ

New Update

publive-image

കൊല്ലം: ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ട സമുദായത്തിന്റെ തലപ്പത്തിരിക്കുമ്പോൾ ജാതി പറയാതിരിക്കാനാവില്ലെന്നും അത് പറയുമ്പോൾ തന്നെ ജാതിഭ്രാന്തനെന്ന് വിളിച്ചാലും എത്ര ആക്രമിച്ചാലും തന്റെ നിലപാടിൽ മാറ്റം വരുത്തില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

Advertisment

ജാതി പറയുന്നത് അപമാനമായല്ല, അഭിമാനമായി കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊല്ലം നീരാവിൽ എസ്.എൻ.ഡി.പി യോഗം എച്ച്.എസ്.എസിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോഴായിരുന്നു ജാതിയുടെ പേരിലുള്ള ഒരു വിവാദത്തിന് കൂടി വെള്ളാപ്പള്ളി തിരികൊളുത്തിയത്.


ജാതി സംവരണം ഇവിടെ നിലനിൽക്കുന്നു. ജാതിയുടെ പേരിൽ പലരും മാറ്റിനിർത്തപ്പെടുന്നു. ജാതിയുടെ പേരിൽ അനർഹമായ ആനൂകൂല്യങ്ങൾ പലർക്കും നൽകുന്നു. ഇതെല്ലാം നിലനിൽക്കുന്ന കാലത്ത് ഈഴവർ മാത്രം ജാതി പറയരുതെന്ന് കല്പിക്കപ്പെടുന്നു.


ഈഴവരുടെ ഭൗതികവും വിദ്യാഭ്യാസപരവും വ്യവസായികവും ആത്മീയവുമായ വളർച്ചയ്ക്ക് വേണ്ടിയാണ് എസ്.എൻ.ഡി.പി യോഗം രൂപീകരിച്ചത്. അത് യോഗത്തിന്റെ ലൈസൻസിൽ തന്നെ പറയുന്നുണ്ട്. ആ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കുന്ന താൻ എങ്ങനെ ജാതി പറയാതിരിക്കും. അത് പറയുമ്പോൾ തന്നെ ജാതിഭ്രാന്തനെന്ന് വിളിക്കും. എത്ര ആക്രമിച്ചാലും തന്റെ നിലപാടിൽ മാറ്റം വരുത്തില്ല.


ജാതിയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പുവിന്റെ സ്വകാര്യ ദുഖത്തിൽ നിന്നാണ് എസ്.എൻ.ഡി.പി യോഗം പിറന്നത്.


അതേസമയം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകണം. പതിറ്റാണ്ടുകൾ മുൻപ് കണിച്ചികുളങ്ങര ക്ഷേത്രത്തിൽ ഈ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തനിക്ക് നേരേ ആക്രമണം ഉണ്ടായി. മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടന്നു. പക്ഷെ നിലപാടിൽ മാറ്റമുണ്ടായില്ല. അവിടുത്തെ അനാചാരങ്ങൾ മാറ്റി. ആ ക്ഷേത്രത്തിൽ കാണിക്കയായി എത്തുന്ന സമ്പത്ത് മുഴുവൻ പാവങ്ങൾക്ക് കൊടുക്കുകയാണ് ഇപ്പോൾ.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും തന്റെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലഹരിക്കെതിരെ കൂട്ടായ പ്രവർത്തനം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോടാനുകോടിയുടെ ലഹരി പദാർത്ഥങ്ങളാണ് പുറത്ത് നിന്നും രാജ്യത്തേക്ക് വരുന്നത്. ഇതിൽ വലിയൊരു ഭാഗം കേരളത്തിലേക്കും എത്തുന്നു. ഇത് പുതുതലറമുറയെ തകർക്കുകയാണ്. ഈ ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ഭരണകൂടവും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment