/sathyam/media/post_attachments/64BQu4Dw1SYu0RnVQBCB.jpg)
കൊല്ലം:സ്ത്രീധന ആർത്തിയുടെ ഇരയായി മാറിയ കൊല്ലത്തെ വിസ്മയയെ ഏത് മലയാളിക്കാണ് മറക്കാനാവുക ? സർക്കാർ ഉദ്യോഗസ്ഥനാണെന്ന ഒറ്റ കാരണത്താൽ കൂടുതൽ സ്ത്രീധനം മോഹിച്ചും മികച്ച കാർ മോഹിച്ചും ഭർത്താവ് കിരൺ അവളെ കൊല്ലാക്കൊല ചെയ്തത് കേരളം മറന്നിട്ടില്ല.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ രണ്ടു കൈ കൊണ്ടും കൈക്കൂലി വാങ്ങിയിട്ടും മതിയാവാതെ, പൊന്നുപോലുള്ള വിസ്മയയെ സ്ത്രീധനത്തിന്റെയും കാറിന്റെയും പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഇതേത്തുടർന്ന് 2021 ജൂൺ 21ന് വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു.
സ്ത്രീധനമായി നല്‍കിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും കിരൺ വിസ്മയയെ പീഡിപിച്ചെന്ന് കോടതിയും കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കൊല്ലം സെഷൻസ് കോടതി ശരിവച്ച് കിരണിനെ 25വർഷം കഠിനതടവിനും 12.55ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
വിലകുറഞ്ഞ കാർ സ്ത്രീധനമായി നൽകിയെന്ന പേരിൽ തുടങ്ങിയ പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ആ കാർ വിറ്റ് പുതിയ ഓഡി കാർ വാങ്ങി. വിസ്മയയ്ക്ക് സത്രീധനമായി നൽകിയ ടൊയോട്ട യാരിസ് കാർ വിറ്റ് സെക്കൻണ്ട് ഹാൻഡ് ഓഡി കാറാണ് വാങ്ങിയത്.
വിസ്മയയുടെ സ്ത്രീധന ആത്മഹത്യക്കേസിൽ വിധി കേൾക്കാൻ യാരിസ് കാറിലാണ് ത്രിവിക്രമൻ നായർ എത്തിയത്. ആ കാർ കാണുമ്പോൾ സങ്കടം കൂടുതൽ കനത്ത് തുടങ്ങിയതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്. വോൾസ് വാഗണിന്റെ വെന്റോ കാർ വേണമെന്നായിരുന്നു വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന്റെ ആവശ്യം. ഇതിനെചൊല്ലിയാണ് വിസ്മയയ്ക്ക് നേരെയുള്ള കിരൺകുമാറിന്റെ പീഡനം തുടങ്ങിയത്.
പൊട്ടിപ്പെണ്ണും പീറക്കാറും എനിക്ക് വേണ്ടെന്ന് ഒരിക്കൽ കിരൺകുമാർ വിസ്മയയുടെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. സുഹൃത്തുമായുള്ള സംഭാഷണത്തിൽ ''വിവാഹത്തലേന്ന് സ്ത്രീധനക്കാർ കണ്ട് തന്റെ കിളിപോയെന്ന്'' കിരൺകുമാർ പറയുന്ന ശബ്ദരേഖയും കേസിൽ നിർണായക തെളിവായിരുന്നു.
പീഡനം സഹിക്ക വയ്യാതെ 2021 ജൂൺ പുലർച്ചെയാണ് വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തത്. കോളിളക്കം സൃഷ്ടിച്ച കേസിൽ 25 വർഷം കഠിന് തടവ് ശിക്ഷ ലഭിച്ച കിരൺകുമാർ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. 11.75 ലക്ഷത്തിന് വാങ്ങിയ യാരിസ് കാർ 7.5 ലക്ഷത്തിന് വിറ്റ് 24 ലക്ഷത്തിനാണ് ഓഡി കാർ വാങ്ങിയത്.
വിസ്മയ കേസിൽ വിധി വന്ന ദിവസം ശിക്ഷാ വിധി കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് പുറപ്പെട്ടത് കിരൺ കുമാറിന് സ്ത്രീധനമായി നൽകിയ കാറിലായിരുന്നു.
'വിധി കേൾക്കുന്ന നേരം ഈ വണ്ടി അവിടെ വേണം, മകളുടെ മരണത്തിന് ശേഷം ഇതുവരെ ഈ വണ്ടി എടുത്തിട്ടില്ല. മോനാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്നത്. ഇന്ന് വിധി കേൾക്കാൻ മോളുടെ ആത്മാവ് വണ്ടിക്കുള്ളിലുണ്ടാകും. അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വണ്ടിയായിരുന്നു ഇത്.
വിസ്മയയും ഞാനും മകനും കൂടി പോയാണ് ഈ കാറ് എടുക്കുന്നത്. അതുകൊണ്ട് വിധി കേൾക്കാനായി എന്റെ മോള്‍ ഈ വണ്ടിയ്ക്ക് അകത്തുണ്ട്. അതുകൊണ്ടാണ് ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്- വികാരാധീനനായി വിസ്മയയുടെ അച്ഛൻ പറഞ്ഞു.
വിസമയയുടെ വീട്ടുകാർ വാങ്ങി നൽകിയ കാർ കണ്ടപ്പോൾ തന്റെ കിളി പോയെന്ന് പറയുന്ന കിരൺ താൻ ആവശ്യപ്പെട്ടത് വോക്‌സ് വാഗണിന്റെ വെന്റോ ആണെന്ന് പറയുന്ന ശബ്ദരേഖയാണ് അയാൾക്കെതിരേ നിർണായക തെളിവായി മാറിയത്. തലേദിവസമായത് കൊണ്ടാണ് കല്യാണത്തിൽ നിന്ന് പിൻമാറാത്തതതെന്നും കിരൺ വിസ്മയയോട് പറയുന്നു.
വിസമയയും കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗങ്ങൾ ഇങ്ങനെ:-
''എംജി ഹൈക്ടർ കണ്ടപ്പോൾ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോൾ വിളിച്ചോ, വെന്റോ കണ്ടപ്പോൾ വിളിച്ചോ.. എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്... നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ... പിന്നെ എന്താണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം ഞാൻ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി..
പക്ഷേ അന്ന് കുഴപ്പിമില്ലായിരുന്നല്ലോ....(വിസ്മയ ചോദിക്കുന്നു)
അന്ന് കുഴപ്പമില്ലാഞ്ഞിട്ടില്ല... അല്ലെങ്കിൽ ആ കല്യാണം വേണ്ടെന്ന് വെക്കണം.. എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാ...
ബാത്ത്‌റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്....
ഞാന്‍ വ്യക്തമായി വെന്റോ വേണമെന്ന് പറഞ്ഞതാ... ഞാൻ ഇയാളുടെ അടുത്ത് പറഞ്ഞതല്ലേ... അതെന്തേ അവരുടെ അടുത്ത് പറയാഞ്ഞത്...''
വിസ്മയ ബന്ധുവിന് അയച്ച ശബ്ദ സന്ദേശം ഇങ്ങനെ:- ‘വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറെ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി.’ – കേട്ടു നിൽക്കുന്നവരെ കൂടി കരയിപ്പിക്കുന്നതായിരുന്നു ആ വാക്കുകൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us