സൈനികനെ സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചത് അന്വേഷിക്കാൻ കരസേന കമ്മിഷനെ നിയോഗിച്ചു. ഉന്നത കരസേനാ ഉദ്യോഗസ്ഥർ കിളികൊല്ലൂർ സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സൈനികനെതിരേ കേസെടുത്തിട്ടും സേനയെ അറിയിച്ചില്ല. പോലീസിന് വൻവീഴ്ചയുണ്ടായെന്ന് നിഗമനം. അന്വേഷണം സിബിഐ ഏറ്റെടുക്കാൻ സേന ആവശ്യപ്പെട്ടേക്കും

New Update

publive-image

കൊല്ലം:കരസേനയുടെ സിഗ്നൽ വിഭാഗം ജവാനായ കരിക്കോട് പേരൂർ ഇന്ദീവരത്തിൽ വിഷ്ണുവിനെയും സഹോദരനെയും കിളികൊല്ലൂർ പോലീസ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കരസേന അന്വേഷണം ആരംഭിച്ചു. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിഷ്ണുവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.

Advertisment

വിഷ്ണുവിന് നേരെ ഉണ്ടായ ക്രൂരമായ അതിക്രമത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വൈകാതെ പരാതി നൽകും.


കേന്ദ്ര സേനാംഗങ്ങൾ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്ത സേനാ ഓഫീസിൽ അറിയിക്കണമെന്നാണ് ചട്ടം. പക്ഷെ കിളികൊല്ലൂർ പോലീസ് ഇക്കാര്യത്തിൽ വീഴ്ച വരുത്തി.


സൈനികനെ അകാരണമായി ക്രൂരമായി മർദ്ദിച്ചതിനും വിവരം അറിയാക്കതിരുന്നത് അടക്കമുള്ള കാര്യങ്ങളിലും കരസേനാ ഉദ്യോഗസ്ഥർ സംസ്ഥാന ഡിജിപിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

കഴിഞ്ഞമാസം 25നായിരുന്നു സംഭവം. കിളികൊല്ലൂർ സ്റ്റേഷനിലെ നാട്ടുകാരനായ പൊലീസുകാരൻ വിഷ്ണുവിന്റെ സഹോദരൻ വിഘ്നേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിക്ക് ജാമ്യം എടുക്കാനായി വിളിച്ചുവരുത്തി. എം.ഡി.എ കേസ് ആണെന്ന് അറിഞ്ഞതോടെ ജാമ്യം നൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിഘ്നേഷ് മടങ്ങി.

സ്റ്റേഷന് മുന്നിൽ മടങ്ങാൻ ഒരുങ്ങവെ സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈസമയം സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂർവം പ്രശ്നം സൃഷ്ടിച്ചു. ഇത് സംബന്ധിച്ച് പരാതിപ്പെടാൻ വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ എത്തിയതോടെ ബാക്കി പൊലീസുകാർ ഓരോരുത്തരായെത്തി പല ഭാഗത്ത് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

എന്നാൽ എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന സൈനികനും സഹോദരനും ബോധപൂർവ്വം പ്രശ്നം സൃഷ്ടിച്ച് എ.എസ്.ഐയെ മർദ്ദിച്ചെന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തത്.

കേസ് കെട്ടിച്ചമച്ചതാണെന്നും സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ചെന്നും കണ്ടെത്തിയതോടെ കിളികൊല്ലൂർ എസ്.എച്ച്.ഒ അടക്കമുള്ള നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

25ന് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ കുറച്ച് ഭാഗം മാത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. സൈനികൻ, എസ്.എസ്.ഐ പ്രകാശ് ചന്ദ്രനെ മർദ്ദിച്ചുവെന്ന് ന്യായീകരിക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാൽ ദൃശ്യങ്ങളിൽ പ്രകാശ് ചന്ദ്രനാണ് സൈനികനെ ആദ്യം മർദ്ദിക്കുന്നത്.

കരണത്ത് അടിയേറ്റ വിഷ്ണു ഉടൻ തന്നെ തിരിച്ചടിച്ചു. ഇതോടെ ഇരുവരും തമ്മിലുണ്ടായ ബലപ്രയോഗമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ പിന്നീട് പോലീസുകാർ സംഘം ചേർന്ന് നടത്തിയ ക്രൂരമായ പീഡനത്തിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെങ്കിലും പുറത്ത് വിട്ടിട്ടില്ല.

Advertisment