കൊല്ലം:പുനലൂരിൽ വടിവാളുമായി നിരവധി വീടുകളിൽ കയറി അക്രമം നടത്തുകയും വീട്ടിലുള്ളവരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഘത്തിലെ രണ്ടുപേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. വളളക്കടവ് ചരുവിള പുത്തൻ വീട്ടിൽ മഹേശ്വരൻ (22), പുനലൂർ നേതാജി സ്വദേശി മുഹമ്മദ് അൻസിൽ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുസാ വരി സരികുന്ന് സ്വദേശികളായ അയ്യപ്പനും, കുടുംബാഗങ്ങളായ സ്ത്രീകൾക്കുമാണ് വെട്ടേറ്റത്. 13 ന് രാത്രിയിലായിരുന്നു സംഭവം. പുനലൂർ മുസവാരിക്കൂന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം മുസാവാരിക്കൂന്ന്, തെങ്ങുംതറ, മന്ത്രംമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്ന് വീടുകളിൽ രാത്രിയിൽ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
14 ന് പുലർച്ചെ 2 മണിയോടെ സ്ഥലത്തു വൻ പോലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതികൾ ഒളിവിൽ പോയി. പിന്നീട് കൊല്ലം റൂറൽ പൊലീസ് മേധാവി കെ. ബി. രവിയുടെ നിർദേശാനുസരണം പുനലൂർ സി.ഐ ടി. രാജേഷ് കുമാർ, എസ്. ഐമാരായ ഹരീഷ്, ജീസ് മാത്യു, രാജേഷ്, കൃഷ്ണകുമാർ,ഷിബു കുളത്തുമൺ, എ. എസ്. ഐ .കിഷോർ കുമാർ, എസ്.സി.പി.ഒ ഷിജുകുമാർ, സി.പി.ഒ മാരായ രാകേഷ് ബാബു, പ്രവീൺ, ഗിരീഷ്, മഹേഷ്, അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കൂടാതെ പിടിയിലായ ഇരുവരും പോക്സോ, കഞ്ചാവ് കേസുകളിലെ പ്രതികൾ ആണ്. സംഭവങ്ങളിൽ 5ഓളം പ്രതികളെ പിടികൂടാനുണ്ട്. പുനലൂർ മുസാവാരിക്കൂന്ന് അലുവാ കോളനിയിലെ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസിന്റെ നേതൃത്തിലുള്ള ക്രിമിനൽ സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
25ൽ അധികം കേസുകളിൽ പ്രതിയായ ഷാനവാസ് കാപ്പ നിയമത്തിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ബാക്കി ഉള്ള പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.