Advertisment

ചാത്തന്നൂരിലും പാരിപ്പള്ളിയിലും വീടുകൾ കുത്തിത്തുറന്ന് മോഷണം; അറസ്റ്റിലായ സുരേഷ് നിരവധി മോഷണക്കേസ്സിലും എഡ്വിൻ രാജ് കൊലക്കേസിലും പ്രതി: തെളിവെടുപ്പ് നടത്തി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ: മോഷ്ടിച്ച ബൈക്കിലെത്തി പട്ടാപകൽ വീടുകൾ കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസ്സിലെ പ്രതികളുമായി പോലീസ് ചാത്തന്നൂരിൽ മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി പ്രതികൾ പോലീസിന് ബോധ്യപ്പെടുത്തി കൊടുത്തു.

മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യാൻ ചാത്തന്നൂർ പോലീസിന് കഴിഞ്ഞു. പോലീസ് പിടിയിലായ സുരേഷ് - 17 മോഷണ ക്കേസ്സുകളിലും എഡ്വിൻ രാജ് 2012-ൽ ചെന്നൈയിൽ ഒരാളെ കൊലപ്പെടുത്തിയ  കേസ്സിലും പ്രതികളാണ്.

അറസ്റ്റിലായ മധുര പട്ടു തോപ്പു ചേക്കുടി സ്ട്രീറ്റിൽ സുരേഷ്, തുത്തുക്കുടി മാപ്പിളയൂരണി വെസ്റ്റ് കാമരാജനഗർ സ്വദേശി എഡ്വിൻ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് ചാത്തന്നൂർ എസ്. എച്ച്.ഒ ശിവകുമാർ പറഞ്ഞു.

കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്ന ഇരുവരെയും തമിഴ്നാട് പുളിയറക്ക് സമീപം വെച്ചാണ് പിടികൂടിയത്. മോഷണ മുതലുകളായ സ്വർണാഭരണങ്ങൾ പണം,പേഴ്സുകൾ, മൊബൈൽ ഫോണുകൾ, പിച്ചാത്തി, പൂട്ടു പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു.

പാരിപ്പള്ളി എഴിപ്പുറം  ഗവ.മെഡിക്കൽ കോളേജിന് സമീപം ഇന്ദ്രനീലത്തിൽ സുനിൽകുമാറിന്റെ വീട്ടിലാണ് ആദ്യം കവർച്ച നടന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു ഇവിടെ കവർച്ച നടത്തിയത്. കലക്കോട് സ്കൂളിൽ പഠിക്കുന്ന മകളെ സ്കൂളിൽ കൊണ്ടാക്കി തിരികെ വരുമ്പോഴാണ് മോഷണം വീട്ടമ്മ അറിയുന്നത്.

വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് ബെഡ്റൂമിൽ അലമാരിക്കുള്ളിൽ സൂക്ഷിച്ചിരുന്ന മാല,വള,മോതിരം കമ്മൽ ഉൾപ്പെടെൽ എട്ടു പവന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഉടൻ പാരിപ്പള്ളി പൊലീസിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെയാണ് ചാത്തന്നൂരിൽ വീട് കുത്തി തുറന്ന് സമാനമായ മോഷണം നടത്തിയത്.

ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപം ചാത്തന്നൂർ ഏറം കനകമന്ദിരത്തിൽ ശ്യാം രാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. 11 മണിയോടെയാണ് സംഭവം. ശ്യാം ഭാര്യയെ ചാത്തന്നൂർ പഞ്ചായത്തിൽ കൊണ്ടുവിട്ട് തിരികെ വരുമ്പോഴാണ് മോഷണം വിവരം അറിയുന്നത്. കോടാലി ഉപയോഗിച്ച് തല്ലി തകർത്തു പൂട്ട് പൊളിച്ച് അകത്ത് കയറി. ബെഡ്റൂമിലെ അലമാരി കുത്തിത്തുറന്ന് രഹസ്യ അറയിലുണ്ടായിരുന്ന 375,000 രൂപയും കുട്ടികളുടെ കമ്മൽ, മോതിരങ്ങൾ, മാല അടങ്ങിയ മൂന്നു പവൻ സ്വർണാഭരണങ്ങളും കവർന്നത്.

ചാത്തന്നൂർ സി ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. രണ്ടു സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി പരിശോധനയിൽ രണ്ടിടത്തും കവർച്ച നടത്തിയത് ഇതേ രണ്ടാം സംഘമാണെന്ന് കണ്ടെത്തി.

ഉടൻ തന്നെ  മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും വിവരം എത്തിച്ചു. തുടർന്ന് ഇവർ തമിഴ്നാട്ടിലേക്ക് കടക്കുന്നു എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയ്ക്ക് സമീപം വെച്ച് പിടികൂടുകയായിരുന്നു.

മോഷ്ടാക്കളുടെ ലക്ഷ്യം കേസ് നടത്താൻ പണം. 2012-ൽ ചെന്നെയിൽ ഒരു കാർ യാത്രക്കാരനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊന്ന കേസ്സിലെ പ്രതിയാണ് എഡ്വിൻ രാജ്. പിടിച്ചു പറി, മോഷണം തുടങ്ങിയ മറ്റ് നിരവധി കേസ്സുകളുമുണ്ട്. പണത്തിന് ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോഴാണ് കേരളത്തിലെത്തിയത്.

ബസിൽ തിരുവനന്തപുരത്ത് എത്തിയ ഇവർ ബേക്കറി ജംഗ്ഷനിലെ ഒരു വീടിന്റെ മതിൽ ചാടി കടന്നാണ് പൾസർ ബൈക്ക് മോഷ്ടിച്ചത്. അതിൽ പാരിപ്പള്ളിയിലെത്തി ആദ്യ മോഷണം നടത്തി. അവിടെ നിന്നും ചാത്തന്നൂരിലെത്തി രണ്ടാമത്തെ മോഷണവും ഒരു മണിക്കൂറിനകം നടത്തി.

ആ വീട്ടിലുണ്ടായിരുന്ന ബൈക്ക് എടുക്കാനായിരുന്നു ശ്രമമെങ്കിലും അതിന് സാധിച്ചില്ല. വന്ന ബൈക്കിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ ശ്രമിച്ചു. പിന്നീട് വണ്ടി തിരിച്ചു വിട്ടു. നെടുങ്ങോലത്തെത്തി. അവിടെ രണ്ടു വീടുകളിൽ മോഷണം നടത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.

ബൈക്ക് അവിടെ ഉപേക്ഷിച്ചിട്ട് ആട്ടോയിൽ കൊല്ലം റയിൽവേ സ്റ്റേഷനിലും അവിടെ നിന്നും ബസ് സ്റ്റാന്റിലുമെത്തി. തെങ്കാശി ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇവിടെ സിസി ടി വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ചിത്രങ്ങൾ തമിഴ് നാട് പോലീസിന് അയച്ചു കൊടുത്തു. മോഷ്ടാക്കളെ തിരിച്ചറിഞ്ഞു.

സുരേഷിന്റെ ഭാര്യയുടെ മൊബൈൽ നമ്പരും തമിഴ്നാട് പോലിസിൽ നിന്നും ലഭിച്ചു. ഈ ഫോണിന്റെ ലോക്കേഷൻ പിന്തുടർന്ന് ചാത്തന്നൂർ പോലീസും തെന്മല പോലീസും സജീവ പരിശോധന നടത്തി. പുളിയറ കഴിഞ്ഞ ബസിൽ നിന്നാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

സുരേഷ് തമിഴ് നാട്ടിൽ മാത്രം ഒമ്പത് മോഷണക്കേസുകളിലെ പ്രതിയാണ്. 2019-ൽ തൃശൂരിൽ നടത്തിയ മോഷണം ഉൾപ്പെടെ 17 കേസുകളിലെ പ്രതിയാണ്. സുരേഷ് മധുരയിൽ ഇരു നില വീട്ടിൽ രാജകീയമായാണ് താമസിക്കുന്നത്. ഭാര്യ അഭിഭാഷകയാണെന്നും ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാർ പറഞ്ഞു.

Advertisment