/sathyam/media/post_attachments/uBsnItgKcZ5GAQYspide.jpg)
കൊല്ലം: ശ്വാസകോശത്തില്‍ കുത്തേറ്റ നിലയിലെത്തിയ ഡോ. വന്ദനയ്ക്ക് വേണ്ടത്ര ചികിത്സ കിട്ടാതെപോയെന്ന് സഹപ്രവര്‍ത്തകരുടെ ആരോപണം. തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് വന്ദന പറഞ്ഞിരുന്നു. പിന്നീടാണ് ശ്വാസകോശത്തില്‍ കുത്തേറ്റെന്ന കാര്യം മനസിലായത്. അത്തരം സാഹചര്യത്തില്‍ നല്‍കേണ്ട അടിയന്തിര ചികിത്സ വന്ദനയ്ക്ക് നല്‍കിയിട്ടില്ല.
അതേസമയം പോലീസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളാണ് സുഹൃത്തുക്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുമ്പോള്‍ സ്വയരക്ഷയ്ക്ക് പോലീസും ഓടിയെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാതിലടച്ച് രക്ഷപെടാന്‍ ഈ സമയം പോലീസ് ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് ആരോപിച്ചിട്ടുണ്ട്.
സന്ദീപിന്‍റെ ആക്രമണം മനപൂര്‍വ്വമായിരുന്നു. സന്ദീപില്‍ നിന്നും രക്ഷിക്കുമ്പോള്‍ വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു. സന്ദീപിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശാന്തനായിരുന്നു. 15 മിനിറ്റു നേരം കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പെട്ടെന്നാണ് പ്രകോപിതനായത്. പോലീസുകാര്‍ക്കു നേരെയും ആക്രമണമുണ്ടായതോടെ അവരുടെ പ്രതിരോധവും ദുര്‍ബലമായി. പോലീസിന് കൈയില്‍ ആയുധങ്ങളും ഉണ്ടായിരുന്നില്ല.
വന്ദനയെ ആക്രമിക്കുന്ന സമയത്ത് സ്വയരക്ഷയ്ക്ക് മറ്റു പോലീസുകാര്‍ക്കും ഓടേണ്ടി വന്നുവെന്നും ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ യുവ വനിതാ ഡോക്ടര്‍ വന്ദനയുടെ മരണത്തില്‍ പോലീസ് പ്രതിക്കൂട്ടിലാകുകയാണ്. അടുത്തുണ്ടായിരുന്നിട്ടുകൂടി കൊലപാതകിയില്‍ നിന്നും വന്ദനയെ രക്ഷിക്കുന്നതിന് പോലീസിന് കഴിയാതിരുന്നത് ഗുരുതര വീഴ്ച തന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us