/sathyam/media/post_attachments/84dqIE3C8k8YZt3JucJK.jpg)
പാലാ: "കാനാട്ടുപാറയിലെ കിഴക്കേക്കര വീടിൻ്റെ കാലിത്തൊഴുത്തിൽ ഒന്നല്ല, ഒരു പാട്, സ്നേഹരൂപം നിറഞ്ഞ യേശുദേവന്മാരെ ഞാൻ കണ്ടു, കാരുണ്യമൂർത്തിയായ ഭഗവാൻ കൃഷ്ണനേയും പടച്ച തമ്പുരാനായ അല്ലാഹുവിനെയും കണ്ടു. എന്നെ വട്ടനെന്നു വിളിച്ച് കളിയാക്കിയവരുണ്ട്. തലയിൽ പിശാച് കയറിയവനെന്ന് പരിഹസിച്ചവരുണ്ട്. അവരോടൊന്നും എനിക്ക് ഒരു ദേഷ്യവും പരിഭവവുമില്ല. കാലിത്തൊഴുത്തിൽ നിന്നും ഇന്നത്തെ നിലയിൽ മരിയ സദനെ വളർത്തിയത് ഇവരൊക്കെയാണ്, ഇവരെൻ്റെ കാണപ്പെട്ട ദൈവങ്ങളാണ്... മരിയാ സദനിലെ ഓരോ മക്കളേയും പോലെ..."
പാലാ മരിയ സദൻ്റെ സൃഷ്ടികർത്താവ് സന്തോഷ് ജോസഫ് ആത്മകഥ എഴുതുകയാണ്. "കാനാട്ടുപാറയിലെ കാലിത്തൊഴുത്ത് " എന്ന് പേരിട്ട പുസ്തകം മാതാവിൻ്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 8-ന് പ്രകാശനം ചെയ്യും.
മരിയ സദന് എന്നും താങ്ങും തണലുമായിരുന്ന സിനിമാ താരം ജഗതി ശ്രീകുമാറിനെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കണമെന്നതാണ് മരിയ സദൻ സന്തോഷിൻ്റെ ആഗ്രഹം.
അനാഥരുടെയും ആലംബഹീനരുടെയും ആശ്രയ കേന്ദ്രമായ പാലാ മരിയ സദൻ 24-ാം പിറന്നാളിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് സാരഥിയായ സന്തോഷ് ജോസഫ് ആത്മകഥാരചനയിലേക്ക് തിരിഞ്ഞത്.
ദുഃഖത്തിൻ്റെ കണ്ണീർച്ചാലുകൾ കടന്ന് സന്തോഷാശ്രുക്കൾ തിരമാല തീർക്കുന്ന തീരത്താണിന്ന് പാലാ മരിയ സദൻ; ഓരോരോ പേരുകളിൽ, ഓരോരോ രൂപങ്ങളിൽ ദിവസവും ദൈവം ഇവിടെ പ്രത്യക്ഷപ്പെടുന്നു. ഒരു 10 മിനിട്ട് സന്തോഷിനോടു സംസാരിച്ചിരുന്നാൽ ആരുടേയും ഹൃദയമിടിപ്പ് കൂടും... കണ്ണീരുറവകൾ പൊട്ടും. ഒടുവിൽ മനസ്സു തണുത്ത് ശാന്തമായി നമ്മൾ അവാച്യമായൊരു കാരുണ്യത്തിൻ്റെ സുഖാനുഭൂതിയിലാകും. ആരെയും സഹായിക്കാനുള്ള മനസ്സുള്ളവരായി മാറും...
"ഇവിടെ ദിവസവും വരുന്ന ഓരോരുത്തരും ഞങ്ങൾക്ക് ദൈവമാണ്.അന്തേവാസികളായും ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ സൗജന്യമായി എത്തിക്കുന്നവരായുമൊക്കെ എന്നും ഈശ്വരന്മാരെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചവരാണ് ഞങ്ങൾ "- സന്തോഷും ഭാര്യ മിനിയും ഇവരുടെ അഞ്ചു പെൺമക്കളും പറയുന്നു.
കാനാട്ടുപാറ ഞൊണ്ടി മാക്കൽ തൈച്ചുപറമ്പിൽ ജോസ്- റോസമ്മ ദമ്പതികളുടെ 12 മക്കളിൽ ഏഴാമനായി ജനിച്ച സന്തോഷ്, തൻ്റെ വിദ്യാഭ്യാസ രംഗത്തെ പരാജയവും, ഒട്ടുപാൽ കച്ചവടം പൊട്ടിയതുമൊക്കെ ആത്മകഥയുടെ ആദ്യ ഭാഗങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
1998-ൽ പാലാ ടൗണിൽ യാചകനായിരുന്ന തമിഴ് നാട്ടുകാരൻ കുഷ്ഠരോഗി രാമസ്വാമിയാണ് അന്ന് കിഴക്കേക്കര വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സന്തോഷിൻ്റെ അടുത്തേക്ക് ആദ്യം വരുന്നത്. രാമസ്വാമിയുടെ കുഷ്ഠം പകർന്ന കാലുകളിൽ താൻ കുനിഞ്ഞിരുന്ന് ചുംബിക്കുമ്പോൾ, തൻ്റെ നെറുകയിൽ രാമസ്വാമിയുടെ കണ്ണുനീർ കലശമാടുകയായിരുന്നൂവെന്ന് സന്തോഷെഴുതുന്നു.
"ആണ്ടവാ" എന്ന് വിളിച്ച് തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ രാമസ്വാമി... അങ്ങ് എൻ്റെ യേശു ദേവനെന്ന് വിങ്ങിപ്പെട്ടിയ തോമസ് ചേട്ടൻ... അച്ഛാ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച ഗംഗാദേവി... ഇവരുൾപ്പെടെ മനസ്സിൻ്റെയും ജീവിതത്തിൻ്റേയും താളം തെറ്റിയ മുഴുവൻ മക്കൾക്കുമായാണ് സന്തോഷ് കാനാട്ടുപാറയിലെ കാലിത്തൊഴുത്ത് സമർപ്പിക്കുന്നത്.
കഴിഞ്ഞ 23 വർഷത്തെ മരിയസദൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവുമായി തണലായി നിന്ന ഭാര്യ മിനിയ്ക്കായി "എൻ്റെ മിനി'' എന്ന പേരിൽ ഒരദ്ധ്യായം മുഴുവൻ ആത്കഥയിൽ സന്തോഷ് മാറ്റി വെച്ചിട്ടുണ്ട്.
കാനാട്ടുപാറയിലെ കാലിത്തൊഴുത്തിൽ നിന്നും മരിയസദൻ ഇന്ന് ഒന്നരയേക്കറിൻ്റെ വിശാലതയിലേക്ക് വളർന്നു. ആദ്യത്തെ മൂന്ന് അന്തേവാസികളുടെ സ്ഥാനത്തിപ്പോൾ 397 പേർ. ഇതിൽ 100 സ്ത്രീകളും 21 കുട്ടികളും.
ഉദാരമതികളുടെ കാരുണ്യത്താലാണിന്നും മരിയ സദൻ മുന്നോട്ടു പോകുന്നത്. സ്വന്തമായി കലാസമിതിയും ഭക്ഷണപൊടി നിർമ്മാണ യൂണിറ്റുമൊക്കെയുണ്ട്. "ഒരു നേരത്തെ ആഹാരത്തിന് വലയുമ്പോൾ ഈശ്വരൻ അത് എവിടെ നിന്നെങ്കിലും കൃത്യസമയത്ത് എത്തിച്ചു തരും. വസ്ത്രത്തിൻ്റെയും മരുന്നിൻ്റെയുമൊക്കെ കാര്യങ്ങൾ അങ്ങനെ തന്നെ "- മുന്നിലിരിക്കുന്ന യേശുദേവൻ്റെ ചിത്രത്തിലേക്ക് നോക്കി നിറകണ്ണുകളോടെ സന്തോഷ് പറഞ്ഞു.
സന്തോഷും ഭാര്യ മിനിയും മക്കളായ സാന്ദ്ര അലീന എയ്സൻ, അലോന, സന, ഇരുപതോളം സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നാണ് ഓരോ ദിവസവും മരിയ സദനെ മുന്നോട്ടു നയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us