വ്യാജ വികാരിക്ക് വേണ്ടിയിരുന്നത് പെൺകുട്ടികളുടെ നമ്പർ !

New Update

publive-image

" 22 വയസ്സിൽ താഴെയുള്ള രണ്ട് പെൺകുട്ടികളുടെ നമ്പർ ഉടൻ വേണം. "സത്യസന്ധത " എന്ന വിഷയത്തിൽ നാളെ തീസിസ് സമർപ്പിക്കണം. അതിനായി ആ പെൺകുട്ടികളുമായി ഫോണിൽ ഇൻ്റർവ്യൂ നടത്താനാണ്... "

Advertisment

കടപ്ലാമറ്റം പഞ്ചായത്തിലെ മുൻ പ്രസിഡൻ്റ് ലിസി തോമസിനെ ഇറ്റലിയിൽ നിന്നെന്ന് പറഞ്ഞ് ഫോൺ ചെയ്ത "വൈദികൻ്റെ " ആവശ്യമായിരുന്നൂ ഇത്.

പാളയം പള്ളിയിലെ "മുൻ വികാരിയച്ചൻ " എന്ന് പരിചയപ്പെടുത്തിയാണ് ലിസിയെ "വൈദികൻ " വിളിച്ചത്.

തനിക്ക് പരിചയമുള്ള മുൻ വികാരിയുടെ ശബ്ദത്തിൽ ആദ്യം സംശയം തോന്നുകയും എന്തിനാണ് പെൺകുട്ടികളുടെ സത്യസന്ധതയെക്കുറിച്ച് മാത്രം അഭിമുഖം നടത്തുന്നതെന്ന ചിന്ത വരികയും ചെയ്തതോടെ ലിസി മറ്റൊരു തന്ത്രം പ്രയോഗിച്ചു; "അച്ചോ, അച്ചൻ്റെ വാട്സപ്പും ഫെയ്സ് ബുക്കും മെസഞ്ചറുമൊക്കെ എനിക്കറിയാമല്ലൊ, അതിൽ പെൺകുട്ടികളുടെ നമ്പറിടാം ..."

ലിസി പറഞ്ഞു നിർത്തിയതും "മുൻ വികാരി" വെപ്രാളപ്പെട്ടു. വാട്സപ്പും, മെസഞ്ചറുമൊന്നും ഉപയോഗിക്കാൻ ഇവിടെ (റോമിൽ) അനുവാദമില്ല. നമ്പർ ഇപ്പോൾ തന്നെ ഓർത്തു പറഞ്ഞാൽ മതി, താൻ ഫോൺ ഹോൾഡ് ചെയ്യാമെന്നായി "വൈദികൻ".

ഇതോടെ ലിസി വീണ്ടും തന്ത്രം മാറ്റി. ഫോൺ ഹോൾഡ് ചെയ്ത് നമ്പർ എടുക്കാൻ തനിക്കറിയില്ലെന്നും അച്ചൻ്റെ വാട്സപ്പിലേക്ക് നമ്പർ അയക്കാമെന്നും മറുപടി പറഞ്ഞു. ഇതോടെ ക്രൂദ്ധനായ "വികാരി", ലിസി സഹകരിക്കുന്നില്ലെങ്കിൽ വേണ്ട, ഞാൻ വേറെ ആളെ നോക്കിക്കോളാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

തുടർന്ന് ഈ നമ്പരിലേക്ക് ലിസി പലവട്ടം തിരിച്ചു വിളിച്ചെങ്കിലും ഈ നമ്പർ ലഭ്യമല്ലെന്നായിരുന്നൂ മറുപടി. ഇക്കാര്യം ഇപ്പോഴത്തെ വികാരിയച്ചനെയും, പാലാ ബിഷപ്പ്സ് ഹൗസിനെയും അറിയിച്ചപ്പോഴാണ് ഇത് തട്ടിപ്പ് കോളാണെന്ന് വ്യക്തമായതെന്ന് ലിസി തോമസ് പറഞ്ഞു. തുടർന്ന് കിടങ്ങൂർ പോലീസിലും വിവരമറിയിച്ചു.

തുടർന്ന് സമാന സംഭവങ്ങൾ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒരു വനിതാ ജന പ്രതിനിധിക്കും മറ്റു ചിലർക്കും ഉണ്ടായതോടെ ക്രൈസ്തവ സഭാ വൈദികരെ അവഹേളിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയമുയർന്നു.

ഇതിനിടെ ഒരു ജന പ്രതിനിധിയിൽ നിന്നും രണ്ട് പെൺകുട്ടികളുടെ ഫോൺ നമ്പർ കിട്ടിയ വ്യാജ വൈദികൻ അവരോട് ''സത്യസന്ധത "യെപ്പറ്റി സംസാരംതുടങ്ങി, ശരീര വർണ്ണനകളിലേക്ക് കടന്നതോടെ "കാര്യം" പിടി കിട്ടിയ പെൺകുട്ടികൾ ഫോൺ കട്ടാക്കുകയായിരുന്നു.

പ്രസിദ്ധമായ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നും വിളിക്കുന്നതായും ചിലർക്ക് കോളുകൾ ലഭിച്ചു. മിക്കതും ഇൻ്റർനെറ്റ് കോളുകളായിരുന്നൂ എന്നാണ് സൂചന.

വൈദികരെയും ധ്യാനകേന്ദ്രങ്ങളെയും മനപ്പൂർവ്വം മോശമാക്കുന്നതിനൊപ്പം വിശ്വാസികളായ പെൺകുട്ടികളോട് അപമര്യാദയായുള്ള സംസാരവുമുണ്ടായതിനെ തുടർന്നാണ് ''വ്യാജസന്ദേശം കരുതിയിരിക്കുക " എന്ന തലക്കെട്ടോടെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശനിയാഴ്ച ഇടയലേഖനം പുറപ്പെടുവിച്ചത്. ഇന്നലെ ഇത് എല്ലാ ഇടവകകളിലും വായിച്ചു.

" പെൺകുട്ടികളെ കെണിയിൽപ്പെടുത്താൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള സാഹചര്യത്തിൽ വിവിധ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം ചതിക്കുഴികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പെൺകുട്ടികൾ കെണിയിൽപ്പെടാതിരിക്കാൻ ഓരോ കുടുംബവും ജാഗ്രത പുലർത്താനാണ് അടിയന്തിരമായി ഈ സർക്കുലർ ഇറക്കിയത്‌ "- പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

Advertisment