/sathyam/media/post_attachments/ejeNGyDLit0zj4ptwf0S.jpg)
പാലാ:സ്റ്റെതസ്കോപ്പും കോട്ടും ഊരി ഡോ. ജെയ്‌സി എം. കട്ടപ്പുറവും ഡോ. ജോര്‍ജ്ജ് മാത്യുവും തൂമ്പായും വാക്കത്തിയുമെടുത്തു, സിറിഞ്ചും മെഡിസിന്‍ ബോക്‌സും മാറ്റിവച്ച് നഴ്‌സിംഗ് ഇന്‍-ചാര്‍ജ്ജ് സിന്ധു പി. നാരായണനും കൂട്ടുകാരും കൊട്ടയും വട്ടിയുമെടുത്തു; ഉള്ളനാട് ഗവ. ആശുപത്രിയുടെ കാടുപിടിച്ച പരിസരം മൂന്ന് മണിക്കൂര്‍കൊണ്ട് ക്ലീന്‍ !
ഇന്നലെയാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെയ്‌സിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ 32 ജീവനക്കാരും ഒത്തുചേര്‍ന്ന് ആശുപത്രി വളപ്പിലെ കാടും പടലും വെട്ടിനീക്കിയത്. രാവിലെ എത്തിയ മുഴുവന്‍ രോഗികളെയും പരിശോധിച്ചശേഷം ഡോക്ടര്‍മാരും നഴ്‌സുമാരും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും മറ്റു ജീവനക്കാരുമൊക്കെ ആശുപത്രി വളപ്പിലേക്ക് ഇറങ്ങുകയായിരുന്നു.
''നാളുകളായി ആശുപത്രിയുടെ പരിസരം കാടുംപടലും കയറി കിടക്കുകയായിരുന്നു. ഇഴജന്തുക്കളുടെ ശല്യം പോലുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗാന്ധിജയന്തി ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ഞങ്ങള്‍ ആശുപത്രി പരിസരം ശുചീകരിക്കാനിറങ്ങിയത്'' മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെയ്‌സി എം. കട്ടപ്പുറം പറഞ്ഞു. ഒക്‌ടോബര്‍ 2 അവധിദിനമായിരുന്നതിനാല്‍ എല്ലാ ജീവനക്കാരും അന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് എല്ലാവരും ഹാജരായ ചൊവ്വാഴ്ച തന്നെ ശുചീകരണ പരിപാടികള്‍ തീരുമാനിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കാടും പടലും തെളിച്ച ആശുപത്രി പരിസരത്ത് ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്താനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായി ഇന്നലെ ശുചീകരിച്ച സ്ഥലത്ത് ഡോ. ജെയ്‌സിയും ഡോ. ജോര്‍ജ്ജ് മാത്യുവും ചേര്‍ന്ന് കറ്റാര്‍വാഴയും തുളസിയും നട്ടു. മറ്റ് ഔഷധസസ്യങ്ങളും ഒരു മാസത്തിനുള്ളില്‍ ഈ വളപ്പു നിറയെ വച്ചുപിടിപ്പിക്കാനാണ് തീരുമാനം. ഊഴമനുസരിച്ച് നനയ്ക്കാനും പരിപാലിക്കാനുമായി ഓരോ ജീവനക്കാരും മുന്നോട്ട് വന്നിട്ടുമുണ്ട്.
ഇന്നലത്തെ ശുചീകരണ പരിപാടികള്‍ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ സോജന്‍ വര്‍ഗീസ്, സോളി സെബാസ്റ്റ്യന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിമല്‍കുമാര്‍, നഴ്‌സിംഗ് ഇന്‍ചാര്‍ജ്ജ് സിന്ധു പി. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശാപ്രവര്‍ത്തകരും ശുചീകരണ പരിപാടികളിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us